അത് ഇതിനു മുമ്പാണ്. ഇതെല്ലാം മനുഷ്യര്‍ക്ക് വഴികാണിക്കാനുള്ളതാണ്. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന് ഇറക്കിത്തന്നു. അതിനാല്‍ ഇനിയും അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ശിക്ഷ നടപ്പാക്കുന്നവനുമാകുന്നു.
അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്." ബുദ്ധിമാന്മാര് മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.
സത്യനിഷേധികള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷകിട്ടാന്‍ അവരുടെ സ്വത്തോ സന്താനങ്ങളോ തീരെ ഉപകരിക്കുകയില്ല. അവരാണ് നരകത്തീയിലെ വിറകായിത്തീരുന്നവര്‍.
ഫറവോന്റെ ആള്‍ക്കാരുടെയും അവര്‍ക്ക് മുമ്പുള്ളവരുടെയും അനുഭവം തന്നെയാണ് ഇവര്‍ക്കുമുണ്ടാവുക. അവരെല്ലാം നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. ഒരു വിഭാഗം ദൈവമാര്‍ഗത്തില്‍ പടവെട്ടുകയായിരുന്നു. മറു വിഭാഗം സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില് സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ തന്റെ സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ഗുണപാഠമുണ്ട്.
താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സാക്ഷ്യം സമര്‍പ്പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന് നീതി നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍.
ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാംതന്നെ. വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍നിന്ന് തെന്നിമാറിയത് അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്.
വേദവിജ്ഞാനത്തില്‍നിന്ന് ഒരു വിഹിതം കിട്ടിയ കൂട്ടരെ ക്കുറിച്ച് നീ അറിഞ്ഞില്ലേ? അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്പിക്കാന് അല്ലാഹുവിന്റെ വേദത്തിലേക്ക് അവരെ ക്ഷണിക്കുമ്പോള്‍ ഒരു വിഭാഗം ഒഴിഞ്ഞു മാറി പിന്തിരിഞ്ഞുപോകുന്നു.
ഒരു ദിനം നാമവരെ ഒരുമിച്ചുകൂട്ടും. അന്ന് അവരുടെ അവസ്ഥ എന്തായിരിക്കും? അങ്ങനെ സംഭവിക്കുമെന്നതിലൊട്ടും സംശയമില്ല. അന്ന് ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കും. ആരോടും ഒട്ടും അനീതിയുണ്ടാവില്ല.
പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.
നീ രാവിനെ പകലിലേക്ക് കടത്തിവിടുന്നു. പകലിനെ രാവിലേക്കും കടത്തിവിടുന്നു. നീ ജീവനില്ലാത്തതില്നിന്ന് ജീവനുള്ളതിനെ ഉണ്ടാക്കുന്നു. ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറപ്പെടുവിക്കുന്നു. നീ ഇച്ഛിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ കൊടുക്കുന്നു.
പറയുക: നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും തെളിയിച്ചുകാട്ടിയാലും അല്ലാഹു അറിയും. ആകാശഭൂമികളിലുള്ളതെല്ലാം അവനറിയുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.
ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ."
പിന്നീട് ആ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള് പറഞ്ഞു: "എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്- അവള് പ്രസവിച്ചത് ആരെയെന്ന് നന്നായറിയുന്നവനാണ് അല്ലാഹു.-ആണ്‍കുഞ്ഞ് പെണ്കുഞ്ഞിനെപ്പോലെയല്ലല്ലോ. ആ കുഞ്ഞിന് ഞാന്‍ മര്‍യം എന്നു പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് രക്ഷിക്കാനായി ഞാനിതാ നിന്നിലഭയം തേടുന്നു."
അവിടെവെച്ച് സകരിയ്യാ തന്റെ നാഥനോട് പ്രാര്‍ഥിച്ചു: "എന്റെ നാഥാ, എനിക്കു നീ നിന്റെ വകയായി നല്ലവരായ മക്കളെ നല്കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലോ."
അങ്ങനെ അദ്ദേഹം “മിഹ്റാബില്‍" പ്രാര്ഥിച്ചുകൊണ്ടു നില്‍ക്കെ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: "നിശ്ചയമായും അല്ലാഹു നിന്നെ യഹ്യാ യെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവില്‍നിന്നുള്ള വചന ത്തെ സത്യപ്പെടുത്തുന്നവനായാണ് അവന് വരിക. അവന് നേതാവും ആത്മസംയമനം പാലിക്കുന്നവനും സദ്വൃത്തരില്‍പ്പെട്ട പ്രവാചകനുമായിരിക്കും."
അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ! എനിക്കു നീ ഒരടയാളം കാണിച്ചുതന്നാലും." അല്ലാഹു അറിയിച്ചു: "നിനക്കുള്ള അടയാളം മൂന്നുനാള്‍ ആംഗ്യഭാഷയിലല്ലാതെ ജനങ്ങളോട് സംസാരിക്കാതിരിക്കലാണ്. നിന്റെ നാഥനെ ആവോളം സ്മരിക്കുക. രാവിലെയും വൈകുന്നേരവും അവന്റെ വിശുദ്ധി വാഴ്ത്തുക."
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു".
നാം നിനക്ക് ബോധനംനല്‍കുന്ന അഭൌതിക വിവരങ്ങളില്‍പെട്ടതാണിത്. തങ്ങളില്‍ ആരാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ അവര്‍ തങ്ങളുടെ എഴുത്താണികള്‍ എറിഞ്ഞപ്പോള്‍ നീ അവരോടൊപ്പമുണ്ടായിരുന്നില്ല. അക്കാര്യത്തിലവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ അവിടെയുണ്ടായിരുന്നില്ല.
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ് ഈസാ എന്നാകുന്നു. അവന് ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും".
അവള് ചോദിച്ചു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!" അല്ലാഹു അറിയിച്ചു: "അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന് ഒരു കാര്യം തീരുമാനിച്ചാല്‍ “ഉണ്ടാവുക" എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു."
"തൌറാത്തില്‍ നിന്ന് എന്റെ മുമ്പിലുള്ളതിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്. നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക.
"ഞങ്ങളുടെ നാഥാ, നീ ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. നിന്റെ ദൂതനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും നീ ഉള്‍പ്പെടുത്തേണമേ."
അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് അടര്‍ത്തിയെടുത്ത് നിന്നെ നാം വിശുദ്ധനാക്കും. നിന്നെ പിന്‍പറ്റിയവരെ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ സത്യനിഷേധികളെക്കാള്‍ ഉന്നതരാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്പിക്കും.
അതോടൊപ്പം, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് “ഉണ്ടാവുക" എന്ന് കല്പിച്ചു. അങ്ങനെ അദ്ദേഹം ഉണ്ടായി.
നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ ഒരുപാട് തര്‍ക്കിച്ചു. ഇപ്പോള്‍ നിങ്ങളെന്തിന് അറിയാത്ത കാര്യത്തിലും തര്‍ക്കിക്കുന്നു? അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ ഒന്നും അറിയുന്നുമില്ല.
വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു: "ഈ വിശ്വാസികള്‍ക്ക് അവതീര്‍ണമായതില്‍ പകലിന്റെ പ്രാരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലറുതിയില്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുക. അതുകണ്ട് ആ വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം".
വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്പിച്ചാല്പോലും നിനക്ക് അവരത് മടക്കിത്തരില്ല- നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ. അതിനു കാരണം അവരിങ്ങനെ വാദിച്ചുകൊണ്ടിരിക്കുന്നതാണ്: "ഈ നിരക്ഷരരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറ്റമുണ്ടാവാനിടയില്ല." അവര്‍ ബോധപൂര്‍വം അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.
അല്ല; ആരെങ്കിലും തന്റെ പ്രതിജ്ഞ പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ അറിയുക: തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെ ഇഷ്ടപ്പെടുന്നു.
അല്ലാഹുവോടുള്ള പ്രതിജ്ഞയും സ്വന്തം ശപഥങ്ങളും നിസ്സാര വിലയ്ക്ക് വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ നോക്കുകയോ സംസ്കരിക്കുകയോ ഇല്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുക; എന്നിട്ട് അയാള്‍ ജനങ്ങളോട് “നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനുപകരം എന്റെ അടിമകളാവുക" എന്ന് പറയുക; ഇത് ഒരു മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് അയാള്‍ പറയുക “നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവഭക്തരാവുക" എന്നായിരിക്കും.
ഓര്‍ക്കുക: അല്ലാഹു പ്രവാചകന്മാരോടിങ്ങനെ ഉറപ്പ് വാങ്ങിയ സന്ദര്‍ഭം: "ഞാന്‍ നിങ്ങള്‍ക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും നല്കി. പിന്നീട് നിങ്ങളുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൈവദൂതന് നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണം." അല്ലാഹു അവരോടു ചോദിച്ചു: "നിങ്ങളിതംഗീകരിക്കുകയും അതനുസരിച്ച് എന്നോടുള്ള കരാര്‍ ഒരു ബാധ്യതയായി ഏറ്റെടുക്കുകയും ചെയ്തില്ലേ?" അവര്‍ അറിയിച്ചു: "അതെ, ഞങ്ങളംഗീകരിച്ചിരിക്കുന്നു." അല്ലാഹു പറഞ്ഞു: "എങ്കില്‍ നിങ്ങളതിന് സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായുണ്ട്."
അല്ലാഹുവിന്റെ ജീവിതവ്യവസ്ഥയല്ലാത്ത മറ്റുവല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനുമാത്രം കീഴ്പ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്കും അവങ്കലേക്കു തന്നെ.
സത്യവിശ്വാസം സ്വീകരിച്ചശേഷം വീണ്ടും സത്യനിഷേധികളായ ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? ദൈവദൂതന് സത്യവാനാണെന്ന് സ്വയം സാക്ഷ്യം വഹിച്ചവരാണിവര്‍. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
പറയുക: അല്ലാഹു അരുളിയത് സത്യം തന്നെ. അതിനാല്‍ നിര്‍മല ഹൃദയനായ ഇബ്റാഹീമിന്റെ പാത നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന് നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.
വിശ്വസിച്ചവരേ, വേദം കിട്ടിയവരിലൊരു വിഭാഗത്തിന്റെ വാദം നിങ്ങള്‍ സ്വീകരിച്ചാല്‍, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ വീണ്ടുമവര്‍ അവിശ്വാസികളാക്കിമാറ്റും.
നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കു നല്കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന് നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍നിന്ന് അവന് നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ സന്മാര്ഗം പ്രാപിച്ചവരാകാന്‍.
ചില മുഖങ്ങള്‍ പ്രസന്നമാവുകയും മറ്റുചില മുഖങ്ങള്‍ ഇരുളുകയും ചെയ്യുന്ന ദിനമാണതുണ്ടാവുക. അന്ന് മുഖം ഇരുണ്ടവരോട് ഇങ്ങനെ പറയും: "സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളാവുകയല്ലേ നിങ്ങള്‍ ചെയ്തത്? അവ്വിധം സത്യനിഷേധികളായതിനാല്‍ നിങ്ങളിന്ന് കൊടിയ ശിക്ഷ അനുഭവിച്ചുകൊള്ളുക."
നേരിയ ചില ശല്യമല്ലാതെ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അഥവാ, അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ ഉറപ്പായും അവര്‍ പിന്തിരിഞ്ഞോടും. പിന്നെ അവര്‍ക്ക് എവിടെനിന്നും ഒരു സഹായവും കിട്ടുകയില്ല.
അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.
എന്നാല്‍ സത്യനിഷേധികളോ, അവരുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ തീരെ രക്ഷിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ നിത്യവാസികളായിരിക്കും.
ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ഉപമ കൊടുംതണുപ്പുള്ള ഒരു ശീതക്കാറ്റിന്റെതാണ്. അത് സ്വന്തത്തോട് അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തെ ബാധിച്ചു. അങ്ങനെയത് ആ കൃഷിയെ നിശ്ശേഷം നശിപ്പിച്ചു. അല്ലാഹു അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ല. അവര്‍ തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു.
സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിന് താവളമൊരുക്കാനായി നീ നിന്റെ കുടുംബത്തില്‍നിന്ന് പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച കാര്യം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
സംശയം വേണ്ടാ, നിങ്ങള്‍ ക്ഷമയവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും നിങ്ങളുടെ നാഥന്, തിരിച്ചറിയാന്‍ കഴിയുന്ന അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും.
അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായാണ്; നിങ്ങളുടെ മനസ്സുകള്‍ ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.
നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടാനായി നിങ്ങള്‍ ധൃതിയില്‍ മുന്നോട്ടുവരിക. ഭക്തന്മാര്ക്കായി തയ്യാറാക്കിയതാണത്.
മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ദൈവദൂതന്മാര് കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില് അറിയുക: അവന് അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.
ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും മരിക്കാനാവില്ല. മരണസമയം സുനിശ്ചിതമാണ്. ആരെങ്കിലും ഇഹലോകത്തിലെ പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവനത് നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് കൊതിക്കുന്നതെങ്കില്‍ നാമവന് അതും കൊടുക്കും. നന്ദി കാണിക്കുന്നവര്‍ക്ക് നാം നല്ല പ്രതിഫലം നല്‍കും.
അവരുടെ പ്രാര്‍ഥന ഇതുമാത്രമായിരുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുപോയ അതിരുകവിച്ചിലുകളും ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ. സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ!"
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കും. അല്ലാഹുവിന്റെ പങ്കാളികളാണെന്നതിന് അവനൊരു തെളിവും നല്കിയിട്ടില്ലാത്ത വസ്തുക്കളെ അവര്‍ അവന്റെ പങ്കാളികളാക്കിയതിനാലാണിത്. നാളെ അവരുടെ താവളം നരകമത്രെ. അക്രമികളുടെ വാസസ്ഥലം എത്ര ചീത്ത!
അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതി പ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക താത്പര്യങ്ങളുള്ളവരുണ്ട്. പരലോകം കൊതിക്കുന്നവരുമുണ്ട്. പിന്നീട് അല്ലാഹു നിങ്ങളെ അവരില്‍നിന്ന് പിന്തിരിപ്പിച്ചു; നിങ്ങളെ പരീക്ഷിക്കാന്‍. അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അവന് സത്യവിശ്വാസികളോട് അത്യുദാരന്‍ തന്നെ.
പിന്നെ, ആ ദുഃഖത്തിനുശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങിയുറങ്ങാവുന്ന ശാന്തി നല്കി. നിങ്ങളിലൊരു വിഭാഗം ആ മയക്കത്തിന്റെ ശാന്തത അനുഭവിച്ചു. മറ്റൊരു വിഭാഗം സ്വന്തത്തെപ്പറ്റി മാത്രം ചിന്തിച്ച് അസ്വസ്ഥരായി. അവര്‍ അല്ലാഹുവെ സംബന്ധിച്ച് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ ചോദിക്കുന്നു: "കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് വല്ല പങ്കുമുണ്ടോ?” പറയുക: "കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ അധീനതയിലാണ്.” അറിയുക: അവര്‍ നിന്നോട് വെളിപ്പെടുത്താത്ത ചിലത് മനസ്സുകളിലൊളിപ്പിച്ചുവെക്കുന്നുണ്ട്. അവര്‍ പറയുന്നു: "കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് പങ്കുണ്ടായിരുന്നെങ്കില്‍ നാം ഇവിടെ വെച്ച് നശിക്കുമായിരുന്നില്ല.” പറയുക: "നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാല്‍ പോലും വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലത്തേക്ക് സ്വയം പുറപ്പെട്ടുവരുമായിരുന്നു. ഇപ്പോള്‍ നടന്നതെല്ലാം, നിങ്ങളുടെ നെഞ്ചകത്തുള്ളതിനെ അല്ലാഹു പരീക്ഷിക്കാനും നിങ്ങളുടെ മനസ്സിലുള്ളത് കറകളഞ്ഞെടുക്കാനുമാണ്. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.”
രണ്ടു കൂട്ടര് ഏറ്റുമുട്ടിയ ദിവസം; നിങ്ങളില്‍നിന്ന് പിന്തിരിഞ്ഞുപോയവരെ തങ്ങളുടെ തന്നെ ചില ചെയ്തികള്‍ കാരണം പിശാച് വഴിപിഴപ്പിക്കുകയായിരുന്നു. അല്ലാഹു അവര്‍ക്ക് മാപ്പേകിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനും തന്നെ.
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൌമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്പിക്കാനാര്ക്കും കഴിയില്ല. അവന് നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അവനില്‍ ഭരമേല്പിക്കട്ടെ.
വഞ്ചന നടത്തുകയെന്നത് ഒരു പ്രവാചകനില്‍നിന്നുമുണ്ടാവില്ല. ആരെങ്കിലും വല്ലതും വഞ്ചിച്ചെടുത്താല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അയാള്‍ തന്റെ ചതിക്കെട്ടുമായാണ് ദൈവസന്നിധിയിലെത്തുക. പിന്നീട് എല്ലാ ഓരോരുത്തര്‍ക്കും താന്‍ നേടിയതിന്റെ ഫലം പൂര്‍ണമായി നല്‍കും. ആരോടും ഒരനീതിയും കാണിക്കുകയില്ല.
തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്കരിച്ചെടുക്കുന്നു. വേദപുസ്തകവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നു. അവരോ, അതിനു മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.
നിങ്ങളെ ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും “ഇതെങ്ങനെ സംഭവിച്ചു”വെന്ന് നിങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കേല്‍പിച്ചിട്ടുണ്ട്. പറയുക: "ഇത് നിങ്ങളുടെ ഭാഗത്തുനിന്നുതന്നെ സംഭവിച്ചതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.”
രണ്ടു വിഭാഗം ഏറ്റുമുട്ടിയ ദിവസം നിങ്ങളെ ബാധിച്ച വിപത്ത് ദൈവഹിതമനുസരിച്ചു തന്നെയാണ്. നിങ്ങളിലെ യഥാര്‍ഥ വിശ്വാസികളാരെന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയാണത്.
കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും. "നിങ്ങള്‍ വരൂ! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ; അല്ലെങ്കില്‍ ചെറുത്തുനില്ക്കുകയെങ്കിലും ചെയ്യൂ” എന്ന് കല്പിച്ചപ്പോള് അവര്‍ പറഞ്ഞു: "യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളെ പിന്തുടരുമായിരുന്നു.” അന്ന് അവര്‍ക്ക് സത്യവിശ്വാസത്തേക്കാള്‍ അടുപ്പം സത്യനിഷേധത്തോടായിരുന്നു. അവരുടെ മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കേകിയ തില്‍ അവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നെത്തിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്ന് അവരറിയുന്നതിനാലാണിത്.
"നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം” എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേേല്‍പിക്കാന്‍ ഏറ്റം പറ്റിയവന് അവനാണ്.”
അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും ബുദ്ധിമുട്ടൊന്നുമുണ്ടാവാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അനുധാവനം ചെയ്തു മുന്നേറി. അതിമഹത്തായ ഔദാര്യത്തിനുടമയാണ് അല്ലാഹു.
അത് പിശാചു തന്നെ. അവന് തന്റെ മിത്രങ്ങളെ ക്കാണിച്ച് നിങ്ങളെ ഭയപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങളവരെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!
സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടിക്കൊടുക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവരൊരിക്കലും കരുതേണ്ടതില്ല. അവര്‍ തങ്ങളുടെ കുറ്റം പെരുപ്പിച്ചുകൊണ്ടിരിക്കാന്‍ മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്. ഏറ്റം നിന്ദ്യമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.
ഞങ്ങളുടെ മുന്നില്‍വച്ച് ഒരു ബലിനടത്തി അതിനെ തീ വന്നു തിന്നുംവരെ ഒരു ദൈവദൂതനിലും വിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു ഞങ്ങളോട് കരാര്‍ ചെയ്തിരിക്കുന്നുവെന്ന് വാദിക്കുന്നവരോട് പറയുക: വ്യക്തമായ തെളിവുകളോടെയും നിങ്ങളിപ്പറഞ്ഞതൊക്കെ ചെയ്തുകാണിച്ചും ദൈവദൂതന്മാര് നിങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ. എന്നിട്ടും നിങ്ങളവരെ കൊന്നതെന്തിന്? നിങ്ങള്‍ സത്യവാദികളെങ്കില്‍!
അതിനാല്‍ നിന്നെ അവര്‍ തള്ളിപ്പറയുന്നുവെങ്കില്‍ നിനക്കുമുമ്പും നിരവധി ദൈവദൂതന്മാരെ അവര്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവരൊക്കെയും വ്യക്തമായ തെളിവുകളും ഏടുകളും പ്രകാശം പരത്തുന്ന വേദപുസ്തകവുമായി വന്നവരായിരുന്നു.
തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കുമുമ്പെ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ക്ഷമപാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ.
ഓര്‍ക്കുക: വേദം കിട്ടിയവരോട് അവരത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും അത് ഒളിപ്പിച്ചുവെക്കരുതെന്നും അല്ലാഹു ഉറപ്പ് വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ.
സ്വന്തം ചെയ്തികളില്‍ ഊറ്റം കൊള്ളുകയും, ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ പ്രശംസ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍നിന്നൊഴിവാകുമെന്ന് നീ കരുതരുത്. അവര്‍ക്കാണ് നോവേറിയ ശിക്ഷയുള്ളത്.
"ഞങ്ങളുടെ നാഥാ! സത്യവിശ്വാസത്തിലേക്കു ക്ഷണിക്കുന്ന ഒരു വിളിയാളന്‍ “നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിക്കുവിന്‍” എന്നു വിളംബരംചെയ്യുന്നത്് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ നാഥാ! അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ. ഞങ്ങളുടെ തിന്മകളെ മായ്ച്ചുകളയുകയും സല്‍ക്കര്‍മികളായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
"ഞങ്ങളുടെ നാഥാ; നിന്റെ ദൂതന്മാരിലൂടെ നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതൊക്കെയും ഞങ്ങള്‍ക്കു നല്കേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഞങ്ങളെ നീ നിന്ദിക്കരുതേ. നിശ്ചയമായും നീ വാഗ്ദാനംലംഘിക്കുകയില്ല.”