Back to Languages

Malayalam - Chapter 36 - Ya-Sin

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Ya-Sin 36:1

യാസീന്‍

Verse 2 — Surah Ya-Sin 36:2

തത്ത്വങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഖുര്‍ആന്‍ തന്നെ സത്യം

Verse 3 — Surah Ya-Sin 36:3

തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ ഒരുവനാകുന്നു

Verse 4 — Surah Ya-Sin 36:4

ഉറപ്പായും നീ നേര്‍വഴിയിലാണ്

Verse 5 — Surah Ya-Sin 36:5

പ്രതാപിയും പരമകാരുണികനുമായവന്‍ ഇറക്കിയതാണ് ഈ ഖുര്‍ആന്‍

Verse 6 — Surah Ya-Sin 36:6

ഒരു ജനതക്കു മുന്നറിയിപ്പു നല്‍കാനാണിത്. അവരുടെ പിതാക്കള്‍ക്ക് ഇതുപോലൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. അതിനാലവര്‍ ബോധമില്ലാത്തവരാണ്

Verse 7 — Surah Ya-Sin 36:7

അവരിലേറെ പേരും ശിക്ഷാവിധിക്കര്‍ഹരായിരിക്കുന്നു. അതിനാല്‍ അവരിതു വിശ്വസിക്കുകയില്ല

Verse 8 — Surah Ya-Sin 36:8

അവരുടെ കണ്ഠങ്ങളില്‍ നാം കൂച്ചുവിലങ്ങണിയിച്ചിരിക്കുന്നു. അതവരുടെ താടിയെല്ലുകള്‍ വരെയുണ്ട്. അതിനാലവര്‍ക്ക് തല പൊക്കിപ്പിടിച്ചേ നില്‍ക്കാനാവൂ

Verse 9 — Surah Ya-Sin 36:9

നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല

Verse 10 — Surah Ya-Sin 36:10

നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല

Verse 11 — Surah Ya-Sin 36:11

നിന്റെ താക്കീതുപകരിക്കുക ഉദ്ബോധനം പിന്‍പറ്റുകയും ദയാപരനായ അല്ലാഹുവെ കാണാതെ തന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. അതിനാലവരെ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുക

Verse 12 — Surah Ya-Sin 36:12

നിശ്ചയമായും നാം മരിച്ചവരെ ജീവിപ്പിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു

Verse 13 — Surah Ya-Sin 36:13

ഒരു ഉദാഹരണമെന്ന നിലയില്‍ ആ നാട്ടുകാരുടെ കഥ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക: ദൈവദൂതന്മാര്‍ അവിടെ ചെന്ന സന്ദര്‍ഭം

Verse 14 — Surah Ya-Sin 36:14

നാം അവരുടെ അടുത്തേക്ക് രണ്ടു ദൈവദൂതന്മാരെ അയച്ചു. അപ്പോള്‍ അവരിരുവരെയും ആ ജനം തള്ളിപ്പറഞ്ഞു. പിന്നെ നാം മൂന്നാമതൊരാളെ അയച്ച് അവര്‍ക്ക് പിന്‍ബലമേകി. അങ്ങനെ അവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു: "ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ട ദൈവദൂതന്മാരാണ്

Verse 15 — Surah Ya-Sin 36:15

ആ ജനം പറഞ്ഞു: "നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. പരമദയാലുവായ ദൈവം ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണ്

Verse 16 — Surah Ya-Sin 36:16

അവര്‍ പറഞ്ഞു: "ഞങ്ങളുടെ നാഥന്നറിയാം; ഉറപ്പായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കയക്കപ്പെട്ട ദൈവദൂതന്മാരാണെന്ന്

Verse 17 — Surah Ya-Sin 36:17

സന്ദേശം വ്യക്തമായി എത്തിച്ചുതരുന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നും ഞങ്ങള്‍ക്കില്ല

Verse 18 — Surah Ya-Sin 36:18

ആ ജനം പറഞ്ഞു: "തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും

Verse 19 — Surah Ya-Sin 36:19

ദൂതന്മാര്‍ പറഞ്ഞു: "നിങ്ങളുടെ ദുശ്ശകുനം നിങ്ങളോടൊപ്പമുള്ളതു തന്നെയാണ്. നിങ്ങള്‍ക്ക് ഉദ്ബോധനം നല്‍കിയതിനാലാണോ ഇതൊക്കെ? എങ്കില്‍ നിങ്ങള്‍ വല്ലാതെ പരിധിവിട്ട ജനം തന്നെ

Verse 20 — Surah Ya-Sin 36:20

ആ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ ഈ ദൈവദൂതന്മാരെ പിന്‍പറ്റുക

Verse 21 — Surah Ya-Sin 36:21

നിങ്ങളോട് പ്രതിഫലമൊന്നും ആവശ്യപ്പെടാത്തവരും നേരെ ചൊവ്വെ ജീവിക്കുന്നവരുമായ ഇവരെ പിന്‍തുടരുക

Verse 22 — Surah Ya-Sin 36:22

ആരാണോ എന്നെ സൃഷ്ടിച്ചത്; ആരിലേക്കാണോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്; ആ അല്ലാഹുവെ വഴിപ്പെടാതിരിക്കാന്‍ എനിക്കെന്തു ന്യായം

Verse 23 — Surah Ya-Sin 36:23

അവനെയല്ലാതെ മറ്റുള്ളവയെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കുകയോ? ആ പരമകാരുണികന്‍ എനിക്കു വല്ല വിപത്തും വരുത്താനുദ്ദേശിച്ചാല്‍ അവരുടെ ശിപാര്‍ശയൊന്നും എനിക്കൊട്ടും ഉപകരിക്കുകയില്ല. അവരെന്നെ രക്ഷിക്കുകയുമില്ല

Verse 24 — Surah Ya-Sin 36:24

അങ്ങനെ ചെയ്താല്‍ സംശയമില്ല. ഞാന്‍ വ്യക്തമായ വഴികേടിലായിരിക്കും

Verse 25 — Surah Ya-Sin 36:25

തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളെന്റെ വാക്ക് കേള്‍ക്കുക

Verse 26 — Surah Ya-Sin 36:26

“നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക” എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: "ഹാ, എന്റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍

Verse 27 — Surah Ya-Sin 36:27

അഥവാ, എന്റെ നാഥന്‍ എനിക്കു മാപ്പേകിയതും എന്നെ ആദരണീയരിലുള്‍പ്പെടുത്തിയതും

Verse 28 — Surah Ya-Sin 36:28

അതിനുശേഷം നാം അദ്ദേഹത്തിന്റെ ജനതയുടെ നേരെ ഉപരിലോകത്തുനിന്ന് ഒരു സൈന്യത്തെയും ഇറക്കിയിട്ടില്ല. അങ്ങനെ ഇറക്കേണ്ട ആവശ്യവും നമുക്കുണ്ടായിട്ടില്ല

Verse 29 — Surah Ya-Sin 36:29

അതൊരു ഘോരഗര്‍ജനം മാത്രമായിരുന്നു. അപ്പോഴേക്കും അവരൊക്കെയും നാമാവശേഷമായി

Verse 30 — Surah Ya-Sin 36:30

ആ അടിമകളുടെ കാര്യമെത്ര ദയനീയം! അവരിലേക്ക് ചെന്ന ഒരൊറ്റ ദൈവദൂതനെപ്പോലും അവര്‍ പുച്ഛിക്കാതിരുന്നിട്ടില്ല

Verse 31 — Surah Ya-Sin 36:31

ഇവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? പിന്നെ അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവന്നിട്ടില്ല. ഇതൊന്നും ഇക്കൂട്ടര്‍ കാണുന്നില്ലേ

Verse 32 — Surah Ya-Sin 36:32

സംശയമില്ല; അവരെല്ലാം നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടും

Verse 33 — Surah Ya-Sin 36:33

ഈ ജനത്തിന് വ്യക്തമായ ഒരു ദൃഷ്ടാന്തമിതാ: ചത്തുകിടക്കുന്ന ഭൂമി, നാം അതിനെ ജീവനുള്ളതാക്കി. അതില്‍ ധാരാളം ധാന്യം വിളയിച്ചു. എന്നിട്ട് അതില്‍ നിന്നിവര്‍ തിന്നുന്നു

Verse 34 — Surah Ya-Sin 36:34

നാമതില്‍ ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുണ്ടാക്കി. അതിലെത്രയോ ഉറവകള്‍ ഒഴുക്കി

Verse 35 — Surah Ya-Sin 36:35

അതിന്റെ പഴങ്ങളിവര്‍ തിന്നാനാണിതെല്ലാമുണ്ടാക്കിയത്. ഇവരുടെ കൈകള്‍ അധ്വാനിച്ചുണ്ടാക്കിയവയല്ല ഇതൊന്നും. എന്നിട്ടും ഇക്കൂട്ടര്‍ നന്ദി കാണിക്കുന്നില്ലേ

Verse 36 — Surah Ya-Sin 36:36

ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍

Verse 37 — Surah Ya-Sin 36:37

രാവും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ ഇവര്‍ ഇരുളിലകപ്പെടുന്നു

Verse 38 — Surah Ya-Sin 36:38

സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്

Verse 39 — Surah Ya-Sin 36:39

ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു

Verse 40 — Surah Ya-Sin 36:40

ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്

Verse 41 — Surah Ya-Sin 36:41

ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്

Verse 42 — Surah Ya-Sin 36:42

ഇവര്‍ക്കായി ഇതുപോലുള്ള വേറെയും വാഹനങ്ങള്‍ നാമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്

Verse 43 — Surah Ya-Sin 36:43

നാമിച്ഛിക്കുന്നുവെങ്കില്‍ നാമവരെ മുക്കിക്കൊല്ലും. അപ്പോഴിവരുടെ നിലവിളി കേള്‍ക്കാനാരുമുണ്ടാവില്ല. ഇവര്‍ രക്ഷപ്പെടുകയുമില്ല

Verse 44 — Surah Ya-Sin 36:44

അങ്ങനെയൊന്ന് സംഭവിക്കാത്തത് നമ്മുടെ കാരുണ്യംകൊണ്ട് മാത്രമാണ്. ഇവര്‍ നിശ്ചിത പരിധിവരെ ജീവിതസുഖം അനുഭവിക്കാനും

Verse 45 — Surah Ya-Sin 36:45

നിങ്ങള്‍ക്കു മുന്നില്‍ സംഭവിക്കുന്നതും നേരത്തെ സംഭവിച്ചുകഴിഞ്ഞതുമായ വിപത്തുകളെ സൂക്ഷിക്കുക. നിങ്ങള്‍ക്കു കാരുണ്യം കിട്ടിയേക്കാം" എന്ന് ഇവരോടാവശ്യപ്പെട്ടാല്‍ ഇവരത് തീരേ ശ്രദ്ധിക്കുകയില്ല

Verse 46 — Surah Ya-Sin 36:46

ഇവര്‍ക്ക് തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍നിന്ന് ഏതൊന്ന് വന്നെത്തിയാലും ഇവരത് പാടേ അവഗണിച്ചുതള്ളുന്നു

Verse 47 — Surah Ya-Sin 36:47

നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക" എന്നാവശ്യപ്പെട്ടാല്‍ സത്യനിഷേധികള്‍ വിശ്വാസികളോടു പറയും: "അല്ലാഹു വിചാരിച്ചിരുന്നെങ്കില്‍ അവന്‍ തന്നെ ഇവര്‍ക്ക് അന്നം നല്‍കുമായിരുന്നല്ലോ. പിന്നെ ഞങ്ങളിവര്‍ക്ക് എന്തിന് അന്നം നല്‍കണം? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെ

Verse 48 — Surah Ya-Sin 36:48

ഇക്കൂട്ടര്‍ ചോദിക്കുന്നു: "ഈ വാഗ്ദാനം എപ്പോഴാണ് പുലരുക- നിങ്ങള്‍ സത്യവാന്മാരെങ്കില്‍

Verse 49 — Surah Ya-Sin 36:49

യഥാര്‍ഥത്തിലിവര്‍ കാത്തിരിക്കുന്നത് ഒരൊറ്റ ഘോരശബ്ദം മാത്രമാണ്. അവരന്യോന്യം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും

Verse 50 — Surah Ya-Sin 36:50

അപ്പോഴിവര്‍ക്ക് ഒരു വസിയ്യത്ത് ചെയ്യാന്‍പോലും സാധിക്കുകയില്ല. തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങാനും കഴിയില്ല

Verse 51 — Surah Ya-Sin 36:51

കാഹളത്തില്‍ ഊതപ്പെടും. അപ്പോഴിവര്‍ കുഴിമാടങ്ങളില്‍നിന്ന് തങ്ങളുടെ നാഥങ്കലേക്ക് കുതിച്ചോടും

Verse 52 — Surah Ya-Sin 36:52

അവര്‍ പറയും: "നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത് ആരാണ്? ഇത് ആ പരമ കാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര്‍ പറഞ്ഞത് സത്യംതന്നെ

Verse 53 — Surah Ya-Sin 36:53

അതൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴേക്കും അവരതാ ഒന്നടങ്കം നമ്മുടെ സന്നിധിയില്‍ ഹാജരാക്കപ്പെടുന്നു

Verse 54 — Surah Ya-Sin 36:54

അന്നാളില്‍ ആരോടും അല്‍പവും അനീതി ഉണ്ടാവില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണ് നിങ്ങള്‍ക്കുണ്ടാവുക

Verse 55 — Surah Ya-Sin 36:55

സംശയംവേണ്ട; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും

Verse 56 — Surah Ya-Sin 36:56

അവരും അവരുടെ ഇണകളും സ്വര്‍ഗത്തണലുകളില്‍ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും

Verse 57 — Surah Ya-Sin 36:57

അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും

Verse 58 — Surah Ya-Sin 36:58

സലാം - സമാധാനം - ഇതായിരിക്കും ദയാപരനായ നാഥനില്‍നിന്ന് അവര്‍ക്കുള്ള അഭിവാദ്യം

Verse 59 — Surah Ya-Sin 36:59

“കുറ്റവാളികളേ, നിങ്ങളിന്ന് വേറെ മാറിനില്‍ക്കുക.”

Verse 60 — Surah Ya-Sin 36:60

ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്

Verse 61 — Surah Ya-Sin 36:61

നിങ്ങള്‍ എനിക്കു വഴിപ്പെടുക, ഇതാണ് നേര്‍വഴിയെന്നും

Verse 62 — Surah Ya-Sin 36:62

സംശയമില്ല; നിങ്ങളിലെ നിരവധി സംഘങ്ങളെ പിശാച് പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ

Verse 63 — Surah Ya-Sin 36:63

ഇതാ, നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തിരുന്ന നരകം

Verse 64 — Surah Ya-Sin 36:64

നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞു. അതിന്റെ ഫലമായി നിങ്ങളിന്ന് നരകത്തില്‍ കിടന്നെരിയുക

Verse 65 — Surah Ya-Sin 36:65

അന്ന് നാമവരുടെ വായ അടച്ചു മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോടു സംസാരിക്കും. കാലുകള്‍ സാക്ഷ്യംവഹിക്കും- അവര്‍ ചെയ്തുകൊണ്ടിരുന്നതെന്താണെന്ന്

Verse 66 — Surah Ya-Sin 36:66

നാം ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെത്തന്നെ നാം മായ്ച്ചുകളയുമായിരുന്നു. അപ്പോഴവര്‍ വഴിയിലൂടെ മുന്നോട്ട് കുതിക്കാന്‍ നോക്കും. എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ്

Verse 67 — Surah Ya-Sin 36:67

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നാമവരെ അവര്‍ നില്‍ക്കുന്നേടത്തുവെച്ചുതന്നെ രൂപമാറ്റം വരുത്തുമായിരുന്നു. അപ്പോഴവര്‍ക്കു മുന്നോട്ടു പോവാനാവില്ല. പിന്നോട്ടു മടങ്ങാനും കഴിയില്ല

Verse 68 — Surah Ya-Sin 36:68

നാം ആര്‍ക്കെങ്കിലും ദീര്‍ഘായുസ്സ് നല്‍കുകയാണെങ്കില്‍ അയാളുടെ പ്രകൃതി തന്നെ പാടെ മാറ്റിമറിക്കുന്നു. എന്നിട്ടും ഇതൊന്നും അവരൊട്ടും ആലോചിച്ചറിയുന്നില്ലേ

Verse 69 — Surah Ya-Sin 36:69

നാം അദ്ദേഹത്തെ കവിത പരിശീലിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിച്ചതല്ല. ഇതാകട്ടെ ഗൌരവപൂര്‍ണമായ ഒരുദ്ബോധനമാണ്. സ്പഷ്ടമായി വായിക്കാവുന്ന വേദപുസ്തകം

Verse 70 — Surah Ya-Sin 36:70

ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. സത്യത്തെ തള്ളിപ്പറയുന്നവര്‍ക്കെതിരെ ന്യായം സ്ഥാപിച്ചെടുക്കാനും

Verse 71 — Surah Ya-Sin 36:71

നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍പെട്ടവയാണ് കന്നുകാലികളെന്ന് അവര്‍ കാണുന്നില്ലേ; അവര്‍ക്കു വേണ്ടിയാണ് നാമത് സൃഷ്ടിച്ചതെന്നും. ഇപ്പോഴവ അവരുടെ അധീനതയിലാണല്ലോ

Verse 72 — Surah Ya-Sin 36:72

അവയെ നാമവര്‍ക്ക് മെരുക്കിയൊതുക്കിക്കൊടുത്തിരിക്കുന്നു. അവയില്‍ ചിലത് അവരുടെ വാഹനമാണ്. ചിലതിനെ അവര്‍ ആഹരിക്കുകയും ചെയ്യുന്നു

Verse 73 — Surah Ya-Sin 36:73

അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്. പാനീയങ്ങളുമുണ്ട്. എന്നിട്ടും അവര്‍ നന്ദി കാണിക്കുന്നില്ലേ

Verse 74 — Surah Ya-Sin 36:74

തങ്ങള്‍ക്കു സഹായം കിട്ടാനായി അല്ലാഹുവെക്കൂടാതെ പല ദൈവങ്ങളെയും അവര്‍ പങ്കാളികളായി സങ്കല്‍പിച്ചുവെച്ചിരിക്കുന്നു

Verse 75 — Surah Ya-Sin 36:75

എന്നാല്‍ അവരെ സഹായിക്കാന്‍ അവയ്ക്കു സാധ്യമല്ല. യഥാര്‍ഥത്തിലവര്‍ ആ ദൈവങ്ങള്‍ക്കായി തയ്യാറായി നില്‍ക്കുന്ന സൈന്യമാണ്

Verse 76 — Surah Ya-Sin 36:76

അതിനാല്‍ അവരുടെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം നന്നായറിയുന്നുണ്ട്

Verse 77 — Surah Ya-Sin 36:77

മനുഷ്യനെ നാമൊരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ. എന്നിട്ടിപ്പോള്‍ അവനിതാ ഒരു പ്രത്യക്ഷശത്രുവായി മാറിയിരിക്കുന്നു

Verse 78 — Surah Ya-Sin 36:78

അവന്‍ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്

Verse 79 — Surah Ya-Sin 36:79

പറയുക: ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവന്‍ എല്ലാവിധ സൃഷ്ടിപ്പിനെപ്പറ്റിയും നന്നായറിയുന്നവനാണ്

Verse 80 — Surah Ya-Sin 36:80

പച്ചമരത്തില്‍നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തന്നവനാണവന്‍. അങ്ങനെ നിങ്ങളിപ്പോഴിതാ അതുപയോഗിച്ച് തീ കത്തിക്കുന്നു

Verse 81 — Surah Ya-Sin 36:81

ആകാശഭൂമികളെ പടച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? അങ്ങനെയല്ല. അവന്‍ കഴിവുറ്റ സ്രഷ്ടാവാണ്. എല്ലാം അറിയുന്നവനും

Verse 82 — Surah Ya-Sin 36:82

അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് “ഉണ്ടാകൂ” എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ

Verse 83 — Surah Ya-Sin 36:83

സകല സംഗതികളുടെയും സമഗ്രാധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടങ്ങിച്ചെല്ലുന്നത് ആരുടെ അടുത്തേക്കാണോ, അവനാണ് പരിശുദ്ധന്‍