സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: "ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." അവരും അവരുടെ പിശാചുക്കളും മാത്രമായാല്‍ അവര്‍ പറയും: "ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ അവരെ പരിഹസിക്കുക മാത്രമായിരുന്നു."
അവരുടെ ഉപമ ഇവ്വിധമാകുന്നു: ഒരാള്‍ തീകൊളുത്തി. ചുറ്റും പ്രകാശം പരന്നപ്പോള്‍ അല്ലാഹു അവരുടെ വെളിച്ചം അണച്ചു. എന്നിട്ടവരെ ഒന്നും കാണാത്തവരായി കൂരിരുളിലുപേക്ഷിച്ചു.
മിന്നല്‍പ്പിണരുകള്‍ അവരുടെ കാഴ്ചയെ കവര്‍ന്നെടുക്കുന്നു. അതിന്റെ ഇത്തിരിവെട്ടം കിട്ടുമ്പോഴൊക്കെ അവരതിലൂടെ നടക്കും. ഇരുള്‍മൂടിയാലോ അവര്‍ അറച്ചുനില്‍ക്കും. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന് കെടുത്തിക്കളയുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ.
നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്ത ഈ വേദം നമ്മുടേതുതന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് സഹായികളോ സാക്ഷികളോ ഉണ്ടെങ്കില്‍ അവരെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍!
കൊതുകിനെയോ അതിലും നിസ്സാരമായതിനെപ്പോലുമോ ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. അപ്പോള്‍ വിശ്വാസികള്‍ അതു തങ്ങളുടെ നാഥന്റെ സത്യവചനമാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ സത്യനിഷേധികള്‍ ചോദിക്കുന്നു: "ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്?“ അങ്ങനെ ഈ ഉപമ കൊണ്ട് അവന് ചിലരെ വഴിതെറ്റിക്കുന്നു. പലരേയും നേര്‍വഴിയിലാക്കുന്നു. എന്നാല്‍ ധിക്കാരികളെ മാത്രമേ അവന് വഴിതെറ്റിക്കുന്നുള്ളൂ.
അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ചശേഷം അതു ലംഘിക്കുന്നവരാണവര്‍; അല്ലാഹു കൂട്ടിയിണക്കാന്‍ കല്പിച്ചതിനെ വേര്പെടുത്തുന്നവര്; ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍. നഷ്ടം പറ്റിയവരും അവര്‍തന്നെ.
എങ്ങനെ നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കും? നിങ്ങള്‍ക്ക് ജീവനില്ലായിരുന്നു. പിന്നെ അവന് നിങ്ങള്‍ക്കു ജീവനേകി. അവന് തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ജീവിപ്പിക്കും. അവസാനം അവങ്കലേക്കുതന്നെ നിങ്ങളെല്ലാം തിരിച്ചുചെല്ലും.
നിന്റെ നാഥന് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: "ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്." അവരന്വേഷിച്ചു: "ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു." അല്ലാഹു പറഞ്ഞു: "നിങ്ങളറിയാത്തവയും ഞാനറിയുന്നു."
അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന് കല്പിച്ചു: "നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?"
അല്ലാഹു പറഞ്ഞു: "ആദം! ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക." അങ്ങനെ ആദം അവരെ, ആ പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: "ആകാശഭൂമികളില്‍ ഒളിഞ്ഞുകിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള്‍ തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും ഞാനറിയുന്നുവെന്നും?"
നാം പറഞ്ഞു: "ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുക. വിശിഷ്ട വിഭവങ്ങള്‍ വേണ്ടുവോളം തിന്നുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും.“
അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍.
നാം കല്പിച്ചു: "എല്ലാവരും ഇവിടം വിട്ട് പോകണം. എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് അവിടെ വന്നെത്തും. സംശയമില്ല; എന്റെ മാര്‍ഗം പിന്തുടരുന്നവര് നിര്‍ഭയരായിരിക്കും; ദുഃഖമില്ലാത്തവരും".
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ. നിങ്ങള്‍ എനിക്കുതന്ന വാഗ്ദാനം പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള പ്രതിജ്ഞ ഞാനും നിറവേറ്റാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക.
ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള്‍ നോക്കിനില്‍ക്കെ ഫറവോന്റെ ആള്‍ക്കാരെ നാം വെള്ളത്തിലാഴ്ത്തി.
ഓര്‍ക്കുക: മൂസാക്കു നാം നാല്പത് രാവുകള്‍ അവധി നിശ്ചയിച്ചു. അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കി. നിങ്ങള്‍ അതിക്രമികളാവുകയായിരുന്നു.
ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങള്‍ നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനോട് പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്ത്താവിങ്കല് നിങ്ങള്‍ക്കുത്തമം." പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന് പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.
ഓര്‍ക്കുക: നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം: "മൂസാ, ദൈവത്തെ നേരില്‍ പ്രകടമായി കാണാതെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല." അപ്പോള്‍ ഒരു ഘോരഗര്‍ജനം നിങ്ങളെ പിടികൂടി; നിങ്ങള്‍ നോക്കിനില്‍ക്കെ.
എന്നാല്‍ ആ അക്രമികള്‍, തങ്ങളോടു പറഞ്ഞതിനെ മാറ്റി മറ്റൊന്ന് സ്വീകരിച്ചു. അതിനാല്‍ ആ അക്രമികള്‍ക്കുമേല്‍ നാം മുകളില്‍നിന്ന് ശിക്ഷയിറക്കി. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചതിനാല്‍.
