ആകാശഭൂമികളെ അവന് യാഥാര്‍ഥ്യനിഷ്ഠയോടെ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് അവന് രൂപമേകി. നിങ്ങളുടെ രൂപം അവന് ആകര്‍ഷകമാക്കുകയും ചെയ്തു. നിങ്ങളുടെ തിരിച്ചുപോക്ക് അവങ്കലേക്കാണ്
മുമ്പ് സത്യനിഷേധികളാവുകയും അങ്ങനെ തങ്ങളുടെ ദുര്‍വൃത്തികളുടെ കെടുതി അനുഭവിക്കുകയും ചെയ്തവരുടെ വിവരം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ? ഇനിയവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്
അതെന്തുകൊണ്ടെന്നാല്‍ അവര്‍ക്കുള്ള ദൈവദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ അവര്‍ പറഞ്ഞു: "കേവലം ഒരു മനുഷ്യന് ഞങ്ങളെ വഴികാട്ടുകയോ?” അങ്ങനെ അവര്‍ അവിശ്വസിച്ചു. പിന്തിരിയുകയും ചെയ്തു. അല്ലാഹുവിന് അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല. അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിത്തന്ന വെളിച്ചത്തിലും വിശ്വസിക്കുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു
ആ മഹാസംഗമ ദിവസം അല്ലാഹു നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുമ്പോള്‍; ഓര്‍ക്കുക, അതത്രെ ലാഭചേതങ്ങളുടെ ദിവസം. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കളയും. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് അതിമഹത്തായ വിജയം
അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന് നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്
വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്
അതിനാല്‍ ആവുന്നത്ര നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവു ചെയ്യുക. അതു നിങ്ങള്‍ക്കുതന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കില്‍നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികള്‍
നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം നല്കുകയാണെങ്കില് അവന് നിങ്ങള്‍ക്കത് ഇരട്ടിയായി മടക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും. അല്ലാഹു ഏറെ നന്ദി കാണിക്കുന്നവനും ക്ഷമാലുവുമാകുന്നു