Back to Languages

Malayalam - Chapter 71 - Nuh

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Nuh 71:1

നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. “നോവേറിയ ശിക്ഷ വന്നെത്തും മുമ്പെ നിന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കുക”യെന്ന നിര്‍ദേശത്തോടെ

Verse 2 — Surah Nuh 71:2

അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്

Verse 3 — Surah Nuh 71:3

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക

Verse 4 — Surah Nuh 71:4

എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്റെ അവധി ആഗതമായാല്‍ പിന്നെയൊട്ടും പിന്തിക്കുകയില്ല; തീര്‍ച്ച. നിങ്ങള്‍ അതറിഞ്ഞിരുന്നെങ്കില്‍.”

Verse 5 — Surah Nuh 71:5

നൂഹ് പറഞ്ഞു: "നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചും

Verse 6 — Surah Nuh 71:6

എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്

Verse 7 — Surah Nuh 71:7

നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു

Verse 8 — Surah Nuh 71:8

വീണ്ടും ഞാനവരെ ഉറക്കെ വിളിച്ചു

Verse 9 — Surah Nuh 71:9

പിന്നെ പരസ്യമായും വളരെ രഹസ്യമായും ഉദ്ബോധനം നല്‍കി

Verse 10 — Surah Nuh 71:10

ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്

Verse 11 — Surah Nuh 71:11

അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും

Verse 12 — Surah Nuh 71:12

സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും.”

Verse 13 — Surah Nuh 71:13

നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ക്ക് അല്ലാഹുവിന്റെ മഹത്വം ഒട്ടും അംഗീകരിക്കാനാവുന്നില്ലല്ലോ

Verse 14 — Surah Nuh 71:14

നിങ്ങളെ വിവിധ ഘട്ടങ്ങളിലൂടെ സൃഷ്ടിച്ചു വളര്‍ത്തിയത് അവനാണ്

Verse 15 — Surah Nuh 71:15

അല്ലാഹു ഒന്നിനുമീതെ മറ്റൊന്നായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയെന്ന് നിങ്ങള്‍ കാണുന്നില്ലേ

Verse 16 — Surah Nuh 71:16

അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും

Verse 17 — Surah Nuh 71:17

അല്ലാഹു നിങ്ങളെ ഭൂമിയില്‍നിന്ന് മുളപ്പിച്ചു വളര്‍ത്തി

Verse 18 — Surah Nuh 71:18

പിന്നെ അവന്‍ നിങ്ങളെ അതിലേക്കുതന്നെ മടക്കുന്നു. വീണ്ടും നിങ്ങളെ പുനരുജ്ജീവിപ്പിച്ച് പുറപ്പെടുവിക്കുന്നതാണ്

Verse 19 — Surah Nuh 71:19

അല്ലാഹു നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു

Verse 20 — Surah Nuh 71:20

നിങ്ങള്‍ അതിലെ വിശാലമായ വഴികളിലൂടെ സഞ്ചരിക്കാന്‍

Verse 21 — Surah Nuh 71:21

നൂഹ് പറഞ്ഞു: "എന്റെ നാഥാ! ഇവരെന്നെ ധിക്കരിച്ചു. എന്നിട്ടവര്‍ പിന്‍പറ്റിയതോ തന്റെ സ്വത്തും സന്താനവും വഴി നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കാത്തവനെയും

Verse 22 — Surah Nuh 71:22

അവര്‍ കൊടിയ കുതന്ത്രമാണ് കാണിച്ചത്

Verse 23 — Surah Nuh 71:23

അവര്‍ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വെടിയരുത്. വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്റിനെയും കൈവിടരുത്.”

Verse 24 — Surah Nuh 71:24

അവരിങ്ങനെ വളരെപ്പേരെ വഴിപിഴപ്പിച്ചു. ഈ അതിക്രമകാരികള്‍ക്ക് നീ വഴികേടല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ.”

Verse 25 — Surah Nuh 71:25

തങ്ങളുടെ തന്നെ തെറ്റിനാല്‍ അവരെ മുക്കിക്കൊന്നു. പിന്നെ അവര്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ അല്ലാഹുവെ കൂടാതെ ഒരു സഹായിയെയും അവര്‍ക്കവിടെ കണ്ടുകിട്ടിയില്ല

Verse 26 — Surah Nuh 71:26

നൂഹ് പ്രാര്‍ഥിച്ചു: "നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ

Verse 27 — Surah Nuh 71:27

നീ അവരെ വെറുതെ വിട്ടാല്‍ ഇനിയുമവര്‍ നിന്റെ ദാസന്മാരെ വഴിപിഴപ്പിക്കും. തെമ്മാടികള്‍ക്കും നിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല

Verse 28 — Surah Nuh 71:28

നാഥാ! എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായി എന്റെ ഭവനത്തില്‍ കടന്നുവരുന്നവര്‍ക്കും സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ പൊറുത്തു തരേണമേ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!”