Back to Languages

Malayalam - Chapter 19 - Maryam

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Maryam 19:1

കാഫ്-ഹാ-യാ-ഐന്‍-സ്വാദ്

Verse 2 — Surah Maryam 19:2

നിന്റെ നാഥന്‍ തന്റെ ദാസന്‍ സകരിയ്യയോടു കാണിച്ച കാരുണ്യത്തെ സംബന്ധിച്ച വിവരണമാണിത്

Verse 3 — Surah Maryam 19:3

അദ്ദേഹം തന്റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം

Verse 4 — Surah Maryam 19:4

അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല

Verse 5 — Surah Maryam 19:5

എനിക്കു പിറകെ വരാനിരിക്കുന്ന ബന്ധുക്കളെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യണമേ

Verse 6 — Surah Maryam 19:6

അവനെന്റെ അനന്തരാവകാശിയാകണം. യഅ്ഖൂബ് കുടുംബത്തിന്റെയും പിന്മുറക്കാരനാകണം. എന്റെ നാഥാ, നീ അവനെ നിനക്കിഷ്ടപ്പെട്ടവനാക്കേണമേ.”

Verse 7 — Surah Maryam 19:7

സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല.”

Verse 8 — Surah Maryam 19:8

അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാണ്. ഞാനോ പ്രായാധിക്യത്താല്‍ പരവശനും.”

Verse 9 — Surah Maryam 19:9

അല്ലാഹു അറിയിച്ചു: അതൊക്കെ ശരിതന്നെ. നിന്റെ നാഥന്‍ അരുള്‍ ചെയ്യുന്നു: എനിക്കത് നന്നെ നിസ്സാരമാണ്. നേരത്തെ നീ ഒന്നുമായിരുന്നില്ല. എന്നിട്ടും ഇതിനുമുമ്പ് നിന്നെ നാം സൃഷ്ടിച്ചല്ലോ

Verse 10 — Surah Maryam 19:10

സകരിയ്യാ പറഞ്ഞു: "നാഥാ, നീ എനിക്കൊരടയാളം കാണിച്ചു തരേണമേ?” അല്ലാഹു അറിയിച്ചു: "നിനക്കിപ്പോള്‍ വൈകല്യമൊന്നുമില്ല. എന്നാലും നീ മൂന്നുനാള്‍ ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം.”

Verse 11 — Surah Maryam 19:11

അങ്ങനെ അദ്ദേഹം പ്രാര്‍ഥനാ മണ്ഡപത്തില്‍ നിന്നിറങ്ങി തന്റെ ജനത്തിന്റെ അടുത്തേക്ക് പോയി. എന്നിട്ട് അദ്ദേഹം ആംഗ്യത്തിലൂടെ നിര്‍ദേശിച്ചു: "നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുക.”

Verse 12 — Surah Maryam 19:12

ഓ യഹ്യാ, വേദപുസ്തകം കരുത്തോടെ മുറുകെപ്പിടിക്കുക.” കുട്ടിയായിരിക്കെ തന്നെ നാമവന്ന് ജ്ഞാനം നല്‍കി

Verse 13 — Surah Maryam 19:13

നമ്മില്‍ നിന്നുള്ള ദയയും വിശുദ്ധിയും സമ്മാനിച്ചു. അദ്ദേഹം തികഞ്ഞ ഭക്തനായിരുന്നു

Verse 14 — Surah Maryam 19:14

തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനും. അദ്ദേഹം ക്രൂരനായിരുന്നില്ല. അനുസരണമില്ലാത്തവനുമായിരുന്നില്ല

Verse 15 — Surah Maryam 19:15

ജനനനാളിലും മരണദിനത്തിലും, ജീവനോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും അദ്ദേഹത്തിനു സമാധാനം

Verse 16 — Surah Maryam 19:16

ഈ വേദപുസ്തകത്തില്‍ മര്‍യമിന്റെ കാര്യം വിവരിക്കുക. അവര്‍ തന്റെ സ്വന്തക്കാരില്‍ നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം

Verse 17 — Surah Maryam 19:17

സ്വന്തക്കാരില്‍ നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി

Verse 18 — Surah Maryam 19:18

അവര്‍ പറഞ്ഞു: "ഞാന്‍ നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങളൊരു ഭക്തനെങ്കില്‍?”

Verse 19 — Surah Maryam 19:19

മലക്ക് പറഞ്ഞു: "നിനക്ക് പരിശുദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.”

Verse 20 — Surah Maryam 19:20

അവര്‍ പറഞ്ഞു: "എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.”

Verse 21 — Surah Maryam 19:21

മലക്ക് പറഞ്ഞു: "അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാവും. നിന്റെ നാഥന്‍ പറയുന്നു: നമുക്കത് നന്നെ നിസ്സാരമായ കാര്യമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.”

Verse 22 — Surah Maryam 19:22

അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു

Verse 23 — Surah Maryam 19:23

പിന്നെ പേറ്റുനോവുണ്ടായപ്പോള്‍ അവര്‍ ഒരീന്തപ്പനയുടെ അടുത്തേക്കുപോയി. അവര്‍ പറഞ്ഞു: "അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!”

Verse 24 — Surah Maryam 19:24

അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: "നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു

Verse 25 — Surah Maryam 19:25

നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും

Verse 26 — Surah Maryam 19:26

അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: “ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.”

Verse 27 — Surah Maryam 19:27

പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്

Verse 28 — Surah Maryam 19:28

ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.”

Verse 29 — Surah Maryam 19:29

അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?”

Verse 30 — Surah Maryam 19:30

കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു

Verse 31 — Surah Maryam 19:31

ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു

Verse 32 — Surah Maryam 19:32

അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല

Verse 33 — Surah Maryam 19:33

എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍പ് നാളിലും എനിക്ക് സമാധാനം!”

Verse 34 — Surah Maryam 19:34

അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്

Verse 35 — Surah Maryam 19:35

പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിനു ചേര്‍ന്നതല്ല. അവനെത്ര പരിശുദ്ധന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ അതിനോട് “ഉണ്ടാവുക” എന്ന വചനമേ വേണ്ടൂ. അതോടെ അതുണ്ടാവുന്നു

Verse 36 — Surah Maryam 19:36

ഈസാ പറഞ്ഞു: "സംശയമില്ല; അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവനു വഴിപ്പെടുക. ഇതാണ് നേര്‍വഴി.”

Verse 37 — Surah Maryam 19:37

എന്നാല്‍ അവര്‍ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായി. ആ ഭീകരനാളിനെ കണ്ടുമുട്ടുമ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം കടുത്ത വിപത്താണുണ്ടാവുക

Verse 38 — Surah Maryam 19:38

അവര്‍ നമ്മുടെ അടുത്ത് വരുംദിനം അവര്‍ക്കെന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും? എന്നാലിന്ന് ആ അക്രമികള്‍ പ്രകടമായ വഴികേടിലാണ്

Verse 39 — Surah Maryam 19:39

തീരാ ദുഃഖത്തിന്റെ ആ ദുര്‍ ദിനത്തെപ്പറ്റി അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധയിലാണ്. അവര്‍ വിശ്വസിക്കുന്നുമില്ല

Verse 40 — Surah Maryam 19:40

അവസാനം ഭൂമിയുടെയും അതിലുള്ളവരുടെയും അവകാശിയാകുന്നത് നാം തന്നെയാണ്. എല്ലാവരും തിരിച്ചെത്തുന്നതും നമ്മുടെ അടുത്തേക്കു തന്നെ

Verse 41 — Surah Maryam 19:41

ഈ വേദപുസ്തകത്തില്‍ ഇബ്റാഹീമിന്റെ കഥയും നീ വിവരിച്ചു കൊടുക്കുക: സംശയമില്ല; അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു

Verse 42 — Surah Maryam 19:42

അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്

Verse 43 — Surah Maryam 19:43

എന്റുപ്പാ, അങ്ങയ്ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്കു വന്നെത്തിയിട്ടുണ്ട്. അതിനാല്‍ എന്നെ പിന്തുടരുക. ഞാന്‍ അങ്ങയ്ക്ക് നേര്‍വഴി കാണിച്ചുതരാം

Verse 44 — Surah Maryam 19:44

എന്റുപ്പാ, അങ്ങ് പിശാചിന് വഴിപ്പെടരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനായ അല്ലാഹുവെ ധിക്കരിച്ചവനാണ്

Verse 45 — Surah Maryam 19:45

പ്രിയ പിതാവേ, പരമകാരുണികനായ അല്ലാഹുവില്‍ നിന്നുള്ള വല്ല ശിക്ഷയും അങ്ങയെ ഉറപ്പായും പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ അങ്ങ് പിശാചിന്റെ ഉറ്റമിത്രമായി മാറും.”

Verse 46 — Surah Maryam 19:46

അയാള്‍ ചോദിച്ചു: "ഇബ്റാഹീമേ, നീ എന്റെ ദൈവങ്ങളെ വെറുക്കുകയാണോ? എങ്കില്‍ ഉടനെത്തന്നെ ഇതവസാനിപ്പിക്കുക. അല്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞാട്ടും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം”

Verse 47 — Surah Maryam 19:47

ഇബ്റാഹീം പറഞ്ഞു: "അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്

Verse 48 — Surah Maryam 19:48

നിങ്ങളെയും അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെയും ഞാനിതാ നിരാകരിക്കുന്നു. ഞാനെന്റെ നാഥനോടു മാത്രം പ്രാര്‍ഥിക്കുന്നു. എന്റെ നാഥനെ പ്രാര്‍ഥിക്കുന്നതു കാരണം ഞാനൊരിക്കലും പരാജിതനാവില്ലെന്ന് ഉറപ്പിക്കാം.”

Verse 49 — Surah Maryam 19:49

അങ്ങനെ ഇബ്റാഹീം അവരെയും അല്ലാഹു അല്ലാത്ത അവരുടെ ആരാധ്യരെയും വെടിഞ്ഞുപോയപ്പോള്‍ അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയെല്ലാം പ്രവാചകന്മാരാക്കുകയും ചെയ്തു

Verse 50 — Surah Maryam 19:50

അവരില്‍ നാം നമ്മുടെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. അവരുടെ സല്‍ക്കീര്‍ത്തി ഉയര്‍ത്തി

Verse 51 — Surah Maryam 19:51

ഈ വേദപുസ്തകത്തില്‍ മൂസയുടെ കഥയും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു

Verse 52 — Surah Maryam 19:52

ത്വൂര്‍ മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു

Verse 53 — Surah Maryam 19:53

നമ്മുടെ അനുഗ്രഹത്താല്‍ നാം അദ്ദേഹത്തിന് തന്റെ സഹോദരനെ- പ്രവാചകനായ ഹാറൂനിനെ- സഹായിയായി നല്‍കി

Verse 54 — Surah Maryam 19:54

ഈ വേദപുസ്തകത്തില്‍ ഇസ്മാഈലിന്റെ കാര്യവും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം നന്നായി പാലിക്കുന്നവനായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു

Verse 55 — Surah Maryam 19:55

അദ്ദേഹം തന്റെ ആള്‍ക്കാരോട് നമസ്കാരം നിര്‍വഹിക്കാനും സകാത്ത് നല്‍കാനും കല്‍പിച്ചു. അദ്ദേഹം തന്റെ നാഥന്ന് ഏറെ പ്രിയപ്പെട്ടവനായിരുന്നു

Verse 56 — Surah Maryam 19:56

ഈ വേദപുസ്തകത്തില്‍ ഇദ്രീസിനെപ്പറ്റിയും പരാമര്‍ശിക്കുക: നിശ്ചയമായും അദ്ദേഹം സത്യസന്ധനും പ്രവാചകനുമായിരുന്നു

Verse 57 — Surah Maryam 19:57

നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി

Verse 58 — Surah Maryam 19:58

ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍

Verse 59 — Surah Maryam 19:59

പിന്നീട് ഇവര്‍ക്കു പിറകെ പിഴച്ച ഒരു തലമുറ രംഗത്തുവന്നു. അവര്‍ നമസ്കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കൊത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും

Verse 60 — Surah Maryam 19:60

പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരോട് ഒട്ടും അനീതിയുണ്ടാവില്ല

Verse 61 — Surah Maryam 19:61

അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. പരമകാരുണികനായ അല്ലാഹു തന്റെ ദാസന്മാര്‍ക്ക് അഭൌതികജ്ഞാനത്തിലൂടെ നല്‍കിയ വാഗ്ദാനമാണിത്. അവന്റെ വാഗ്ദാനം നടപ്പാകുക തന്നെ ചെയ്യും

Verse 62 — Surah Maryam 19:62

അവരവിടെ ഒരനാവശ്യവും കേള്‍ക്കുകയില്ല; സമാധാനത്തിന്റെ അഭിവാദ്യമല്ലാതെ. തങ്ങളുടെ ആഹാരവിഭവങ്ങള്‍ രാവിലെയും വൈകുന്നേരവും മുടങ്ങാതെ അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും

Verse 63 — Surah Maryam 19:63

നമ്മുടെ ദാസന്മാരിലെ ഭക്തന്മാര്‍ക്ക് നാം അവകാശമായി നല്‍കുന്ന സ്വര്‍ഗമാണത്

Verse 64 — Surah Maryam 19:64

നിന്റെ നാഥന്റെ കല്‍പനയില്ലാതെ ഞങ്ങള്‍ ഇറങ്ങിവരാറില്ല. നമ്മുടെ മുന്നിലും പിന്നിലും അവയ്ക്കിടയിലുമുള്ളതെല്ലാം അവന്റേതാണ്. നിന്റെ നാഥനൊന്നും മറക്കുന്നവനല്ല.”

Verse 65 — Surah Maryam 19:65

അവന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയ്ക്കിടയിലുള്ളവയുടെയും. അതിനാല്‍ അവന്നു മാത്രം വഴിപ്പെടുക. അവനെ അനുസരിച്ച് കഴിയുന്നതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുക. അവനോട് പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ

Verse 66 — Surah Maryam 19:66

മനുഷ്യന്‍ ചോദിക്കുന്നു: "ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ!”

Verse 67 — Surah Maryam 19:67

മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനൊന്നോര്‍ത്തുകൂടേ

Verse 68 — Surah Maryam 19:68

നിന്റെ നാഥന്‍ തന്നെ സത്യം! തീര്‍ച്ചയായും അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടും. പിന്നെ നാമവരെ മുട്ടിലിഴയുന്നവരായി നരകത്തിനു ചുറ്റും കൊണ്ടുവരും

Verse 69 — Surah Maryam 19:69

പിന്നീട് ഓരോ വിഭാഗത്തില്‍നിന്നും പരമകാരുണികനായ അല്ലാഹുവോട് ഏറ്റം കൂടുതല്‍ ധിക്കാരം കാണിച്ചവരെ നാം വേര്‍തിരിച്ചെടുക്കും

Verse 70 — Surah Maryam 19:70

അവരില്‍ നരകത്തീയിലെരിയാന്‍ ഏറ്റവും അര്‍ഹര്‍ ആരെന്ന് നമുക്ക് നന്നായറിയാം

Verse 71 — Surah Maryam 19:71

നിങ്ങളിലാരും തന്നെ നരകത്തീയിനടുത്ത് എത്താതിരിക്കില്ല. നിന്റെ നാഥന്റെ ഖണ്ഡിതവും നിര്‍ബന്ധപൂര്‍വം നടപ്പാക്കപ്പെടുന്നതുമായ തീരുമാനമാണിത്

Verse 72 — Surah Maryam 19:72

പിന്നെ, ഭക്തന്മാരായിരുന്നവരെ നാം രക്ഷപ്പെടുത്തും. അതിക്രമികളെ മുട്ടിലിഴയുന്നവരായി നരകത്തീയില്‍ ഉപേക്ഷിക്കുകയും ചെയ്യും

Verse 73 — Surah Maryam 19:73

നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ ഈ ജനത്തെ വായിച്ചുകേള്‍പ്പിക്കും. അപ്പോള്‍ സത്യനിഷേധികള്‍ സത്യവിശ്വാസികളോടു ചോദിക്കുന്നു: "അല്ല, പറയൂ: നാം ഇരുകൂട്ടരില്‍ ആരാണ് ഉയര്‍ന്ന പദവിയുള്ളവര്‍? ആരുടെ സംഘമാണ് ഏറെ ഗംഭീരം?”

Verse 74 — Surah Maryam 19:74

എന്നാല്‍ സാധന സാമഗ്രികളിലും ബാഹ്യപ്രതാപത്തിലും ഇവരേക്കാളേറെ മികച്ച എത്രയെത്ര തലമുറകളെയാണ് നാം ഇവര്‍ക്കു മുമ്പേ നശിപ്പിച്ചിട്ടുള്ളത്

Verse 75 — Surah Maryam 19:75

പറയുക: ദുര്‍മാര്‍ഗികളെ പരമകാരുണികനായ അല്ലാഹു അയച്ചുവിടുന്നതാണ്. അങ്ങനെ അവരോട് വാഗ്ദാനം ചെയ്യുന്ന കാര്യം, അഥവാ ഒന്നുകില്‍ ദൈവശിക്ഷ, അല്ലെങ്കില്‍ അന്ത്യദിനം, നേരില്‍ കാണുമ്പോള്‍ അവരറിയുകതന്നെ ചെയ്യും; ആരാണ് മോശമായ അവസ്ഥയിലുള്ളതെന്ന്. ആരുടെ സൈന്യമാണ് ദുര്‍ബലമെന്നും

Verse 76 — Surah Maryam 19:76

നേര്‍വഴി സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്മാര്‍ഗനിഷ്ഠ വര്‍ധിപ്പിച്ചുകൊടുക്കുന്നു. നശിക്കാതെ ബാക്കിനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെ അടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. മെച്ചപ്പെട്ട പരിണതിയും അവയ്ക്കുതന്നെ

Verse 77 — Surah Maryam 19:77

നമ്മുടെ വചനങ്ങളെ നിഷേധിച്ചു തള്ളുകയും എന്നിട്ട് എനിക്കാണ് കൂടുതല്‍ സമ്പത്തും സന്താനങ്ങളും നല്‍കപ്പെടുകയെന്ന് വീമ്പു പറയുകയും ചെയ്യുന്നവനെ നീ കണ്ടിട്ടുണ്ടോ

Verse 78 — Surah Maryam 19:78

അവന്‍ വല്ല അഭൌതിക കാര്യവും കണ്ടറിഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവില്‍നിന്ന് വല്ല കരാറും അവന്‍ വാങ്ങിയിട്ടുണ്ടോ

Verse 79 — Surah Maryam 19:79

ഒരിക്കലുമില്ല. അവന്‍ പറയുന്നതൊക്കെ നാം രേഖപ്പെടുത്തുന്നുണ്ട്. അവന്നു നാം ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കുകതന്നെ ചെയ്യും

Verse 80 — Surah Maryam 19:80

അവന്‍ തന്റേതായി എടുത്തുപറയുന്ന സാധനസാമഗ്രികളെല്ലാം നമ്മുടെ വരുതിയിലായിത്തീരും. പിന്നെ അവന്‍ ഏകനായി നമ്മുടെ അടുത്തുവരും

Verse 81 — Surah Maryam 19:81

അവര്‍ അല്ലാഹുവെക്കൂടാതെ നിരവധി മൂര്‍ത്തികളെ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. അവ തങ്ങള്‍ക്ക് താങ്ങായിത്തീരുമെന്ന് കരുതിയാണത്

Verse 82 — Surah Maryam 19:82

എന്നാല്‍ അവയെല്ലാം ഇക്കൂട്ടരുടെ ആരാധനയെ തള്ളിപ്പറയും. ആ ആരാധ്യര്‍ ഇവരുടെ വിരോധികളായിത്തീരുകയും ചെയ്യും

Verse 83 — Surah Maryam 19:83

നാം സത്യനിഷേധികളുടെയിടയിലേക്ക് പിശാചുക്കളെ വിട്ടയച്ചത് നീ കണ്ടിട്ടില്ലേ? ആ പിശാചുക്കള്‍ അവരെ വളരെയേറെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു

Verse 84 — Surah Maryam 19:84

അതിനാല്‍ അവരുടെ കാര്യത്തില്‍ നീ ധൃതികാണിക്കേണ്ട. നാം അവരുടെ നാളുകളെണ്ണിക്കൊണ്ടിരിക്കുകയാണ്

Verse 85 — Surah Maryam 19:85

ഭക്തജനങ്ങളെ പരമകാരുണികനായ അല്ലാഹുവിന്റെ അടുത്ത് ഒരുമിച്ചുകൂട്ടുന്നദിനം

Verse 86 — Surah Maryam 19:86

അന്ന് കുറ്റവാളികളെ ദാഹാര്‍ത്തരായി നരകത്തീയിലേക്ക് തെളിച്ചുകൊണ്ടുപോകും

Verse 87 — Surah Maryam 19:87

അന്ന് ആര്‍ക്കും ശിപാര്‍ശക്കധികാരമില്ല; പരമ കാരുണികനായ അല്ലാഹുവുമായി കരാറുണ്ടാക്കിയവര്‍ക്കൊഴികെ

Verse 88 — Surah Maryam 19:88

പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു

Verse 89 — Surah Maryam 19:89

ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്

Verse 90 — Surah Maryam 19:90

ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം

Verse 91 — Surah Maryam 19:91

പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ

Verse 92 — Surah Maryam 19:92

ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പരമകാരുണികനായ അല്ലാഹുവിന് ചേര്‍ന്നതല്ല

Verse 93 — Surah Maryam 19:93

ആകാശഭൂമികളിലുള്ളവരെല്ലാം ആ പരമകാരുണികന്റെ മുന്നില്‍ കേവലം ദാസന്മാരായി വന്നെത്തുന്നവരാണ്

Verse 94 — Surah Maryam 19:94

തീര്‍ച്ചയായും അവന്‍ അവരെ തിട്ടപ്പെടുത്തിയിട്ടുണ്ട്. എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു

Verse 95 — Surah Maryam 19:95

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവരെല്ലാം ഒറ്റയ്ക്കൊറ്റയ്ക്ക് അവന്റെ അടുത്ത് വന്നെത്തും

Verse 96 — Surah Maryam 19:96

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുമായി പരമകാരുണികനായ അല്ലാഹു സ്നേഹബന്ധമുണ്ടാക്കും

Verse 97 — Surah Maryam 19:97

നാം ഈ വചനങ്ങളെ നിന്റെ ഭാഷയില്‍ വളരെ ലളിതവും സരളവുമാക്കിയിരിക്കുന്നു. നീ ഭക്തജനങ്ങളെ ശുഭവാര്‍ത്ത അറിയിക്കാനാണിത്. താര്‍ക്കികരായ ജനത്തെ താക്കീത് ചെയ്യാനും

Verse 98 — Surah Maryam 19:98

ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചു! എന്നിട്ട് അവരിലാരെയെങ്കിലും നീയിപ്പോള്‍ കാണുന്നുണ്ടോ? അല്ലെങ്കില്‍ അവരുടെ നേര്‍ത്ത ശബ്ദമെങ്കിലും കേള്‍ക്കുന്നുണ്ടോ