ഓര്‍ക്കുക: മൂസ തന്റെ ജനതക്കുവേണ്ടി കുടിനീരുതേടി. നാം കല്പിച്ചു: "നീ നിന്റെ വടികൊണ്ട് പാറമേലടിക്കുക." അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം നിര്‍ദേശിച്ചു: "അല്ലാഹു നല്കിയ വിഭവങ്ങളില്‍നിന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ നാശകാരികളായിക്കഴിയരുത്."
ഓര്‍ക്കുക: നിങ്ങളോടു നാം കരാര്‍ വാങ്ങി. നിങ്ങള്‍ക്കുമീതെ മലയെ ഉയര്‍ത്തുകയും ചെയ്തു. നാം നിങ്ങള്‍ക്കു നല്കിയ വേദത്തെ ബലമായി മുറുകെപ്പിടിക്കാന്‍ നിര്‍ദേശിച്ചു. അതിലെ നിര്‍ദേശങ്ങള്‍ ഓര്‍ക്കാനും. നിങ്ങള്‍ ഭക്തരാകാന്‍.
എന്നാല്‍ പിന്നെയും നിങ്ങള്‍ പിന്തിരിഞ്ഞു പോയി. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ നഷ്ടം പറ്റിയവരാകുമായിരുന്നു.
ഓര്‍ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: "അല്ലാഹു നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്പിച്ചിരിക്കുന്നു." അവര്‍ ചോദിച്ചു: "നീ ഞങ്ങളെ പരിഹസിക്കുകയാണോ?" മൂസ പറഞ്ഞു: "അവിവേകികളില്‍ പെടാതിരിക്കാന്‍ ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു."
അവര്‍ പറഞ്ഞു: "താങ്കള്‍ താങ്കളുടെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ഏതായിരിക്കണമെന്ന്." മൂസ പറഞ്ഞു: "കാണികളില്‍ കൌതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള പശുവായിരിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചിരിക്കുന്നു."
അവര്‍ പറഞ്ഞു: "അത് ഏതു തരത്തില്‍ പെട്ടതാണെന്ന് ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ നീ നിന്റെ നാഥനോടപേക്ഷിക്കുക. പശുക്കളെല്ലാം ഏറക്കുറെ ഒരുപോലിരിക്കുന്നതായി ഞങ്ങള്‍ക്കുതോന്നുന്നു. ദൈവമിച്ഛിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിനെ കണ്ടെത്തുക തന്നെ ചെയ്യും."
മൂസ പറഞ്ഞു: "അല്ലാഹു അറിയിക്കുന്നു: നിലം ഉഴുതാനോ വിള നനയ്ക്കാനോ ഉപയോഗിക്കാത്തതും കലകളില്ലാത്തതും കുറ്റമറ്റതുമായ പശുവായിരിക്കണം അത്." അവര്‍ പറഞ്ഞു: "ശരി, ഇപ്പോഴാണ് നീ ശരിയായ വിവരം തന്നത്." അങ്ങനെ അവരതിനെ അറുത്തു. അവരത് ചെയ്യാന്‍ തയ്യാറാകുമായിരുന്നില്ല.
ഓര്‍ക്കുക: നിങ്ങള്‍ ഒരാളെ കൊന്നു. എന്നിട്ട് പരസ്പരാരോപണം നടത്തി കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അല്ലാഹു നിങ്ങള്‍ മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ.
അപ്പോള്‍ നാം പറഞ്ഞു: "നിങ്ങള്‍ അതിന്റെ ഒരു ഭാഗംകൊണ്ട് ആ ശവശരീരത്തെ അടിക്കുക." അവ്വിധം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കാനായി അവന് തന്റെ തെളിവുകള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നു.
അതിനുശേഷം പിന്നെയും നിങ്ങളുടെ മനസ്സ് കടുത്തു. അത് പാറപോലെ കഠിനമായി. അല്ല; അതിലും കൂടുതല്‍ കടുത്തു. ചില പാറകളില്‍നിന്ന് ഉറവകള്‍ പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം ചുരത്താറുമുണ്ട്. ദൈവഭയത്താല്‍ നിലംപതിക്കുന്നവയുമുണ്ട്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല.
വിശ്വസിച്ചവരേ, നിങ്ങളുടെ സന്ദേശം ഈ ജനം സ്വീകരിക്കുമെന്ന് നിങ്ങളിനിയും പ്രതീക്ഷിക്കുന്നുവോ? അവരിലൊരു വിഭാഗം ദൈവവചനം കേള്‍ക്കുന്നു. നന്നായി മനസ്സിലാക്കുന്നു. എന്നിട്ടും ബോധപൂര്‍വം അവരതില്‍ കൃത്രിമം കാണിക്കുന്നു.
അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം!
അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ പ്രേരിപ്പിച്ചതോ, ദൈവം തന്റെ ഔദാര്യം തന്റെ ദാസന്മാരില് താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ അമര്‍ഷവും. അതിനാലവര്‍ കൊടിയ ദൈവികകോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്.
ഓര്‍ക്കുക: നിങ്ങള്‍ക്കു മീതെ പര്‍വതത്തെ ഉയര്‍ത്തിക്കൊണ്ട് നിങ്ങളോടു നാം ഉറപ്പുവാങ്ങി. “നാം നിങ്ങള്‍ക്കു നല്‍കിയത് ശക്തമായി മുറുകെപ്പിടിക്കുക. ശ്രദ്ധയോടെ കേള്‍ക്കുക." അവര്‍ പറഞ്ഞു: “ഞങ്ങള്‍ കേള്‍ക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു." സത്യനിഷേധം നിമിത്തം പശുഭക്തി അവരുടെ മനസ്സുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. പറയുക: "നിങ്ങള്‍ വിശ്വാസികളെങ്കില്‍ നിങ്ങളുടെ വിശ്വാസം നിങ്ങളോടാവശ്യപ്പെടുന്നത് വളരെ ചീത്ത തന്നെ."
