Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 44 - Ad-Dukhan
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Ad-Dukhan 44:1
ഹാ - മീം
Verse 2 — Surah Ad-Dukhan 44:2
സുവ്യക്തമായ വേദപുസ്തകംതന്നെ സത്യം
Verse 3 — Surah Ad-Dukhan 44:3
അനുഗൃഹീതമായ ഒരു രാവിലാണ് നാം ഇതിറക്കിയത്. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്കുന്നവനാണ്
Verse 4 — Surah Ad-Dukhan 44:4
ആ രാവില്‍ യുക്തിപൂര്‍ണമായ സകല സംഗതികളും വേര്‍തിരിച്ച് വിശദീകരിക്കുന്നതാണ്
Verse 5 — Surah Ad-Dukhan 44:5
നമ്മുടെ ഭാഗത്തുനിന്നുള്ള തീരുമാനമാണിത്. നാം ആവശ്യാനുസൃതം ദൂതന്മാരെ നിയോഗിക്കുന്നവനാണ്
Verse 6 — Surah Ad-Dukhan 44:6
നിന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണിത്. തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
Verse 7 — Surah Ad-Dukhan 44:7
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. നിങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നവരെങ്കില്‍ നിങ്ങള്‍ക്കിതു ബോധ്യമാകും
Verse 8 — Surah Ad-Dukhan 44:8
അവനല്ലാതെ ദൈവമില്ല. അവന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന് നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും നാഥനാണ്
Verse 9 — Surah Ad-Dukhan 44:9
എന്നിട്ടും അവര്‍ സംശയത്തിലകപ്പെട്ട് ആടിക്കളിക്കുകയാണ്
Verse 10 — Surah Ad-Dukhan 44:10
അതിനാല്‍ ആകാശം, തെളിഞ്ഞ പുക വരുത്തുന്ന നാള് വരെ കാത്തിരിക്കുക
Verse 11 — Surah Ad-Dukhan 44:11
അത് മനുഷ്യരാശിയെയാകെ മൂടിപ്പൊതിയും. ഇത് നോവേറിയ ശിക്ഷ തന്നെ
Verse 12 — Surah Ad-Dukhan 44:12
അപ്പോഴവര്‍ പറയും: "ഞങ്ങളുടെ നാഥാ, ഞങ്ങളെ ഈ ശിക്ഷയില്‍നിന്ന് ഒന്നൊഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം
Verse 13 — Surah Ad-Dukhan 44:13
ഉദ്ബോധനം എങ്ങനെയാണവര്‍ക്ക് ഉപകരിക്കുക? എല്ലാം വ്യക്തമാക്കിക്കൊടുക്കുന്ന ദൈവദൂതന് അവരുടെ അടുത്തെത്തിയിരുന്നു
Verse 14 — Surah Ad-Dukhan 44:14
അപ്പോള്‍ അവരദ്ദേഹത്തെ അവഗണിച്ച് പിന്തിരിയുകയാണുണ്ടായത്. അവരിങ്ങനെ പറയുകയും ചെയ്തു: "ഇവന് പരിശീലനം ലഭിച്ച ഒരു ഭ്രാന്തന് തന്നെ
Verse 15 — Surah Ad-Dukhan 44:15
തീര്‍ച്ചയായും നാം ശിക്ഷ അല്പം ഒഴിവാക്കിത്തരാം. എന്നാലും നിങ്ങള്‍ പഴയപടി എല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കും
Verse 16 — Surah Ad-Dukhan 44:16
ഒരുനാള്‍ കുതറിമാറാനാവാത്തവിധം കൊടുംപിടുത്തം നടക്കും. തീര്‍ച്ചയായും അന്നാണ് നാം പ്രതികാരം ചെയ്യുക
Verse 17 — Surah Ad-Dukhan 44:17
ഇവര്‍ക്ക് മുമ്പ് ഫറവോന്റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്. ആദരണീയനായ ദൈവദൂതന് അവരുടെയടുത്ത് ചെന്നു
Verse 18 — Surah Ad-Dukhan 44:18
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ അടിമകളെ നിങ്ങളെനിക്ക് വിട്ടുതരിക. ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്
Verse 19 — Surah Ad-Dukhan 44:19
നിങ്ങള്‍ അല്ലാഹുവിനെതിരെ ധിക്കാരം കാണിക്കരുത്. ഉറപ്പായും ഞാന്‍ വ്യക്തമായ തെളിവുകള്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം
Verse 20 — Surah Ad-Dukhan 44:20
ഞാനിതാ എന്റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടുന്നു; നിങ്ങളുടെ കല്ലേറില്നിന്ന് രക്ഷകിട്ടാന്‍
Verse 21 — Surah Ad-Dukhan 44:21
നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലെങ്കില്‍ എന്നില്‍നിന്നു വിട്ടകന്നുപോവുക
Verse 22 — Surah Ad-Dukhan 44:22
ഒടുവില്‍ അദ്ദേഹം തന്റെ നാഥനെ വിളിച്ചു പറഞ്ഞു: “ഈ ജനം കുറ്റവാളികളാകുന്നു.”
Verse 23 — Surah Ad-Dukhan 44:23
അപ്പോള്‍ അല്ലാഹു പറഞ്ഞു: "എന്റെ ദാസന്മാരെയും കൊണ്ട് രാത്രി തന്നെ പുറപ്പെടുക. അവര്‍ നിങ്ങളെ പിന്തുടരുന്നുണ്ട്
Verse 24 — Surah Ad-Dukhan 44:24
സമുദ്രത്തെ അത് പിളര്‍ന്ന അവസ്ഥയില്‍തന്നെ വിട്ടേക്കുക. സംശയം വേണ്ട; അവര്‍ മുങ്ങിയൊടുങ്ങാന് പോകുന്ന സൈന്യമാണ്
Verse 25 — Surah Ad-Dukhan 44:25
എത്രയെത്ര ആരാമങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചുപോയത്
Verse 26 — Surah Ad-Dukhan 44:26
കൃഷിയിടങ്ങളും മാന്യമായ മണിമേടകളും
Verse 27 — Surah Ad-Dukhan 44:27
അവര്‍ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൌഭാഗ്യങ്ങള്‍
Verse 28 — Surah Ad-Dukhan 44:28
അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു
Verse 29 — Surah Ad-Dukhan 44:29
അപ്പോള്‍ അവര്‍ക്കുവേണ്ടി ആകാശമോ ഭൂമിയോ കണ്ണീര് വാര്‍ത്തില്ല. അവര്‍ക്കൊട്ടും അവസരം നല്‍കിയതുമില്ല
Verse 30 — Surah Ad-Dukhan 44:30
ഇസ്രയേല്‍ മക്കളെ നാം നിന്ദ്യമായ ശിക്ഷയില്‍നിന്ന് രക്ഷിച്ചു
Verse 31 — Surah Ad-Dukhan 44:31
ഫറവോനില് നിന്ന്. അവന് കടുത്ത അഹങ്കാരിയായിരുന്നു; അങ്ങേയറ്റം അതിരുകടന്നവനും
Verse 32 — Surah Ad-Dukhan 44:32
അവരുടെ നിജസ്ഥിതിയറിഞ്ഞു കൊണ്ടുതന്നെ നാമവരെ ലോകത്താരെക്കാളും പ്രമുഖരായി തെരഞ്ഞെടുത്തു
Verse 33 — Surah Ad-Dukhan 44:33
പ്രകടമായ പരീക്ഷണമുള്‍ക്കൊള്ളുന്ന പല ദൃഷ്ടാന്തങ്ങളും അവര്‍ക്ക് നല്കി
Verse 34 — Surah Ad-Dukhan 44:34
ഇക്കൂട്ടരിതാ പറയുന്നു
Verse 35 — Surah Ad-Dukhan 44:35
നമുക്ക് ഈ ഒന്നാമത്തെ മരണമല്ലാതൊന്നുമില്ല. നാമിനി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയുമില്ല
Verse 36 — Surah Ad-Dukhan 44:36
അങ്ങനെ സംഭവിക്കുമെങ്കില്‍ ഞങ്ങളുടെ പൂര്‍വപിതാക്കളെയിങ്ങ് ഉയിര്‍ത്തെഴുന്നേല്‍പിച്ചുകൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്
Verse 37 — Surah Ad-Dukhan 44:37
ഇവരാണോ കൂടുതല്‍ വമ്പന്മാര്; അതോ തുബ്ബഇന്റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമോ? അവരെയൊക്കെ നാം നശിപ്പിച്ചു. കാരണം അവര്‍ കുറ്റവാളികളായിരുന്നു
Verse 38 — Surah Ad-Dukhan 44:38
നാം ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും വെറും വിനോദത്തിനു വേണ്ടി സൃഷ്ടിച്ചതല്ല
Verse 39 — Surah Ad-Dukhan 44:39
തികഞ്ഞ യാഥാര്‍ഥ്യത്തോടെയല്ലാതെ നാമവയെ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ഇവരിലേറെ പേരും ഇതൊന്നുമറിയുന്നില്ല
Verse 40 — Surah Ad-Dukhan 44:40
ആ വിധിത്തീര്‍പ്പിന്റെ നാളിലാണ് അവരുടെയൊക്കെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാവുന്ന നിശ്ചിതസമയം
Verse 41 — Surah Ad-Dukhan 44:41
അന്നാളില്‍ ഒരു കൂട്ടുകാരന്നും തന്റെ ഉറ്റവനെ ഒട്ടും ഉപകരിക്കുകയില്ല. ആര്‍ക്കും ഒരുവിധ സഹായവും ആരില്‍നിന്നും കിട്ടുകയുമില്ല
Verse 42 — Surah Ad-Dukhan 44:42
അല്ലാഹു അനുഗ്രഹിച്ചവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന് പ്രതാപിയാണ്; പരമദയാലുവും
Verse 43 — Surah Ad-Dukhan 44:43
നിശ്ചയമായും “സഖൂം” വൃക്ഷമാണ്
Verse 44 — Surah Ad-Dukhan 44:44
പാപികള്‍ക്കാഹാരം
Verse 45 — Surah Ad-Dukhan 44:45
ഉരുകിയലോഹം പോലെയാണത്. വയറ്റില്‍ കിടന്ന് അത് തിളച്ചുമറിയും
Verse 46 — Surah Ad-Dukhan 44:46
ചുടുവെള്ളം തിളയ്ക്കുംപോലെ
Verse 47 — Surah Ad-Dukhan 44:47
“നിങ്ങളവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്റെ മധ്യത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകൂ” എന്ന് കല്‍പനയുണ്ടാകും
Verse 48 — Surah Ad-Dukhan 44:48
പിന്നെയവന്റെ തലക്കു മുകളില്‍ തിളച്ചവെള്ളം കൊണ്ടുപോയി ഒഴിക്കാനാവശ്യപ്പെടും
Verse 49 — Surah Ad-Dukhan 44:49
ഇത് ആസ്വദിച്ചുകൊള്ളുക. തീര്‍ച്ചയായും നീ ഏറെ പ്രതാപിയും ബഹുമാന്യനുമാണല്ലോ
Verse 50 — Surah Ad-Dukhan 44:50
നീ സംശയിച്ചുകൊണ്ടിരുന്ന അക്കാര്യമില്ലേ; അതു തന്നെയാണിത്; തീര്‍ച്ച
Verse 51 — Surah Ad-Dukhan 44:51
എന്നാല്‍ ഭക്തിപുലര്‍ത്തിയവര്‍ ഭീതിയേതുമില്ലാത്ത ഒരിടത്തായിരിക്കും
Verse 52 — Surah Ad-Dukhan 44:52
ആരാമങ്ങളിലും അരുവികളിലും
Verse 53 — Surah Ad-Dukhan 44:53
അവര്‍ അഴകാര്‍ന്ന പട്ടിന് വസ്ത്രവും കസവിന് തുണിയും അണിയും. അവര്‍ അഭിമുഖമായാണിരിക്കുക
Verse 54 — Surah Ad-Dukhan 44:54
ഇതാണവരുടെ പ്രഭവാവസ്ഥ. വിശാലാക്ഷികളായ തരുണീമണികളെ നാമവര്‍ക്ക് ഇണകളായി കൊടുക്കും
Verse 55 — Surah Ad-Dukhan 44:55
അവരവിടെ സ്വസ്ഥതയോടെ പലവിധ പഴങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കും
Verse 56 — Surah Ad-Dukhan 44:56
ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടിവരില്ല. അല്ലാഹു അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിച്ചിരിക്കുന്നു
Verse 57 — Surah Ad-Dukhan 44:57
നിന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണത്. അതു തന്നെയാണ് അതിമഹത്തായ വിജയം
Verse 58 — Surah Ad-Dukhan 44:58
നിനക്കു നിന്റെ ഭാഷയില്‍ ഈ വേദപുസ്തകത്തെ നാം വളരെ ലളിതമാക്കിത്തന്നിരിക്കുന്നു. ജനം ചിന്തിച്ചറിയാന്‍
Verse 59 — Surah Ad-Dukhan 44:59
അതിനാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നുണ്ട്