Back to Languages

Malayalam - Chapter 56 - Al-Waqiah

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 1 — Surah Al-Waqiah 56:1

ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍

Verse 2 — Surah Al-Waqiah 56:2

അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല

Verse 3 — Surah Al-Waqiah 56:3

(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും

Verse 4 — Surah Al-Waqiah 56:4

ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും

Verse 5 — Surah Al-Waqiah 56:5

പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും

Verse 6 — Surah Al-Waqiah 56:6

അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും

Verse 7 — Surah Al-Waqiah 56:7

നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌

Verse 8 — Surah Al-Waqiah 56:8

അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ

Verse 9 — Surah Al-Waqiah 56:9

മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ

Verse 10 — Surah Al-Waqiah 56:10

(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ

Verse 11 — Surah Al-Waqiah 56:11

അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍

Verse 12 — Surah Al-Waqiah 56:12

സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍

Verse 13 — Surah Al-Waqiah 56:13

പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും

Verse 14 — Surah Al-Waqiah 56:14

പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍

Verse 15 — Surah Al-Waqiah 56:15

സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍

Verse 16 — Surah Al-Waqiah 56:16

അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും

Verse 17 — Surah Al-Waqiah 56:17

നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും

Verse 18 — Surah Al-Waqiah 56:18

കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌

Verse 19 — Surah Al-Waqiah 56:19

അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല

Verse 20 — Surah Al-Waqiah 56:20

അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും

Verse 21 — Surah Al-Waqiah 56:21

അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും)

Verse 22 — Surah Al-Waqiah 56:22

വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌)

Verse 23 — Surah Al-Waqiah 56:23

(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍

Verse 24 — Surah Al-Waqiah 56:24

അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)

Verse 25 — Surah Al-Waqiah 56:25

അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല

Verse 26 — Surah Al-Waqiah 56:26

സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ

Verse 27 — Surah Al-Waqiah 56:27

വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ

Verse 28 — Surah Al-Waqiah 56:28

മുള്ളിലാത്ത ഇലന്തമരം

Verse 29 — Surah Al-Waqiah 56:29

അടുക്കടുക്കായി കുലകളുള്ള വാഴ

Verse 30 — Surah Al-Waqiah 56:30

വിശാലമായ തണല്‍

Verse 31 — Surah Al-Waqiah 56:31

സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം

Verse 32 — Surah Al-Waqiah 56:32

ധാരാളം പഴവര്‍ഗങ്ങള്‍

Verse 33 — Surah Al-Waqiah 56:33

നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ

Verse 34 — Surah Al-Waqiah 56:34

ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍

Verse 35 — Surah Al-Waqiah 56:35

തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌

Verse 36 — Surah Al-Waqiah 56:36

അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു

Verse 37 — Surah Al-Waqiah 56:37

സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു

Verse 38 — Surah Al-Waqiah 56:38

വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌

Verse 39 — Surah Al-Waqiah 56:39

പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും

Verse 40 — Surah Al-Waqiah 56:40

പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍

Verse 41 — Surah Al-Waqiah 56:41

ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ

Verse 42 — Surah Al-Waqiah 56:42

തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം

Verse 43 — Surah Al-Waqiah 56:43

കരിമ്പുകയുടെ തണല്‍

Verse 44 — Surah Al-Waqiah 56:44

തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍)

Verse 45 — Surah Al-Waqiah 56:45

എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു

Verse 46 — Surah Al-Waqiah 56:46

അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു

Verse 47 — Surah Al-Waqiah 56:47

അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌

Verse 48 — Surah Al-Waqiah 56:48

ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ)

Verse 49 — Surah Al-Waqiah 56:49

നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം

Verse 50 — Surah Al-Waqiah 56:50

ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു

Verse 51 — Surah Al-Waqiah 56:51

എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ

Verse 52 — Surah Al-Waqiah 56:52

തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു

Verse 53 — Surah Al-Waqiah 56:53

അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും

Verse 54 — Surah Al-Waqiah 56:54

അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു

Verse 55 — Surah Al-Waqiah 56:55

അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു

Verse 56 — Surah Al-Waqiah 56:56

ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം

Verse 57 — Surah Al-Waqiah 56:57

നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌

Verse 58 — Surah Al-Waqiah 56:58

അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ

Verse 59 — Surah Al-Waqiah 56:59

നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌

Verse 60 — Surah Al-Waqiah 56:60

നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല

Verse 61 — Surah Al-Waqiah 56:61

(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍

Verse 62 — Surah Al-Waqiah 56:62

ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല

Verse 63 — Surah Al-Waqiah 56:63

എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ

Verse 64 — Surah Al-Waqiah 56:64

നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍

Verse 65 — Surah Al-Waqiah 56:65

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു

Verse 66 — Surah Al-Waqiah 56:66

തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു

Verse 67 — Surah Al-Waqiah 56:67

അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌

Verse 68 — Surah Al-Waqiah 56:68

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ

Verse 69 — Surah Al-Waqiah 56:69

നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍

Verse 70 — Surah Al-Waqiah 56:70

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌

Verse 71 — Surah Al-Waqiah 56:71

നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ

Verse 72 — Surah Al-Waqiah 56:72

നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍

Verse 73 — Surah Al-Waqiah 56:73

നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും

Verse 74 — Surah Al-Waqiah 56:74

ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക

Verse 75 — Surah Al-Waqiah 56:75

അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു

Verse 76 — Surah Al-Waqiah 56:76

തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌

Verse 77 — Surah Al-Waqiah 56:77

തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു

Verse 78 — Surah Al-Waqiah 56:78

ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌

Verse 79 — Surah Al-Waqiah 56:79

പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല

Verse 80 — Surah Al-Waqiah 56:80

ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌

Verse 81 — Surah Al-Waqiah 56:81

അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്‌

Verse 82 — Surah Al-Waqiah 56:82

സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ

Verse 83 — Surah Al-Waqiah 56:83

എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌)

Verse 84 — Surah Al-Waqiah 56:84

നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ

Verse 85 — Surah Al-Waqiah 56:85

നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല

Verse 86 — Surah Al-Waqiah 56:86

അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍

Verse 87 — Surah Al-Waqiah 56:87

നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍

Verse 88 — Surah Al-Waqiah 56:88

അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍

Verse 89 — Surah Al-Waqiah 56:89

(അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും

Verse 90 — Surah Al-Waqiah 56:90

എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ

Verse 91 — Surah Al-Waqiah 56:91

വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)

Verse 92 — Surah Al-Waqiah 56:92

ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ

Verse 93 — Surah Al-Waqiah 56:93

ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും

Verse 94 — Surah Al-Waqiah 56:94

നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌. (അവന്നുള്ളത്‌)

Verse 95 — Surah Al-Waqiah 56:95

തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം

Verse 96 — Surah Al-Waqiah 56:96

ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക