Back to Languages

Malayalam - Chapter 67 - Al-Mulk

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Mulk 67:1

ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിന്നുടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്

Verse 2 — Surah Al-Mulk 67:2

മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും

Verse 3 — Surah Al-Mulk 67:3

ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ

Verse 4 — Surah Al-Mulk 67:4

വീണ്ടും വീണ്ടും നോക്കൂ. നിന്റെ കണ്ണ് തോറ്റ് തളര്‍ന്ന് നിന്നിലേക്കു തന്നെ തിരികെ വരും, തീര്‍ച്ച

Verse 5 — Surah Al-Mulk 67:5

തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്

Verse 6 — Surah Al-Mulk 67:6

തങ്ങളുടെ നാഥനെ നിഷേധിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. മടങ്ങിച്ചെല്ലാനുള്ള ആ ഇടം വളരെ ചീത്തതന്നെ

Verse 7 — Surah Al-Mulk 67:7

അതിലേക്ക് എറിയപ്പെടുമ്പോള്‍ അതിന്റെ ഭീകര ഗര്‍ജനം അവര്‍ കേള്‍ക്കും. അത് തിളച്ചുമറിയുകയായിരിക്കും

Verse 8 — Surah Al-Mulk 67:8

ക്ഷോഭത്താല്‍ അത് പൊട്ടിത്തെറിക്കാറാകും. ഓരോ സംഘവും അതില്‍ വലിച്ചെറിയപ്പെടുമ്പോള്‍ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിച്ചുകൊണ്ടിരിക്കും: "നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരാരും വന്നിരുന്നില്ലേ?”

Verse 9 — Surah Al-Mulk 67:9

അവര്‍ പറയും: "ഞങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ, ഞങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഞങ്ങളിങ്ങനെ വാദിക്കുകയും ചെയ്തു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കൊടിയ വഴികേടില്‍ തന്നെയാണ്.”

Verse 10 — Surah Al-Mulk 67:10

അവര്‍ കേണുകൊണ്ടിരിക്കും: "അന്നത് കേള്‍ക്കുകയോ, അതേക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ നരകത്തീയില്‍ അകപ്പെട്ടവരില്‍ പെടുമായിരുന്നില്ല.”

Verse 11 — Surah Al-Mulk 67:11

അങ്ങനെ അവര്‍ കുറ്റം ഏറ്റുപറഞ്ഞു. നരകത്തീയിന്റെ ആള്‍ക്കാര്‍ക്കു ശാപം

Verse 12 — Surah Al-Mulk 67:12

തങ്ങളുടെ നാഥനെ കാണാതെ തന്നെ ഭയപ്പെട്ടു ജീവിക്കുന്നവരോ, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്

Verse 13 — Surah Al-Mulk 67:13

നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുക. തീര്‍ച്ചയായും മനസ്സിലുള്ളതെല്ലാം അറിയുന്നവനാണവന്‍

Verse 14 — Surah Al-Mulk 67:14

സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ! അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്

Verse 15 — Surah Al-Mulk 67:15

അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചെല്ലുന്നതും അവങ്കലേക്കുതന്നെ

Verse 16 — Surah Al-Mulk 67:16

ഉപരിലോകത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെയും അപ്പോള്‍ ഭൂമി ഇളകി മറിയുന്നതിനെയും സംബന്ധിച്ച് നിങ്ങളൊട്ടും ഭയപ്പെടുന്നില്ലേ

Verse 17 — Surah Al-Mulk 67:17

അതല്ല; ഉപരിലോകത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരലുകള്‍ ചൊരിയുന്ന കാറ്റിനെ അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ക്കൊരു പേടിയുമില്ലേ? നമ്മുടെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങള്‍ അറിയുകതന്നെ ചെയ്യും

Verse 18 — Surah Al-Mulk 67:18

അവര്‍ക്ക് മുമ്പുണ്ടായിരുന്നവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എവ്വിധമായിരുന്നു എന്റെ ശിക്ഷ

Verse 19 — Surah Al-Mulk 67:19

തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ. അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതാരുമല്ല. അവന്‍ എല്ലാ കാര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ; തീര്‍ച്ച

Verse 20 — Surah Al-Mulk 67:20

പരമകാരുണികനായ ദൈവമല്ലാതെ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന സൈന്യമേതുണ്ട്? ഉറപ്പായും ഈ സത്യനിഷേധികള്‍ വഞ്ചനയിലകപ്പെട്ടിരിക്കുകയാണ്

Verse 21 — Surah Al-Mulk 67:21

അല്ലാഹു അവന്റെ വിഭവം വിലക്കിയാല്‍ നിങ്ങള്‍ക്ക് അന്നം നല്‍കാന്‍ ആരുണ്ട്? യഥാര്‍ഥത്തില്‍ അവര്‍ ധിക്കാരത്തിലും പകയിലും ആണ്ടുപൂണ്ടിരിക്കുകയാണ്

Verse 22 — Surah Al-Mulk 67:22

അല്ല, മുഖം നിലത്തുകുത്തി നടക്കുന്നവനോ നേര്‍വഴി പ്രാപിച്ചവന്‍? അതല്ല, സത്യപാതയിലൂടെ നിവര്‍ന്ന് നടക്കുന്നവനോ

Verse 23 — Surah Al-Mulk 67:23

പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങള്‍ നന്നെ കുറച്ചേ നന്ദികാണിക്കുന്നുള്ളൂ

Verse 24 — Surah Al-Mulk 67:24

പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചു വളര്‍ത്തിയത്. അവങ്കലേക്കു തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും

Verse 25 — Surah Al-Mulk 67:25

അവര്‍ ചോദിക്കുന്നു: നിങ്ങള്‍ സത്യവാദികളെങ്കില്‍ എപ്പോഴാണ് ഈ വാഗ്ദാനം പുലരുക

Verse 26 — Surah Al-Mulk 67:26

പറയുക: ആ അറിവ് അല്ലാഹുവിന്റെ അടുക്കല്‍ മാത്രം. ഞാന്‍ വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനല്ലാതാരുമല്ല

Verse 27 — Surah Al-Mulk 67:27

മുന്നറിയിപ്പായി പറയുന്ന കാര്യം അടുത്തെത്തിയതായി കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖം വിഷാദമൂകമായി മാറും. അപ്പോള്‍ അവരോട് പറയും: "ഇതുതന്നെയാണ് നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.”

Verse 28 — Surah Al-Mulk 67:28

ചോദിക്കുക: "നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ ഞങ്ങളോട് കരുണ കാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നോവേറിയ ശിക്ഷയില്‍നിന്ന് സത്യനിഷേധികളെ രക്ഷിക്കാന്‍ ആരുണ്ട്

Verse 29 — Surah Al-Mulk 67:29

പറയുക: അവനാണ് ദയാപരന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. അവനെതന്നെയാണ് ഞങ്ങള്‍ ഭരമേല്‍പിച്ചതും. ആരാണ് വ്യക്തമായ വഴികേടിലെന്ന് വഴിയെ നിങ്ങളറിയുകതന്നെ ചെയ്യും

Verse 30 — Surah Al-Mulk 67:30

ചോദിക്കുക: നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് തെളിനീരുറവ എത്തിക്കുക