പറയുക: ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്രീലി നോടാണെങ്കില്‍ അവരറിയണം; ജിബ്രീല്‍ നിന്റെ മനസ്സില്‍ വേദമിറക്കിയത് ദൈവനിര്‍ദേശപ്രകാരം മാത്രമാണ്. അത് മുന്‍ വേദങ്ങളെ സത്യപ്പെടുത്തുന്നു. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് നേര്‍വഴി നിര്‍ദേശിക്കുന്നു. സുവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
അവരുടെ അടുത്ത് ദൈവദൂതന് വന്നെത്തി. അദ്ദേഹം അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. അവര്‍ക്കൊന്നും അറിയാത്തപോലെ.
വിശ്വസിച്ചവരേ, നിങ്ങള്‍ “റാഇനാ" എന്നു പറയരുത്. പകരം “ഉന്‍ളുര്‍നാ" എന്നുപറയുക. ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
വേദക്കാരിലെയും ബഹുദൈവവിശ്വാസികളിലെയും സത്യനിഷേധികള്‍ നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു ഗുണവും ലഭിക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അല്ലാഹു തന്റെ കാരുണ്യത്താല്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവന്‍ തന്നെ.
ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലമാക്കുകയോ മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്.
വേദക്കാരില്‍ ഏറെപ്പേരും ആഗ്രഹിക്കുന്നു, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ സത്യനിഷേധികളാക്കി മാറ്റാന്‍ സാധിച്ചെങ്കിലെന്ന്! അവരുടെ അസൂയയാണതിനു കാരണം. ഇതൊക്കെയും സത്യം അവര്‍ക്ക് നന്നായി വ്യക്തമായ ശേഷമാണ്. അതിനാല്‍ അല്ലാഹു തന്റെ കല്പന നടപ്പാക്കും വരെ നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുക. സംയമനം പാലിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.
നിങ്ങള്‍ നിഷ്ഠയോടെ നമസ്കരിക്കുക. സകാത്ത് നല്‍കുക. നിങ്ങള്‍ ചെയ്യുന്ന ഏതു നന്മയുടെയും സദ്ഫലം നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ കണ്ടെത്താം. നിങ്ങള്‍ ചെയ്യുന്നതൊക്കെയും ഉറപ്പായും അല്ലാഹു കാണുന്നുണ്ട്.
ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും സ്വര്‍ഗത്തിലെത്തുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. അതവരുടെ വ്യാമോഹം മാത്രം. അവരോട് പറയൂ: നിങ്ങള്‍ തെളിവു കൊണ്ടുവരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍.
ക്രിസ്ത്യാനികളുടെ നിലപാടുകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് യഹൂദര്‍ പറയുന്നു. യഹൂദരുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് ക്രിസ്ത്യാനികളും വാദിക്കുന്നു. അവരൊക്കെ വേദമോതുന്നവരാണുതാനും. വിവരമില്ലാത്ത ചിലരെല്ലാം മുമ്പും ഇവര്‍ വാദിക്കും വിധം പറഞ്ഞിട്ടുണ്ട്. അതിനാല്‍, അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉയിര്ത്തെഴുന്നേല്പു നാളില്‍ അല്ലാഹു വിധി കല്പിക്കുന്നതാണ്.
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കുന്നത് വിലക്കുകയും പള്ളികളുടെ തന്നെ നാശത്തിന് ശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ കടുത്ത അക്രമി ആരാണ്? പേടിച്ചുകൊണ്ടല്ലാതെ അവര്‍ക്കവിടെ പ്രവേശിക്കാവതല്ല. അവര്‍ക്ക് ഈ ലോകത്ത് കൊടിയ അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും.
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്‍ക്കതീതനാണ്. എല്ലാം അറിയുന്നവനും.
ദൈവം പുത്രനെ വരിച്ചിരിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ അവന് അതില്‍നിന്നെല്ലാം എത്ര പരിശുദ്ധന്. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. എല്ലാം അവന്ന് വഴങ്ങുന്നവയും.
ജൂതരോ ക്രൈസ്തവരോ നിന്നെ സംബന്ധിച്ച് സംതൃപ്തരാവുകയില്ല; നീ അവരുടെ മാര്‍ഗമവലംബിക്കുംവരെ. പറയുക: സംശയമില്ല. ദൈവിക മാര്‍ഗദര്‍ശനമാണ് സത്യദര്‍ശനം. നിനക്കു യഥാര്‍ഥ ജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ പിന്നെ അല്ലാഹുവിന്റെ പിടിയില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ഏതെങ്കിലും കൂട്ടാളിയോ സഹായിയോ ഉണ്ടാവുകയില്ല.
നാം ഈ വേദഗ്രന്ഥം നല്കിയവര് ആരോ അവരിത് യഥാവിധി പാരായണം ചെയ്യുന്നു. അവരിതില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനെ നിഷേധിക്കുന്നവരോ, യഥാര്‍ഥത്തില്‍ അവര്‍ തന്നെയാണ് നഷ്ടംപറ്റിയവര്‍.
ഓര്‍ക്കുക: ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ നാഥന് ചില കല്പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: "നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്." ഇബ്റാഹീം ആവശ്യപ്പെട്ടു: "എന്റെ മക്കളെയും." അല്ലാഹു അറിയിച്ചു: "എന്റെ വാഗ്ദാനം അക്രമികള്‍ക്കു ബാധകമല്ല."
"ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിന്നെ അനുസരിക്കുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്ന് നിന്നെ വഴങ്ങുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ! ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം ഉദാരമായി സ്വീകരിക്കുന്നവനും കരുണാമയനും തന്നെ.
"ഞങ്ങളുടെ നാഥാ! നീ അവര്‍ക്ക് അവരില്‍ നിന്നു തന്നെ ഒരു ദൂതനെ നിയോഗിക്കേണമേ! അവര്‍ക്കു നിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ."
ആരെങ്കിലും ഇബ്റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്തും അദ്ദേഹം സച്ചരിതരിലായിരിക്കും.
ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: "എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളായല്ലാതെ മരണപ്പെടരുത്."
“എനിക്കുശേഷം നിങ്ങള്‍ ആരെയാണ് വഴിപ്പെടുക"യെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: "ഞങ്ങള്‍ അങ്ങയുടെ ദൈവത്തെ തന്നെയാണ് വഴിപ്പെടുക. അങ്ങയുടെ പിതാവായ ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരാകും."
ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ശേഖരിച്ചുവെച്ചതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ആരും ചോദിക്കുകയില്ല.
നിങ്ങള്‍ വിശ്വസിച്ചപോലെ അവരും വിശ്വസിക്കുകയാണെങ്കില്‍ അവരും നേര്‍വഴിയിലാകുമായിരുന്നു. അവര്‍ പിന്തിരിയുകയാണെങ്കില് പിന്നെ അവര്‍ കടുത്ത കിടമത്സരത്തില്‍ തന്നെയായിരിക്കും. അവരില്‍നിന്ന് നിന്നെ കാക്കാന്‍ അല്ലാഹുമതി. അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.
മൂഢന്മാര് ചോദിക്കുന്നു: "അന്നോളം അവര്‍ തിരിഞ്ഞുനിന്നിരുന്ന ഖിബ്ല യില്‍ നിന്ന് അവരെ തെറ്റിച്ചതെന്ത്?" പറയുക: "കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതുതന്നെ. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു."
ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനതക്ക് സാക്ഷികളാകാന്‍. ദൈവദൂതന് നിങ്ങള്‍ക്കു സാക്ഷിയാകാനും. നീ നേരത്തെ തിരിഞ്ഞുനിന്നിരുന്ന ദിക്കിനെ ഖിബ്ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ പിന്‍പറ്റുന്നവരെയും പിന്മാറിപ്പോകുന്നവരെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അത് ഏറെ പ്രയാസകരമായിരുന്നു; ദൈവിക മാര്‍ഗദര്‍ശനത്തിനര്‍ഹരായവര്‍ക്കൊഴികെ. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. അല്ലാഹു ജനങ്ങളോട് അളവറ്റ ദയാപരനും കരുണാമയനുമാകുന്നു.
നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
നീ ഈ വേദക്കാരുടെ മുമ്പില്‍ എല്ലാ തെളിവുകളും കൊണ്ടുചെന്നാലും അവര്‍ നിന്റെ ഖിബ്ലയെ പിന്‍പറ്റുകയില്ല. അവരുടെ ഖിബ്ലയെ നിനക്കും പിന്‍പറ്റാനാവില്ല. അവരില്‍തന്നെ ഒരുവിഭാഗം മറ്റു വിഭാഗക്കാരുടെ ഖിബ്ലയെയും പിന്തുടരില്ല. ഈ സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും അതിക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകും.
ഓരോ വിഭാഗത്തിനും ഓരോ ദിശയുണ്ട്. അവര്‍ അതിന്റെ നേരെ തിരിയുന്നു. നിങ്ങള്‍ നന്മയിലേക്കു മുന്നേറുക. നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ.
നീ ഏതുവഴിയില്‍ സഞ്ചരിച്ചാലും മസ്ജിദുല്‍ഹറാമിന്റെ നേരെ മുഖം തിരിക്കുക. കാരണം അത് നിന്റെ നാഥനില്‍ നിന്നുള്ള സത്യനിഷ്ഠമായ നിര്‍ദേശമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
നീ എവിടെനിന്നു പുറപ്പെട്ടാലും നിന്റെ മുഖം മസ്ജിദുല്‍ഹറാമിന്റെ നേരെ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് മുഖം തിരിക്കേണ്ടത്. നിങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ഒരു ന്യായവും ഇല്ലാതിരിക്കാനാണിത്. അവരിലെ അതിക്രമികള്‍ക്കൊഴികെ. നിങ്ങളവരെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് തികവോടെ തരാനാണിത്; നിങ്ങള്‍ നേര്‍വഴി പ്രാപിക്കാനും.
നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളും വേദപുസ്തകത്തിലൂടെ വിശദീകരിച്ചിരിക്കുന്നു. എന്നിട്ടും അവയെ മറച്ചുവെക്കുന്നവരെ ഉറപ്പായും അല്ലാഹു ശപിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു.
അനുയായികള്‍ അന്ന് പറയും: "ഞങ്ങള്‍ക്ക് ഒരു തിരിച്ചുപോക്കിന് അവസരമുണ്ടായെങ്കില്‍ ഇവരിപ്പോള്‍ ഞങ്ങളെ കൈവെടിഞ്ഞപോലെ ഇവരെ ഞങ്ങളും കൈവെടിയുമായിരുന്നു." അങ്ങനെ അവരുടെ ചെയ്തികള്‍ അവര്‍ക്ക് കൊടിയ ഖേദത്തിന് കാരണമായതായി അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകത്തീയില്‍നിന്നവര്‍ക്ക് പുറത്തുകടക്കാനാവില്ല.
വേദഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുപിടിക്കുകയും അതിനു വിലയായി തുച്ഛമായ ഐഹികതാല്‍പര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
പരമസത്യം വ്യക്തമാക്കുന്ന വേദപുസ്തകം അല്ലാഹു ഇറക്കിത്തന്നു. എന്നിട്ടും വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍ ഭിന്നിച്ചവര്‍ തങ്ങളുടെ മാത്സര്യത്തില്‍പെട്ട് സത്യത്തില്‍നിന്ന് ഏറെ ദൂരെയായിരിക്കുന്നു. അതാണ് ഇതിനൊക്കെയും കാരണം.
നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ നോമ്പുപേക്ഷിച്ചാല്‍ പകരം പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ തിരിച്ചറിയുന്നവരെങ്കില്‍.
ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസം വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്.
നിങ്ങളുടെ ധനം നിങ്ങള്‍ അന്യായമായി അന്യോന്യം അധീനപ്പെടുത്തി ആഹരിക്കരുത്. ബോധപൂര്‍വം കുറ്റകരമായ മാര്‍ഗത്തിലൂടെ അന്യരുടെ സ്വത്തില്‍നിന്ന് ഒരു ഭാഗം തിന്നാനായി നിങ്ങള്‍ അതുമായി ഭരണാധികാരികളെ സമീപിക്കുകയുമരുത്.
മര്‍ദനം ഇല്ലാതാവുകയും “ദീന്" അല്ലാഹുവിന്റേതായിത്തീരുക യും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുക യാണെങ്കില്‍ അറിയുക: അതിക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല.
നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ നിര്‍വഹിക്കുക. അഥവാ, നിങ്ങള്‍ ഉപരോധിക്കപ്പെട്ടാ ല്‍ നിങ്ങള്‍ക്ക് സാധ്യമായ രീതിയില്‍ ബലിനടത്തുക. ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുവോളം നിങ്ങള്‍ തലമുടിയെടുക്കരുത്. അഥവാ, ആരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് കാലംവരെ സൌകര്യം ഉപയോഗപ്പെടുത്തുക യുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും. കുടുംബത്തോടൊത്ത് മസ്ജിദുല്‍ഹറാമിന്റെ അടുത്ത് താമസിക്കാത്തവര്‍ക്കുള്ളതാണ് ഈ നിയമം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ആരെങ്കിലും ഹജ്ജില്‍ പ്രവേശിച്ചാല്‍ പിന്നെ സ്ത്രീപുരുഷവേഴ്ചയോ ദുര്‍വൃത്തിയോ വഴക്കോ പാടില്ല. നിങ്ങള്‍ എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയുക തന്നെ ചെയ്യും. നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക.
പിന്നീട് ആളുകള്‍ മടങ്ങുന്നതെവിടെനിന്നോ അവിടെനിന്ന് നിങ്ങളും മടങ്ങുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ അല്ലാഹുവെ ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഓര്‍ക്കുംപോലെ. അല്ല, അതിലും കൂടുതലായി അവനെ സ്മരിക്കുക. ചില ആളുകള്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്തുതന്നെ എല്ലാം തരേണമേ." അവര്‍ക്ക് പരലോകത്ത് ഒന്നുമുണ്ടാവില്ല.
മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്മ നല്കേണമേ, പരലോകത്തും നന്മ നല്കേണമേ, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ."
“അല്ലാഹുവെ സൂക്ഷിക്കുക" എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല്‍ അഹങ്കാരം അവനെ അതിനനുവദിക്കാതെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. അവന് നരകം തന്നെ മതി. അത് എത്ര ചീത്ത ഇടം!
മറ്റുചില മനുഷ്യരുണ്ട്. അവര്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നു. അല്ലാഹു തന്റെ അടിമകളോട് അതീവ ദയാലുവാണ്.
മേഘമേലാപ്പിനുകീഴെ അല്ലാഹുവും മലക്കുകളും അവരുടെ അടുത്ത് വരികയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ അവര്‍ പ്രതീക്ഷിക്കുന്നത്? അന്ത്യവിധിക്കായി എല്ലാ കാര്യങ്ങളും തിരിച്ചെത്തുന്നത് അല്ലാഹുവിങ്കലേക്കു തന്നെ.
ഇസ്രയേല്‍ മക്കളോട് ചോദിക്കുക, എത്രയെത്ര വ്യക്തമായ തെളിവുകളാണ് നാം അവര്‍ക്കു നല്‍കിയതെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം വന്നെത്തിയശേഷം അതിനെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവന് അറിയട്ടെ: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പീഡനങ്ങളും പ്രയാസങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും “ദൈവ സഹായം എപ്പോഴാണുണ്ടാവുക"യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും.
യുദ്ധം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു; അത് നിങ്ങള്‍ക്ക് അനിഷ്ടകരം തന്നെ. എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.
ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം അതീവഗുരുതരം തന്നെ. എന്നാല്‍ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വിലക്കുക, അവനെ നിഷേധിക്കുക, മസ്ജിദുല്‍ഹറാമില്‍ വിലക്കേര്‍പ്പെടുത്തുക, അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുക- ഇതെല്ലാം അല്ലാഹുവിങ്കല്‍ അതിലും കൂടുതല്‍ ഗൌരവമുള്ളതാണ്. “ഫിത്ന" കൊലയെക്കാള്‍ ഗുരുതരമാണ്. അവര്‍ക്കു കഴിയുമെങ്കില്‍ നിങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് പിന്തിരിപ്പിക്കും വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായതുതന്നെ. അത്തരക്കാരെല്ലാം നരകത്തീയിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാണ് ദിവ്യാനുഗ്രഹം പ്രതീക്ഷിക്കാവുന്നവര്‍. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും.
തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടില്ലെന്ന് ശപഥം ചെയ്തവര്‍ക്ക് നാലുമാസം വരെ കാത്തിരിക്കാം. അവര്‍ മടങ്ങുന്നു വെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
വിവാഹമോചിതര്‍ മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍! അതിനിടയില്‍ അവര്‍ ബന്ധം നന്നാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്ത്താക്കന്മാര് ഏറ്റം അര്‍ഹരത്രെ. സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്ക്ക് അവരെക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള്‍ ഭാര്യമാര്‍ക്ക് നല്‍കിയിരുന്നതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കുകയില്ലെന്ന് നിങ്ങള്‍ക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും നല്കി വിവാഹമോചനം നേടുന്ന തില്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവ ലംഘിക്കരുത്. ദൈവികനിയമങ്ങള്‍ ലംഘിക്കുന്നവര്‍ തന്നെയാണ് അതിക്രമികള്‍.
വീണ്ടും വിവാഹമോചനം നടത്തിയാല്‍ പിന്നെ അവന് അവള് അനുവദനീയയാവുകയില്ല; അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും അയാള്‍ അവളെ വിവാഹമോചനം നടത്തുകയും ചെയ്താലല്ലാതെ. അപ്പോള്‍ മുന്‍ഭര്‍ത്താവിനും അവള്‍ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില്‍ വിരോധമില്ല; മേലില്‍ ഇരുവരും ദൈവികനിയമങ്ങള്‍ പാലിക്കുമെന്ന് കരുതുന്നുവെങ്കില്‍. ഇത് അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു അവ വിശദീകരിച്ചുതരികയാണ്.
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ അവധി എത്തുകയും ചെയ്താല്‍ അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ കളിയായിട്ടെടുക്കാതിരിക്കുവിന്‍. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അല്ലാഹു നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്‍ക്കുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്.
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര്‍ തങ്ങളുടെ അവധിക്കാലം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ഭര്ത്താക്കന്മാരെ വേള്‍ക്കുന്നത് നിങ്ങള്‍ വിലക്കരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക് ഏറെ ശ്രേഷ്ഠവും വിശുദ്ധവും. അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.
മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുട്ടി തന്റേതാണെന്ന കാരണത്താല്‍ പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.
നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തു ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്‍ത്തേണ്ട താണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
ആ സ്ത്രീകളു മായി നിങ്ങള്‍ വിവാഹക്കാര്യം വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. നിങ്ങള്‍ അവരെ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിനു നന്നായറിയാം. എന്നാല്‍ സ്വകാര്യമായി അവരുമായി ഒരുടമ്പടിയും ഉണ്ടാക്കരുത്. നിങ്ങള്‍ക്ക് അവരോട് മാന്യമായ നിലയില്‍ സംസാരിക്കാം. നിശ്ചിത അവധി എത്തുംവരെ വിവാഹ ഉടമ്പടി നടത്തരുത്. അറിയുക: തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവനെ സൂക്ഷിക്കുക. അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.
സ്ത്രീകളെ സ്പര്‍ശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുംമുമ്പെ നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കതില്‍ കുറ്റമില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് മാന്യമായ നിലയില്‍ ജീവിതവിഭവം നല്‍കണം. കഴിവുള്ളവന് തന്റെ കഴിവനുസരിച്ചും പ്രയാസപ്പെടുന്നവന് തന്റെ അവസ്ഥയനുസരിച്ചും. നല്ല മനുഷ്യരുടെ ബാധ്യതയാണിത്.
ആയിരങ്ങളുണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ വീടുവിട്ടിറങ്ങിയ ജനത യുടെ അവസ്ഥ നീ കണ്ടറിഞ്ഞില്ലേ? അല്ലാഹു അവരോട് കല്പിച്ചു: "നിങ്ങള്‍ മരിച്ചുകൊള്ളുക." പിന്നെ അല്ലാഹു അവരെ ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഉദാരത പുലര്‍ത്തുന്നവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല.
നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ഇക്കാര്യം നന്നായി മനസ്സിലാക്കുക.
അല്ലാഹുവിന് ഉത്തമമായ കടം നല്കുന്നവരായി ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് അനേകമിരട്ടിയായി തിരിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം.
നീ അറിഞ്ഞിട്ടുണ്ടോ? മൂസാക്കുശേഷമുള്ള ഇസ്രയേലി പ്രമാണിമാരുടെ കാര്യം? അവര്‍ തങ്ങളുടെ പ്രവാചകനോടു പറഞ്ഞു: “ഞങ്ങള്‍ക്കൊരു രാജാവിനെ നിശ്ചയിച്ചുതരിക. ഞങ്ങള്‍ ദൈവമാര്‍ഗത്തില്‍ പടപൊരുതാം." പ്രവാചകന് ചോദിച്ചു: “യുദ്ധത്തിന് കല്പന കിട്ടിയാല്‍ പിന്നെ, നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുമോ?" അവര്‍ പറഞ്ഞു: “ദൈവമാര്‍ഗത്തില്‍ ഞങ്ങളെങ്ങനെ പൊരുതാതിരിക്കും? ഞങ്ങളെ സ്വന്തം വീടുകളില്‍ നിന്നും മക്കളില്‍നിന്നും ആട്ടിപ്പുറത്താക്കിയിരിക്കെ?" എന്നാല്‍ യുദ്ധത്തിന് കല്പന കൊടുത്തപ്പോള്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു; ചുരുക്കം ചിലരൊഴികെ. അല്ലാഹു അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്.
