Back to Languages

Malayalam - Chapter 52 - At-Tur

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah At-Tur 52:1

ത്വൂര്‍ തന്നെ സാക്ഷി

Verse 2 — Surah At-Tur 52:2

എഴുതിയ വേദപുസ്തകം സാക്ഷി

Verse 3 — Surah At-Tur 52:3

വിടര്‍ത്തിവെച്ച തുകലില്‍

Verse 4 — Surah At-Tur 52:4

ജനനിബിഡമായ കഅ്ബാ മന്ദിരം സാക്ഷി

Verse 5 — Surah At-Tur 52:5

ഉയരത്തിലുള്ള ആകാശം സാക്ഷി

Verse 6 — Surah At-Tur 52:6

തിരതല്ലുന്ന സമുദ്രം സാക്ഷി

Verse 7 — Surah At-Tur 52:7

നിശ്ചയം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും

Verse 8 — Surah At-Tur 52:8

അതിനെ തടുക്കുന്ന ആരുമില്ല

Verse 9 — Surah At-Tur 52:9

ആകാശം അതിഭീകരമാംവിധം പ്രകമ്പനം കൊള്ളുന്ന ദിനമാണതുണ്ടാവുക

Verse 10 — Surah At-Tur 52:10

അന്ന് മലകള്‍ ഇളകി നീങ്ങും

Verse 11 — Surah At-Tur 52:11

സത്യനിഷേധികള്‍ക്ക് അന്ന് കൊടും നാശം

Verse 12 — Surah At-Tur 52:12

അനാവശ്യകാര്യങ്ങളില്‍ കളിച്ചുരസിക്കുന്നവരാണവര്‍

Verse 13 — Surah At-Tur 52:13

അവരെ നരകത്തിലേക്ക് പിടിച്ചു തള്ളുന്ന ദിനം

Verse 14 — Surah At-Tur 52:14

അന്ന് അവരോട് പറയും: "നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന നരകമാണിത്

Verse 15 — Surah At-Tur 52:15

അല്ല; ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ

Verse 16 — Surah At-Tur 52:16

ഇനി നിങ്ങളതില്‍ കിടന്നു വെന്തെരിയുക. നിങ്ങളിത് സഹിക്കുകയോ സഹിക്കാതിരിക്കുകയോ ചെയ്യുക. രണ്ടും നിങ്ങള്‍ക്കു സമം തന്നെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് അനുയോജ്യമായ പ്രതിഫലം തന്നെയാണ് നിങ്ങള്‍ക്കു നല്‍കുന്നത്.”

Verse 17 — Surah At-Tur 52:17

എന്നാല്‍ ദൈവഭക്തര്‍ സ്വര്‍ഗീയാരാമങ്ങളിലും സുഖസൌഭാഗ്യങ്ങളിലുമായിരിക്കും

Verse 18 — Surah At-Tur 52:18

തങ്ങളുടെ നാഥന്‍ അവര്‍ക്കേകിയതില്‍ ആനന്ദം അനുഭവിക്കുന്നവരായി. കത്തിക്കാളുന്ന നരകത്തീയില്‍നിന്ന് അവരുടെ നാഥന്‍ അവരെ കാത്തുരക്ഷിക്കും

Verse 19 — Surah At-Tur 52:19

അന്ന് അവരോട് പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക

Verse 20 — Surah At-Tur 52:20

വരിവരിയായി നിരത്തിയിട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിശാലാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണകളായിക്കൊടുക്കും

Verse 21 — Surah At-Tur 52:21

സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും

Verse 22 — Surah At-Tur 52:22

അവരാഗ്രഹിക്കുന്ന ഏതിനം പഴവും മാംസവും നാമവര്‍ക്ക് നിര്‍ലോഭം നല്കും

Verse 23 — Surah At-Tur 52:23

അവര്‍ പാനപാത്രം പരസ്പരം കൈമാറിക്കൊണ്ടിരിക്കും. അസഭ്യവാക്കോ ദുര്‍വൃത്തിയോ അവിടെ ഉണ്ടാവുകയില്ല

Verse 24 — Surah At-Tur 52:24

അവരുടെ പരിചരണത്തിനായി അവരുടെ അടുത്ത് ബാലന്മാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കാത്തുസൂക്ഷിക്കും മുത്തുകള്‍പോലിരിക്കും അവര്‍

Verse 25 — Surah At-Tur 52:25

പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരന്യോന്യം അഭിമുഖീകരിക്കും

Verse 26 — Surah At-Tur 52:26

അവര്‍ പറയും: "നിശ്ചയമായും നാം ഇതിന് മുമ്പ് നമ്മുടെ കുടുംബത്തിലായിരുന്നപ്പോള്‍ ആശങ്കാകുലരായിരുന്നു

Verse 27 — Surah At-Tur 52:27

അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരക ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ രക്ഷിച്ചു

Verse 28 — Surah At-Tur 52:28

നിശ്ചയമായും നാം മുമ്പേ അവനോട് മാത്രമാണ് പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. അവന്‍ തന്നെയാണ് അത്യുദാരനും ദയാപരനും; തീര്‍ച്ച.”

Verse 29 — Surah At-Tur 52:29

അതിനാല്‍ നീ ഉദ്ബോധനം തുടര്‍ന്നുകൊണ്ടിരിക്കുക. നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ജ്യോത്സ്യനോ ഭ്രാന്തനോ അല്ല

Verse 30 — Surah At-Tur 52:30

“ഇയാള്‍ ഒരു കവിയാണ്. ഇയാളുടെ കാര്യത്തില്‍ കാലവിപത്ത് വരുന്നത് നമുക്കു കാത്തിരുന്നു കാണാം” എന്നാണോ അവര്‍ പറയുന്നത്

Verse 31 — Surah At-Tur 52:31

എങ്കില്‍ നീ പറയുക: ശരി, നിങ്ങള്‍ കാത്തിരിക്കുക; നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ ഞാനുമുണ്ട്

Verse 32 — Surah At-Tur 52:32

ഇവരുടെ ബുദ്ധി ഇവരോട് ഇവ്വിധം പറയാന്‍ ആജ്ഞാപിക്കുകയാണോ? അതോ; ഇവര്‍ അതിക്രമികളായ ജനത തന്നെയോ

Verse 33 — Surah At-Tur 52:33

അല്ല; ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ ഇവരാരോപിക്കുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കുന്നില്ലെന്നതാണ് സത്യം

Verse 34 — Surah At-Tur 52:34

ഇവര്‍ സത്യവാന്മാരെങ്കില്‍ ഇവ്വിധമൊരു വചനം കൊണ്ടുവരട്ടെ

Verse 35 — Surah At-Tur 52:35

അതല്ല; സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവരാണോ ഇവര്‍? അതോ ഇവര്‍ തന്നെയാണോ ഇവരുടെ സ്രഷ്ടാക്കള്‍

Verse 36 — Surah At-Tur 52:36

അല്ലെങ്കില്‍ ഇവരാണോ ആകാശ ഭൂമികളെ സൃഷ്ടിച്ചത്? എന്നാല്‍ ഇവര്‍ ദൃഢമായി വിശ്വസിക്കുന്നില്ലെന്നതാണ് സത്യം

Verse 37 — Surah At-Tur 52:37

അതല്ല; നിന്റെ നാഥന്റെ ഖജനാവുകള്‍ ഇവരുടെ വശമാണോ? അല്ലെങ്കില്‍ ഇവരാണോ അതൊക്കെയും നിയന്ത്രിച്ചു നടത്തുന്നത്

Verse 38 — Surah At-Tur 52:38

അതല്ല; വിവരങ്ങള്‍ കേട്ടറിയാനായി ഉപരിലോകത്തേക്ക് കയറാനിവര്‍ക്ക് വല്ല കോണിയുമുണ്ടോ? എങ്കില്‍ അവ്വിധം കേട്ടു മനസ്സിലാക്കുന്നവര്‍ അതിന് വ്യക്തമായ വല്ല തെളിവും കൊണ്ടുവരട്ടെ

Verse 39 — Surah At-Tur 52:39

അല്ല; അല്ലാഹുവിന് പുത്രിമാരും നിങ്ങള്‍ക്ക് പുത്രന്മാരുമാണെന്നോ

Verse 40 — Surah At-Tur 52:40

അതല്ല; നീ ഇവരോട് എന്തെങ്കിലും പ്രതിഫലം ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അതിന്റെ കടഭാരത്താല്‍ പ്രയാസപ്പെടുകയാണോ ഇവര്‍

Verse 41 — Surah At-Tur 52:41

അതല്ല; ഇവര്‍ക്ക് അഭൌതികജ്ഞാനം ലഭിക്കുകയും അങ്ങനെ ഇവരതെഴുതി വെക്കുകയും ചെയ്തിട്ടുണ്ടോ

Verse 42 — Surah At-Tur 52:42

അതല്ല; ഇവര്‍ വല്ല കുതന്ത്രവും കാണിക്കാന്‍ ഉദ്ദേശിക്കുന്നുവോ? എങ്കില്‍ സത്യനിഷേധികളാരോ, അവര്‍ തന്നെയായിരിക്കും കുതന്ത്രത്തിന്നിരയാകുന്നവര്‍

Verse 43 — Surah At-Tur 52:43

അതല്ല; ഇവര്‍ക്ക് അല്ലാഹുവല്ലാതെ മറ്റു വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്

Verse 44 — Surah At-Tur 52:44

ആകാശത്തിന്റെ ഒരടല് തന്നെ അടര്‍ന്ന് വീഴുന്നത് കണ്ടാലും അത് മേഘമലയാണെന്നായിരിക്കും ഇവര്‍ പറയുക

Verse 45 — Surah At-Tur 52:45

അതിനാല്‍ ഇവരെ വിട്ടേക്കുക. ബോധരഹിതരായി വീഴുന്ന ദുര്‍ദിനത്തെയിവര്‍ കണ്ടുമുട്ടും വരെ

Verse 46 — Surah At-Tur 52:46

ഇവരുടെ കുതന്ത്രങ്ങളൊന്നും ഇവര്‍ക്കൊട്ടും ഉപകരിക്കാത്ത ദിനം. ഇവര്‍ക്ക് അന്ന് ഒരു സഹായവും ലഭിക്കുകയില്ല

Verse 47 — Surah At-Tur 52:47

തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതല്ലാത്ത ശിക്ഷയുമുണ്ട്; ഉറപ്പ്. എങ്കിലും ഇവരിലേറെ പേരും അതറിയുന്നില്ല

Verse 48 — Surah At-Tur 52:48

അതിനാല്‍ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. നീ നമ്മുടെ കണ്‍പാടില്‍ തന്നെയാണ്. നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക

Verse 49 — Surah At-Tur 52:49

ഇരവിലും അവന്റെ വിശുദ്ധിയെ വാഴ്ത്തുക; താരകങ്ങള്‍ പിന്‍വാങ്ങുമ്പോഴും