അവരുടെ പ്രവാചകന് അവരെ അറിയിച്ചു: “അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു." അവര്‍ പറഞ്ഞു: “അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? രാജത്വത്തിന് അയാളെക്കാള്‍ യോഗ്യത ഞങ്ങള്‍ക്കാണല്ലോ. അയാള്‍ വലിയ പണക്കാരനൊന്നുമല്ലല്ലോ." പ്രവാചകന് പ്രതിവചിച്ചു: “അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും വൈജ്ഞാനികവുമായ കഴിവ് ധാരാളമായി നല്കിയിരിക്കുന്നു. അല്ലാഹു രാജത്വം താനിച്ഛിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും."
അവരുടെ പ്രവാചകന് അവരോടു പറഞ്ഞു: “അദ്ദേഹത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങള്‍ക്ക് തിരിച്ചുകിട്ടലാണ്. അതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാന്തിയുണ്ട്; മൂസായുടെയും ഹാറൂന്റെയും കുടുംബം വിട്ടേച്ചുപോയ വിശിഷ്ടാവശിഷ്ടങ്ങളും. മലക്കുകള്‍ അതു ചുമന്നുകൊണ്ടുവരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ മഹത്തായ തെളിവുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍!"
അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള്‍ പറഞ്ഞു: “അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ പരീക്ഷിക്കാന്‍ പോവുകയാണ്. അതില്‍നിന്ന് കുടിക്കുന്നവനാരോ, അവന് എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് എന്റെ അനുയായി. എന്നാല്‍ തന്റെ കൈകൊണ്ട് ഒരു കോരല്‍ എടുത്തവന് ഇതില്‍ നിന്നൊഴിവാണ്." പക്ഷേ, അവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും അതില്‍നിന്ന് ഇഷ്ടംപോലെ കുടിച്ചു. അങ്ങനെ ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി മുറിച്ചുകടന്നു മുന്നോട്ടുപോയപ്പോള്‍ അവര്‍ പറഞ്ഞു: “ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്‍ക്കില്ല." എന്നാല്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന വിചാരമുള്ളവര്‍ പറഞ്ഞു: “എത്രയെത്ര ചെറുസംഘങ്ങളാണ് ദിവ്യാനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്."
അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ തോല്പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില് ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു.
ആ ദൈവദൂതന്മാരില് ചിലരെ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റുചിലരെ അവന് വിശിഷ്ടമായ ചില പദവികളിലേക്കുയര്‍ത്തിയിരിക്കുന്നു. മര്‍യമിന്റെ മകന് യേശുവിന് നാം വ്യക്തമായ അടയാളങ്ങള്‍ നല്കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ പിന്മുറക്കാര് അവര്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല്‍ അവര്‍ പരസ്പരം ഭിന്നിച്ചു. അവരില്‍ വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ തമ്മിലടിക്കുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.
നീ കണ്ടില്ലേ; ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു അവന്ന് രാജാധികാരം നല്കി. ഇബ്റാഹീം പറഞ്ഞു: "ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്." അയാള്‍ അവകാശപ്പെട്ടു: "ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ!" ഇബ്റാഹീം പറഞ്ഞു: "എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക." അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്മേല്‍ മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു: "നിര്‍ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു എങ്ങനെ ജീവിപ്പിക്കാനാണ്?" അപ്പോള്‍ അല്ലാഹു അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ഉയിര്ത്തെഴുന്നേല്പിച്ചു. അല്ലാഹു ചോദിച്ചു: "നീ എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?" അയാള്‍ പറഞ്ഞു: "ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ഭാഗം." അല്ലാഹു പറഞ്ഞു: "അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്റെ അന്നപാനീയങ്ങള്‍ നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം കൊണ്ട് പൊതിയുന്നുവെന്നും." ഇങ്ങനെ സത്യം വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു: "അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു."
ഓര്‍ക്കുക: ഇബ്റാഹീം പറഞ്ഞു: "എന്റെ നാഥാ! മരിച്ചവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്കു കാണിച്ചുതരേണമേ." അല്ലാഹു ചോദിച്ചു: "നീ വിശ്വസിച്ചിട്ടില്ലേ?" അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും അതെ. എന്നാല്‍ എനിക്കു മനസ്സമാധാനം ലഭിക്കാനാണ് ഞാനിതാവശ്യപ്പെടുന്നത്." അല്ലാഹു കല്പിച്ചു: "എങ്കില്‍ നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ ഓരോ ഭാഗം ഓരോ മലയില്‍ വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിയെത്തും. അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്."
ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നു; എന്നിട്ട് ചെലവഴിച്ചത് എടുത്തുപറയുകയോ ദാനം വാങ്ങിയവരെ ശല്യപ്പെടുത്തുകയോ ചെയ്യുന്നുമില്ല; അത്തരക്കാര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ക്ക് പേടിക്കേണ്ടിവരില്ല. ദുഃഖിക്കേണ്ടിയും വരില്ല.
വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സ്വൈരം കെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ചെലവഴിക്കുന്നവനെപ്പോലെ. അതിന്റെ ഉപമയിതാ: ഒരുറച്ച പാറ; അതിന്മേല് ഇത്തിരി മണ്ണുണ്ടായിരുന്നു. അങ്ങനെ അതിന്മേല് കനത്ത മഴ പെയ്തു. അതോടെ അത് മിനുത്ത പാറപ്പുറം മാത്രമായി. അവര്‍ അധ്വാനിച്ചതിന്റെ ഫലമൊന്നുമനുഭവിക്കാനവര്‍ക്ക് കഴിഞ്ഞില്ല. അല്ലാഹു സത്യനിഷേധികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.
ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതും മതിയാകും. നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു.
വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉത്പാദിപ്പിച്ചുതന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. നീചവൃത്തികള്‍ക്കു നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹു തന്നില്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം നല്കുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ്.
അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് നല്കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്ന്, കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ബുദ്ധിമാന്മാര് മാത്രമേ ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്നുള്ളൂ.
ജനങ്ങളെ നേര്‍വഴിയിലാക്കേണ്ട ബാധ്യതയൊന്നും നിനക്കില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നിങ്ങള്‍ നല്ലതെന്തെങ്കിലും ചെലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നന്മക്കുവേണ്ടിത്തന്നെയാണ്. ദൈവപ്രീതി പ്രതീക്ഷിച്ച് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. നിങ്ങളൊട്ടും അനീതിക്കിരയാവുകയില്ല.
ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്വേഷിക്കാന്‍ അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ തീവ്രയത്നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള്‍ നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാണ്.
പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല. “കച്ചവടവും പലിശപോലെത്തന്നെ" എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
നിങ്ങള്‍ ദൈവസന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. അന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. ആരും അനീതിക്കിരയാവില്ല.
വിശ്വസിച്ചവരേ, നിശ്ചിത അവധി നിര്‍ണയിച്ച് നിങ്ങള്‍ വല്ല കടമിടപാടും നടത്തുകയാണെങ്കില്‍ അത് രേഖപ്പെടുത്തിവെക്കണം. എഴുതുന്നയാള്‍ നിങ്ങള്‍ക്കിടയില്‍ അത് നീതിയോടെ കുറിച്ചുവെക്കട്ടെ. ഒരെഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ച പോലെ എഴുതാന്‍ വിസമ്മതിക്കരുത്. അയാളത് രേഖപ്പെടുത്തുകയും കടബാധ്യതയുള്ളവന് പറഞ്ഞുകൊടുക്കുകയും വേണം. അയാള്‍ അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യട്ടെ. അഥവാ, കടക്കാരന് മൂഢനോ കാര്യശേഷി കുറഞ്ഞവനോ പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നീതിനിഷ്ഠമായി വാചകം പറഞ്ഞുകൊടുക്കണം. നിങ്ങളിലെ രണ്ടു പുരുഷന്മാരെ സാക്ഷിനിര്‍ത്തണം. അഥവാ, രണ്ടു പുരുഷന്മാരില്ലെങ്കില് നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പുരുഷനും രണ്ട് സ്ത്രീ യും സാക്ഷികളായുണ്ടാവണം. അവരില്‍ ഒരുവള്‍ക്ക് പിശകുപറ്റിയാല്‍ മറ്റവള് ഓര്‍മിപ്പിക്കാനാണിത്. സാക്ഷികളെ വിളിച്ചാല്‍ അവരതിന് വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി നിശ്ചയിച്ച് രേഖപ്പെടുത്താന്‍ വിമുഖത കാണിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റം നീതിനിഷ്ഠം. സാക്ഷ്യത്തിന് കൂടുതല്‍ കരുത്തുനല്‍കുന്നതും നിങ്ങള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഏറ്റം പറ്റിയതും അതുതന്നെ. എന്നാല്‍ നിങ്ങള്‍ റൊക്കമായി നടത്തുന്ന കച്ചവട ഇടപാടുകള്‍ക്കിതു ബാധകമല്ല. അത് രേഖപ്പെടുത്താതിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാലും നിങ്ങള്‍ കൊള്ളക്കൊടുക്കകള്‍ നടത്തുമ്പോള്‍ സാക്ഷിനിര്‍ത്തണം. അതോടൊപ്പം എഴുത്തുകാരനോ സാക്ഷിയോ പീഡിപ്പിക്കപ്പെടരുത്. അങ്ങനെ നിങ്ങള്‍ ചെയ്യുന്നുവെങ്കില്‍ അത് അധര്‍മമാണ്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്കെല്ലാം വിശദമായി പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനത്രെ.
അഥവാ, നിങ്ങള്‍ യാത്രയിലാവുകയും എഴുതാന്‍ ആളെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയവസ്തുക്കള്‍ കൈമാറിയാല്‍ മതി. നിങ്ങളിലൊരാള്‍ മറ്റൊരാളെ വല്ലതും വിശ്വസിച്ചേല്‍പിച്ചാല്‍ അയാള്‍ തന്റെ വിശ്വാസ്യത പാലിക്കണം. തന്റെ നാഥനെ സൂക്ഷിക്കുകയും വേണം. നിങ്ങള്‍ സാക്ഷ്യം ഒരിക്കലും മറച്ചുവെക്കരുത്. ആരതിനെ മറച്ചുവെക്കുന്നുവോ, അവന്റെ മനസ്സ് പാപപങ്കിലമാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. ഒരുവന് സമ്പാദിച്ചതിന്റെ സദ്ഫലം അവന്നുള്ളതാണ്. അവന് സമ്പാദിച്ചതിന്റെ ദുഷ്ഫലവും അവന്നുതന്നെ. "ഞങ്ങളുടെ നാഥാ; മറവി സംഭവിച്ചതിന്റെയും പിഴവു പറ്റിയതിന്റെയും പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പൂര്‍വികരെ വഹിപ്പിച്ചതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു താങ്ങാനാവാത്ത കൊടും ഭാരം ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്കു നീ മാപ്പേകേണമേ! പൊറുത്തു തരേണമേ. ഞങ്ങളോടു നീ കരുണ കാണിക്കേണമേ. നീയാണല്ലോ ഞങ്ങളുടെ രക്ഷകന്. അതിനാല്‍ സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ."