Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 26 - Ash-Shuara
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Ash-Shuara 26:1
ത്വാ-സീന്‍-മീം
Verse 2 — Surah Ash-Shuara 26:2
ഇത് സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണ്
Verse 3 — Surah Ash-Shuara 26:3
അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം
Verse 4 — Surah Ash-Shuara 26:4
നാം ഇച്ഛിക്കുകയാണെങ്കില്‍ അവര്‍ക്കു നാം മാനത്തുനിന്ന് ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കും. അപ്പോള്‍ അവരുടെ പിരടികള്‍ അതിന് വിധേയമായിത്തീരും
Verse 5 — Surah Ash-Shuara 26:5
പരമകാരുണികനായ അല്ലാഹുവില്‍നിന്ന് പുതുതായി ഏതൊരു ഉദ്ബോധനം വന്നെത്തുമ്പോഴും അവരതിനെ അപ്പാടെ അവഗണിക്കുകയാണ്
Verse 6 — Surah Ash-Shuara 26:6
ഇപ്പോഴവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ പുച്ഛിച്ചുതള്ളിക്കളയുന്നതിന്റെ നിജസ്ഥിതി വൈകാതെ തന്നെ അവര്‍ക്കു വന്നെത്തും
Verse 7 — Surah Ash-Shuara 26:7
അവര്‍ ഭൂമിയിലേക്കു നോക്കുന്നില്ലേ? എത്രയേറെ വൈവിധ്യപൂര്‍ണമായ നല്ലയിനം സസ്യങ്ങളെയാണ് നാമതില്‍ മുളപ്പിച്ചിരിക്കുന്നത്
Verse 8 — Surah Ash-Shuara 26:8
തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വാസികളായില്ല
Verse 9 — Surah Ash-Shuara 26:9
നിന്റെ നാഥന് തന്നെയാണ് പ്രതാപിയും പരമകാരുണികനും
Verse 10 — Surah Ash-Shuara 26:10
നിന്റെ നാഥന് മൂസായെ വിളിച്ചുപറഞ്ഞ സന്ദര്‍ഭം: "നീ അക്രമികളായ ആ ജനങ്ങളിലേക്കു പോവുക
Verse 11 — Surah Ash-Shuara 26:11
ഫറവോന്റെ ജനത്തിലേക്ക്; എന്നിട്ട് ചോദിക്കൂ, അവര്‍ ഭക്തിപുലര്‍ത്തുന്നില്ലേയെന്ന്.”
Verse 12 — Surah Ash-Shuara 26:12
മൂസ പറഞ്ഞു: "എന്റെ നാഥാ, അവരെന്നെ തള്ളിപ്പറയുമെന്ന് ഞാന്‍ ഭയപ്പെടുന്നു
Verse 13 — Surah Ash-Shuara 26:13
എന്റെ ഹൃദയം ഞെരുങ്ങിപ്പോകുന്നു. എന്റെ നാവിന് സംസാരവൈഭവമില്ല. അതിനാല്‍ നീ ഹാറൂന്ന് സന്ദേശമയച്ചാലും
Verse 14 — Surah Ash-Shuara 26:14
അവര്ക്കാണെങ്കില് എന്റെ പേരില്‍ ഒരു കുറ്റാരോപണവുമുണ്ട്. അതിനാലവരെന്നെ കൊന്നുകളയുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.”
Verse 15 — Surah Ash-Shuara 26:15
അല്ലാഹു പറഞ്ഞു: "ഒരിക്കലുമില്ല. അതിനാല്‍ നിങ്ങളിരുവരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോവുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം എല്ലാം കേള്‍ക്കുന്നവനായി നാമുണ്ട്
Verse 16 — Surah Ash-Shuara 26:16
അങ്ങനെ നിങ്ങളിരുവരും ഫറവോന്റെ അടുത്തുചെന്ന് പറയുക: “തീര്‍ച്ചയായും ഞങ്ങള്‍ പ്രപഞ്ചനാഥന്റെ ദൂതന്മാരാണ്
Verse 17 — Surah Ash-Shuara 26:17
“ഇസ്രയേല്‍ മക്കളെ ഞങ്ങളോടൊപ്പമയക്കണമെന്നതാണ് ദൈവശാസന.”
Verse 18 — Surah Ash-Shuara 26:18
ഫറവോന് പറഞ്ഞു: "കുട്ടിയായിരിക്കെ ഞങ്ങള്‍ നിന്നെ ഞങ്ങളോടൊപ്പം വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറേകാലം ഞങ്ങളോടൊപ്പമാണല്ലോ നീ കഴിച്ചുകൂട്ടിയത്
Verse 19 — Surah Ash-Shuara 26:19
പിന്നെ നീ ചെയ്ത ആ കൃത്യം നീ ചെയ്തിട്ടുമുണ്ട്. നീ തീരേ നന്ദികെട്ടവന്‍ തന്നെ.”
Verse 20 — Surah Ash-Shuara 26:20
മൂസ പറഞ്ഞു: "അന്ന് ഞാനതു അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു
Verse 21 — Surah Ash-Shuara 26:21
അങ്ങനെ നിങ്ങളെപ്പറ്റി പേടി തോന്നിയപ്പോള്‍ ഞാനിവിടെ നിന്ന് ഒളിച്ചോടി. പിന്നീട് എന്റെ നാഥന് എനിക്ക് തത്ത്വജ്ഞാനം നല്കി. അവനെന്നെ തന്റെ ദൂതന്മാരിലൊരുവനാക്കി
Verse 22 — Surah Ash-Shuara 26:22
എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രയേല്‍ മക്കളെ നീ അടിമകളാക്കിവെച്ചതിനാല്‍ സംഭവിച്ചതാണ്.”
Verse 23 — Surah Ash-Shuara 26:23
ഫറവോന് ചോദിച്ചു: "എന്താണ് ഈ ലോകരക്ഷിതാവെന്നത്?”
Verse 24 — Surah Ash-Shuara 26:24
മൂസ പറഞ്ഞു: "ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകന്‍ തന്നെ. നിങ്ങള്‍ കാര്യം മനസ്സിലാകുന്നവരാണെങ്കില്‍ ഇതുബോധ്യമാകും.”
Verse 25 — Surah Ash-Shuara 26:25
ഫറവോന് തന്റെ ചുറ്റുമുള്ളവരോട് ചോദിച്ചു: "നിങ്ങള്‍ കേള്‍ക്കുന്നില്ലേ?”
Verse 26 — Surah Ash-Shuara 26:26
മൂസ പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവാണത്. നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവ്.”
Verse 27 — Surah Ash-Shuara 26:27
ഫറവോന് പറഞ്ഞു: "നിങ്ങളിലേക്ക് അയക്കപ്പെട്ട നിങ്ങളുടെ ഈ ദൈവദൂതന് ഒരു മുഴുഭ്രാന്തന് തന്നെ; സംശയം വേണ്ടാ.”
Verse 28 — Surah Ash-Shuara 26:28
മൂസ പറഞ്ഞു: "ഉദയ സ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവാണവന്‍. നിങ്ങള്‍ ചിന്തിച്ചറിയുന്നവരെങ്കില്‍ ഇത് മനസ്സിലാകും.”
Verse 29 — Surah Ash-Shuara 26:29
ഫറവോന് പറഞ്ഞു: "ഞാനല്ലാത്ത ഒരു ദൈവത്തെ നീ സ്വീകരിക്കുകയാണെങ്കില്‍ നിശ്ചയമായും നിന്നെ ഞാന്‍ ജയിലിലടക്കും.”
Verse 30 — Surah Ash-Shuara 26:30
മൂസ ചോദിച്ചു: "ഞാന്‍ താങ്കളുടെയടുത്ത് വ്യക്തമായ വല്ല തെളിവും കൊണ്ടുവന്നാലും?”
Verse 31 — Surah Ash-Shuara 26:31
ഫറവോന് പറഞ്ഞു: "എങ്കില്‍ നീ അതിങ്ങുകൊണ്ടുവരിക. നീ സത്യവാനെങ്കില്‍!”
Verse 32 — Surah Ash-Shuara 26:32
അപ്പോള്‍ മൂസ തന്റെ വടി താഴെയിട്ടു. ഉടനെയതാ അത് ശരിക്കുമൊരു പാമ്പായി മാറുന്നു
Verse 33 — Surah Ash-Shuara 26:33
അദ്ദേഹം തന്റെ കൈ കക്ഷത്തുനിന്ന് പുറത്തെടുത്തു. അപ്പോഴതാ അത് കാണികള്‍ക്കൊക്കെ തിളങ്ങുന്നതായിത്തീരുന്നു
Verse 34 — Surah Ash-Shuara 26:34
ഫറവോന് തന്റെ ചുറ്റുമുള്ള പ്രമാണിമാരോടു പറഞ്ഞു: "സംശയമില്ല; ഇവനൊരു പഠിച്ച ജാലവിദ്യക്കാരന് തന്നെ
Verse 35 — Surah Ash-Shuara 26:35
തന്റെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനാണിവനുദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്?”
Verse 36 — Surah Ash-Shuara 26:36
അവര്‍ പറഞ്ഞു: "ഇവന്റെയും ഇവന്റെ സഹോദരന്റെയും കാര്യം ഇത്തിരി നീട്ടിവെക്കുക. എന്നിട്ട് ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് ദൂതന്മാരെ നിയോഗിക്കുക
Verse 37 — Surah Ash-Shuara 26:37
സമര്‍ഥരായ സകല ജാലവിദ്യക്കാരെയും അവര്‍ അങ്ങയുടെ അടുത്ത് വിളിച്ചുചേര്‍ക്കട്ടെ.”
Verse 38 — Surah Ash-Shuara 26:38
അങ്ങനെ ഒരു നിശ്ചിതദിവസം നിശ്ചിതസമയത്ത് ജാലവിദ്യക്കാരെയൊക്കെ ഒരുമിച്ചുകൂട്ടി
Verse 39 — Surah Ash-Shuara 26:39
ഫറവോന് ജനങ്ങളോടു പറഞ്ഞു: "നിങ്ങളെല്ലാം ഇവിടെ ഒത്തുകൂടുന്നുണ്ടല്ലോ
Verse 40 — Surah Ash-Shuara 26:40
ജാലവിദ്യക്കാരാണ് വിജയിക്കുന്നതെങ്കില്‍ നമുക്കവരോടൊപ്പം ചേരാം.”
Verse 41 — Surah Ash-Shuara 26:41
അങ്ങനെ ജാലവിദ്യക്കാര്‍ വന്നു. അവര്‍ ഫറവോനോട് ചോദിച്ചു: "ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ!”
Verse 42 — Surah Ash-Shuara 26:42
ഫറവോന് പറഞ്ഞു: "അതെ. ഉറപ്പായും നിങ്ങളപ്പോള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും.”
Verse 43 — Surah Ash-Shuara 26:43
മൂസ അവരോടു പറഞ്ഞു: "നിങ്ങള്‍ക്ക് എറിയാനുള്ളത് എറിഞ്ഞുകൊള്ളുക.”
Verse 44 — Surah Ash-Shuara 26:44
അവര്‍ തങ്ങളുടെ കയ്യിലുണ്ടായിരുന്ന കയറുകളും വടികളും നിലത്തിട്ടു. എന്നിട്ടിങ്ങനെ പറഞ്ഞു: "ഫറവോന്റെ പ്രതാപത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍.”
Verse 45 — Surah Ash-Shuara 26:45
പിന്നെ മൂസ തന്റെ വടി നിലത്തിട്ടു. ഉടനെയതാ അത് അവരുടെ വ്യാജനിര്‍മിതികളെയൊക്കെ വിഴുങ്ങിക്കളഞ്ഞു
Verse 46 — Surah Ash-Shuara 26:46
അതോടെ ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു നിലത്തുവീണു
Verse 47 — Surah Ash-Shuara 26:47
അവര്‍ പറഞ്ഞു: "ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു
Verse 48 — Surah Ash-Shuara 26:48
മൂസായുടെയും ഹാറൂന്റെയും നാഥനില്‍.”
Verse 49 — Surah Ash-Shuara 26:49
ഫറവോന് പറഞ്ഞു: "ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവനാണിവന്‍. ഇതിന്റെ ഫലം ഇപ്പോള്‍തന്നെ നിങ്ങളറിയും. ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയും; തീര്‍ച്ച. നിങ്ങളെയൊക്കെ ഞാന്‍ കുരിശില്‍ തറക്കും
Verse 50 — Surah Ash-Shuara 26:50
അവര്‍ പറഞ്ഞു: "വിരോധമില്ല. ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകുന്നവരാണ്
Verse 51 — Surah Ash-Shuara 26:51
ഫറവോന്റെ അനുയായികളില്‍ ആദ്യം വിശ്വസിക്കുന്നവര്‍ ഞങ്ങളാണ്. അതിനാല്‍ ഞങ്ങളുടെ നാഥന് ഞങ്ങളുടെ പാപങ്ങളൊക്കെ പൊറുത്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.”
Verse 52 — Surah Ash-Shuara 26:52
മൂസാക്കു നാം ബോധനം നല്കി: "എന്റെ ദാസന്മാരെയും കൂട്ടി രാത്രിതന്നെ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അവര്‍ നിങ്ങളെ പിന്തുടരും.”
Verse 53 — Surah Ash-Shuara 26:53
അപ്പോള്‍ ഫറവോന് ആളുകളെ ഒരുമിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു
Verse 54 — Surah Ash-Shuara 26:54
ഫറവോന് പറഞ്ഞു: "തീര്‍ച്ചയായും ഇവര്‍ ഏതാനും പേരുടെ ഒരു ചെറുസംഘമാണ്
Verse 55 — Surah Ash-Shuara 26:55
അവര്‍ നമ്മെ വല്ലാതെ കോപാകുലരാക്കിയിരിക്കുന്നു
Verse 56 — Surah Ash-Shuara 26:56
തീര്‍ച്ചയായും നാം സംഘടിതരാണ്. ഏറെ ജാഗ്രത പുലര്‍ത്തുന്നവരും.”
Verse 57 — Surah Ash-Shuara 26:57
അങ്ങനെ നാമവരെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍ നിന്നും പുറത്തിറക്കി
Verse 58 — Surah Ash-Shuara 26:58
ഖജനാവുകളില്‍ നിന്നും മാന്യമായ പാര്‍പ്പിടങ്ങളില്‍ നിന്നും
Verse 59 — Surah Ash-Shuara 26:59
അങ്ങനെയാണ് നാം ചെയ്യുക. അവയൊക്കെ ഇസ്രയേല്‍ മക്കള്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു
Verse 60 — Surah Ash-Shuara 26:60
പിന്നീട് പ്രഭാതവേളയില്‍ ആ ജനം ഇവരെ പിന്തുടര്ന്നു
Verse 61 — Surah Ash-Shuara 26:61
ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: "ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്.”
Verse 62 — Surah Ash-Shuara 26:62
മൂസ പറഞ്ഞു: "ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന് എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും.”
Verse 63 — Surah Ash-Shuara 26:63
അപ്പോള്‍ മൂസാക്കു നാം ബോധനം നല്കി: "നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക.” അതോടെ കടല്‍ പിളര്‍ന്നു. ഇരുപുറവും പടുകൂറ്റന്‍ പര്‍വതംപോലെയായി
Verse 64 — Surah Ash-Shuara 26:64
ഫറവോനെയും സംഘത്തെയും നാം അതിന്റെ അടുത്തെത്തിച്ചു
Verse 65 — Surah Ash-Shuara 26:65
മൂസായെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നാം രക്ഷപ്പെടുത്തി
Verse 66 — Surah Ash-Shuara 26:66
പിന്നെ മറ്റുള്ളവരെ വെള്ളത്തിലാഴ്ത്തിക്കൊന്നു
Verse 67 — Surah Ash-Shuara 26:67
തീര്‍ച്ചയായും ഇതില്‍ വലിയ ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല
Verse 68 — Surah Ash-Shuara 26:68
തീര്‍ച്ചയായും നിന്റെ നാഥന് ഏറെ പ്രതാപിയും പരമകാരുണികനുമാണ്
Verse 69 — Surah Ash-Shuara 26:69
ഇബ്റാഹീമിന്റെ കഥ ഇവരെ വായിച്ചുകേള്‍പ്പിക്കുക
Verse 70 — Surah Ash-Shuara 26:70
അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?”
Verse 71 — Surah Ash-Shuara 26:71
അവര്‍ പറഞ്ഞു: "ഞങ്ങള്‍ ചില വിഗ്രഹങ്ങളെ പൂജിക്കുന്നു. അവയ്ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.”
Verse 72 — Surah Ash-Shuara 26:72
അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവയത് കേള്‍ക്കുമോ
Verse 73 — Surah Ash-Shuara 26:73
അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവ വല്ല ഉപകാരമോ ഉപദ്രവമോ വരുത്തുമോ?”
Verse 74 — Surah Ash-Shuara 26:74
അവര്‍ പറഞ്ഞു: "ഇല്ല. എന്നാല്‍ ഞങ്ങളുടെ പിതാക്കള്‍ അവയെ പൂജിക്കുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.”
Verse 75 — Surah Ash-Shuara 26:75
അദ്ദേഹം ചോദിച്ചു: " നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ
Verse 76 — Surah Ash-Shuara 26:76
നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും
Verse 77 — Surah Ash-Shuara 26:77
അറിയുക: അവരൊക്കെയും എന്റെ എതിരാളികളാണ്. പ്രപഞ്ചനാഥനൊഴികെ
Verse 78 — Surah Ash-Shuara 26:78
എന്നെ സൃഷ്ടിച്ചവനാണവന്‍. എന്നെ നേര്‍വഴിയിലാക്കുന്നതും അവന്‍തന്നെ
Verse 79 — Surah Ash-Shuara 26:79
എനിക്ക് അന്നം നല്‍കുന്നതും കുടിനീര് തരുന്നതും അവനാണ്
Verse 80 — Surah Ash-Shuara 26:80
രോഗംബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന് തന്നെ
Verse 81 — Surah Ash-Shuara 26:81
എന്നെ മരിപ്പിക്കുന്നതും പിന്നെ ജീവിപ്പിക്കുന്നതും അവനാണ്
Verse 82 — Surah Ash-Shuara 26:82
പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അവനിലാണ്
Verse 83 — Surah Ash-Shuara 26:83
എന്റെ നാഥാ, എനിക്കു നീ യുക്തിജ്ഞാനം നല്കേണമേ. എന്നെ നീ സജ്ജനങ്ങളില്‍പെടുത്തേണമേ
Verse 84 — Surah Ash-Shuara 26:84
പിന്മുറക്കാരില് എനിക്കു നീ സല്‍പ്പേരുണ്ടാക്കേണമേ
Verse 85 — Surah Ash-Shuara 26:85
എന്നെ നീ അനുഗൃഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെടുത്തേണമേ
Verse 86 — Surah Ash-Shuara 26:86
എന്റെ പിതാവിനു നീ പൊറുത്തുകൊടുക്കേണമേ. സംശയമില്ല; അദ്ദേഹം വഴിപിഴച്ചവന്‍തന്നെ
Verse 87 — Surah Ash-Shuara 26:87
ജനം ഉയിര്ത്തെഴുന്നേല്ക്കുന്ന നാളില്‍ നീയെന്നെ അപമാനിതനാക്കരുതേ
Verse 88 — Surah Ash-Shuara 26:88
സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്
Verse 89 — Surah Ash-Shuara 26:89
കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.”
Verse 90 — Surah Ash-Shuara 26:90
അന്ന് ഭക്തന്മാര്ക്ക് സ്വര്‍ഗം വളരെ അടുത്തായിരിക്കും
Verse 91 — Surah Ash-Shuara 26:91
വഴിപിഴച്ചവരുടെ മുന്നില്‍ നരകം വെളിപ്പെടുത്തുകയും ചെയ്യും
Verse 92 — Surah Ash-Shuara 26:92
അന്ന് അവരോടു ചോദിക്കും: "നിങ്ങള്‍ പൂജിച്ചിരുന്നവയെല്ലാം എവിടെപ്പോയി
Verse 93 — Surah Ash-Shuara 26:93
അല്ലാഹുവെക്കൂടാതെ; അവ നിങ്ങളെ സഹായിക്കുന്നുണ്ടോ? എന്നല്ല; അവയ്ക്ക് സ്വയം രക്ഷപ്പെടാനെങ്കിലും കഴിയുന്നുണ്ടോ?”
Verse 94 — Surah Ash-Shuara 26:94
അങ്ങനെ ആ ദുര്‍മാര്‍ഗികളെയും അവരുടെ ആരാധ്യരെയും അതില്‍ മുഖംകുത്തി വീഴ്ത്തും
Verse 95 — Surah Ash-Shuara 26:95
ഇബ്ലീസിന്റെ മുഴുവന്‍ പടയെയും
Verse 96 — Surah Ash-Shuara 26:96
അവിടെ അവരന്യോന്യം ശണ്ഠകൂടിക്കൊണ്ടിരിക്കും. അന്നേരം ആ ദുര്‍മാര്‍ഗികള്‍ പറയും
Verse 97 — Surah Ash-Shuara 26:97
അല്ലാഹുവാണ് സത്യം? ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു
Verse 98 — Surah Ash-Shuara 26:98
ഞങ്ങള്‍ നിങ്ങളെ പ്രപഞ്ചനാഥന്ന് തുല്യരാക്കിയപ്പോള്‍
Verse 99 — Surah Ash-Shuara 26:99
ഞങ്ങളെ വഴിതെറ്റിച്ചത് ആ കുറ്റവാളികളല്ലാതാരുമല്ല
Verse 100 — Surah Ash-Shuara 26:100
ഇപ്പോള്‍ ഞങ്ങള്‍ക്ക് ശിപാര്‍ശകരായി ആരുമില്ല
Verse 101 — Surah Ash-Shuara 26:101
ഉറ്റമിത്രവുമില്ല
Verse 102 — Surah Ash-Shuara 26:102
അതിനാല്‍ ഞങ്ങള്‍ക്കൊന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അപ്പോള്‍ ഉറപ്പായും ഞങ്ങള്‍ സത്യവിശ്വാസികളിലുള്‍പ്പെടുമായിരുന്നു!”
Verse 103 — Surah Ash-Shuara 26:103
തീര്‍ച്ചയായും ഇതില്‍ ജനങ്ങള്‍ക്ക് ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല
Verse 104 — Surah Ash-Shuara 26:104
തീര്‍ച്ചയായും നിന്റെ നാഥന് തന്നെയാണ് പ്രതാപിയും പരമ കാരുണികനും
Verse 105 — Surah Ash-Shuara 26:105
നൂഹിന്റെ ജനത ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു
Verse 106 — Surah Ash-Shuara 26:106
അവരുടെ സഹോദരന് നൂഹ് അവരോടിങ്ങനെ പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ
Verse 107 — Surah Ash-Shuara 26:107
സംശയം വേണ്ട; ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്
Verse 108 — Surah Ash-Shuara 26:108
അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക
Verse 109 — Surah Ash-Shuara 26:109
ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്
Verse 110 — Surah Ash-Shuara 26:110
അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക.”
Verse 111 — Surah Ash-Shuara 26:111
അവര്‍ പറഞ്ഞു: "നിന്നെ പിന്‍പറ്റിയവരൊക്കെ താണവിഭാഗത്തില്‍ പെട്ടവരാണല്ലോ. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിന്നില്‍ വിശ്വസിക്കാനാകും?”
Verse 112 — Surah Ash-Shuara 26:112
അദ്ദേഹം പറഞ്ഞു: "അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്കെന്തറിയാം
Verse 113 — Surah Ash-Shuara 26:113
അവരുടെ വിചാരണ എന്റെ നാഥന്റെ മാത്രം ചുമതലയത്രെ. നിങ്ങള്‍ ബോധമുള്ളവരെങ്കില്‍ അതോര്‍ക്കുക
Verse 114 — Surah Ash-Shuara 26:114
സത്യവിശ്വാസികളെ ഞാനെന്തായാലും ആട്ടിയകറ്റുകയില്ല
Verse 115 — Surah Ash-Shuara 26:115
ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.”
Verse 116 — Surah Ash-Shuara 26:116
അവര്‍ പറഞ്ഞു: "നൂഹേ, നീയിതു നിര്‍ത്തുന്നില്ലെങ്കില്‍ നിശ്ചയമായും നിന്നെ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യും.”
Verse 117 — Surah Ash-Shuara 26:117
നൂഹ് പറഞ്ഞു: "എന്റെ നാഥാ, തീര്‍ച്ചയായും എന്റെ ജനത എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു
Verse 118 — Surah Ash-Shuara 26:118
അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീയൊരു നിര്‍ണായക തീരുമാനമെടുക്കേണമേ. എന്നെയും എന്റെ കൂടെയുള്ള സത്യവിശ്വാസികളെയും രക്ഷപ്പെടുത്തേണമേ.”
Verse 119 — Surah Ash-Shuara 26:119
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും തിങ്ങിനിറഞ്ഞ ഒരു കപ്പലില്‍ നാം രക്ഷപ്പെടുത്തി
Verse 120 — Surah Ash-Shuara 26:120
പിന്നെ അതിനുശേഷം ബാക്കിയുള്ളവരെയൊക്കെ വെള്ളത്തില്‍ മുക്കിയാഴ്ത്തി
Verse 121 — Surah Ash-Shuara 26:121
തീര്‍ച്ചയായും അതില്‍ ജനങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല
Verse 122 — Surah Ash-Shuara 26:122
നിശ്ചയം നിന്റെ നാഥന് തന്നെയാണ് പ്രതാപവാനും പരമകാരുണികനും
Verse 123 — Surah Ash-Shuara 26:123
ആദ് സമുദായം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു
Verse 124 — Surah Ash-Shuara 26:124
അവരുടെ സഹോദരന് ഹൂദ് അവരോടു പറഞ്ഞതോര്‍ക്കുക: "നിങ്ങള്‍ ഭക്തരാവുന്നില്ലേ
Verse 125 — Surah Ash-Shuara 26:125
തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്
Verse 126 — Surah Ash-Shuara 26:126
അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിപുലര്‍ത്തുക. എന്നെ അനുസരിക്കുക
Verse 127 — Surah Ash-Shuara 26:127
ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്
Verse 128 — Surah Ash-Shuara 26:128
വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങള്‍ എല്ലാ കുന്നിന്മുകളിലും സ്മാരകസൌധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ
Verse 129 — Surah Ash-Shuara 26:129
നിങ്ങള്‍ക്ക് എക്കാലവും പാര്‍ക്കാനെന്നപോലെ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുകയാണോ
Verse 130 — Surah Ash-Shuara 26:130
നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്
Verse 131 — Surah Ash-Shuara 26:131
അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക
Verse 132 — Surah Ash-Shuara 26:132
അല്ലാഹു നിങ്ങളെ സഹായിച്ചതെങ്ങനെയെല്ലാമെന്ന് നിങ്ങള്‍ക്കു നന്നായറിയാമല്ലോ. അതിനാല്‍ നിങ്ങള്‍ അവനോട് ഭക്തിയുള്ളവരാവുക
Verse 133 — Surah Ash-Shuara 26:133
കന്നുകാലികളെയും മക്കളെയും നല്കി അവന് നിങ്ങളെ സഹായിച്ചു
Verse 134 — Surah Ash-Shuara 26:134
തോട്ടങ്ങളും അരുവികളും തന്നു
Verse 135 — Surah Ash-Shuara 26:135
ഭയങ്കരമായ ഒരുനാളിലെ ശിക്ഷ നിങ്ങള്‍ക്കു വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.”
Verse 136 — Surah Ash-Shuara 26:136
അവര്‍ പറഞ്ഞു: "നീ ഉപദേശിക്കുന്നതും ഉപദേശിക്കാതിരിക്കുന്നതും ഞങ്ങള്‍ക്ക് ഒരേപോലെയാണ്
Verse 137 — Surah Ash-Shuara 26:137
ഞങ്ങള്‍ ഈ ചെയ്യുന്നതൊക്കെ പൂര്‍വികരുടെ പതിവില്‍ പെട്ടതാണ്
Verse 138 — Surah Ash-Shuara 26:138
ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.”
Verse 139 — Surah Ash-Shuara 26:139
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ നാമവരെ നശിപ്പിച്ചു. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല
Verse 140 — Surah Ash-Shuara 26:140
നിശ്ചയം നിന്റെ നാഥന് ഏറെ പ്രതാപിയും പരമദയാലുവുമാണ്
Verse 141 — Surah Ash-Shuara 26:141
സമൂദ് സമുദായം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു
Verse 142 — Surah Ash-Shuara 26:142
അവരുടെ സഹോദരന് സ്വാലിഹ് അവരോട് ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തരാവുന്നില്ലേ
Verse 143 — Surah Ash-Shuara 26:143
തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കയക്കപ്പെട്ട വിശ്വസ്തനായ ദൈവദൂതനാണ്
Verse 144 — Surah Ash-Shuara 26:144
അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക
Verse 145 — Surah Ash-Shuara 26:145
ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥനില്‍ നിന്ന് മാത്രമാണ്
Verse 146 — Surah Ash-Shuara 26:146
അല്ലാ, ഇവിടെ ഇക്കാണുന്നതിലൊക്കെ നിര്‍ഭയമായി യഥേഷ്ടം വിഹരിക്കാന്‍ നിങ്ങളെ വിട്ടേക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്
Verse 147 — Surah Ash-Shuara 26:147
അതായത് ഈ തോട്ടങ്ങളിലും അരുവികളിലും
Verse 148 — Surah Ash-Shuara 26:148
വയലുകളിലും പാകമായ പഴക്കുലകള്‍ നിറഞ്ഞ ഈന്തപ്പനത്തോപ്പുകളിലും
Verse 149 — Surah Ash-Shuara 26:149
നിങ്ങള്‍ ആര്‍ഭാടപ്രിയരായി പര്‍വതങ്ങള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു
Verse 150 — Surah Ash-Shuara 26:150
നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക
Verse 151 — Surah Ash-Shuara 26:151
അതിക്രമികളുടെ ആജ്ഞകള്‍ അനുസരിക്കരുത്
Verse 152 — Surah Ash-Shuara 26:152
ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണവര്‍. ഒരുവിധ സംസ്കരണവും വരുത്താത്തവരും.”
Verse 153 — Surah Ash-Shuara 26:153
അവര്‍ പറഞ്ഞു: "നീ മാരണം ബാധിച്ചവന് തന്നെ
Verse 154 — Surah Ash-Shuara 26:154
നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. അതിനാല്‍ നീ എന്തെങ്കിലും അടയാളം കൊണ്ടുവരിക. നീ സത്യവാദിയെങ്കില്‍!”
Verse 155 — Surah Ash-Shuara 26:155
അദ്ദേഹം പറഞ്ഞു: "ഇതാ ഒരൊട്ടകം. നിശ്ചിത ദിവസം അതിനു വെള്ളം കുടിക്കാന്‍ അവസരമുണ്ട്. നിങ്ങള്‍ക്കും ഒരവസരമുണ്ട്
Verse 156 — Surah Ash-Shuara 26:156
നിങ്ങള്‍ അതിനെ ഒരു നിലക്കും ദ്രോഹിക്കരുത്. അങ്ങനെ ചെയ്താല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷ നിങ്ങളെ പിടികൂടും.”
Verse 157 — Surah Ash-Shuara 26:157
എന്നാല്‍ അവരതിനെ കശാപ്പ് ചെയ്തു. അങ്ങനെ അവര്‍ കടുത്ത ദുഃഖത്തിനിരയായി
Verse 158 — Surah Ash-Shuara 26:158
അതോടെ മുന്നറിയിപ്പ് നല്കപ്പെട്ട ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പ്പേരും വിശ്വാസികളായില്ല
Verse 159 — Surah Ash-Shuara 26:159
നിശ്ചയം നിന്റെ നാഥന് ഏറെ പ്രതാപിയും പരമകാരുണികനുമാണ്
Verse 160 — Surah Ash-Shuara 26:160
ലൂത്വിന്റെ ജനത ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു
Verse 161 — Surah Ash-Shuara 26:161
അവരുടെ സഹോദരന് ലൂത്വ് അവരോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തരാവുന്നില്ലേ
Verse 162 — Surah Ash-Shuara 26:162
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്
Verse 163 — Surah Ash-Shuara 26:163
അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക
Verse 164 — Surah Ash-Shuara 26:164
ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്
Verse 165 — Surah Ash-Shuara 26:165
മാലോകരില്‍ കാമശമനത്തിന് വേണ്ടി നിങ്ങള്‍ പുരുഷന്മാരെ സമീപിക്കുകയാണോ
Verse 166 — Surah Ash-Shuara 26:166
നിങ്ങളുടെ നാഥന് നിങ്ങള്‍ക്കായി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ ഉപേക്ഷിക്കുകയും? നിങ്ങള്‍ പരിധിവിട്ട ജനംതന്നെ.”
Verse 167 — Surah Ash-Shuara 26:167
അവര്‍ പറഞ്ഞു: "ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും.”
Verse 168 — Surah Ash-Shuara 26:168
അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങളുടെ ഇത്തരം ചെയ്തികളെ വെറുക്കുന്ന കൂട്ടത്തിലാണ്
Verse 169 — Surah Ash-Shuara 26:169
എന്റെ നാഥാ! നീ എന്നെയും എന്റെ കുടുംബത്തെയും ഇവര്‍ ഈ ചെയ്തുകൊണ്ടിരിക്കുന്നതില്‍നിന്ന് രക്ഷിക്കേണമേ.”
Verse 170 — Surah Ash-Shuara 26:170
അവസാനം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷിച്ചു
Verse 171 — Surah Ash-Shuara 26:171
പിന്തിനിന്ന ഒരു കിഴവിയെ ഒഴികെ
Verse 172 — Surah Ash-Shuara 26:172
പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്ത് നാമാവശേഷമാക്കി
Verse 173 — Surah Ash-Shuara 26:173
അവരുടെമേല്‍ നാം ഒരുതരം മഴ വീഴ്ത്തി. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് കിട്ടിയ ആ മഴ എത്ര ഭീകരം
Verse 174 — Surah Ash-Shuara 26:174
തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല
Verse 175 — Surah Ash-Shuara 26:175
സംശയമില്ല, നിന്റെ നാഥന് ഏറെ പ്രതാപിയും പരമദയാലുവും തന്നെ
Verse 176 — Surah Ash-Shuara 26:176
“ഐക്ക” നിവാസികള്‍ ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു
Verse 177 — Surah Ash-Shuara 26:177
ശുഐബ് അവരോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ദൈവത്തോടു ഭക്തിപുലര്‍ത്തുന്നില്ലേ
Verse 178 — Surah Ash-Shuara 26:178
ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായ വിശ്വസ്തനായ ദൈവദൂതനാണ്
Verse 179 — Surah Ash-Shuara 26:179
അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക
Verse 180 — Surah Ash-Shuara 26:180
ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശം മാത്രമാണ്
Verse 181 — Surah Ash-Shuara 26:181
നിങ്ങള്‍ അളവില്‍ തികവുവരുത്തുക. അളവില്‍ കുറവുവരുത്തുന്നവരില്‍ പെട്ടുപോകരുത്
Verse 182 — Surah Ash-Shuara 26:182
കൃത്യതയുള്ള തുലാസുകളില്‍ തൂക്കുക
Verse 183 — Surah Ash-Shuara 26:183
ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവുവരുത്തരുത്. നാട്ടില്‍ കുഴപ്പക്കാരായി വിഹരിക്കരുത്
Verse 184 — Surah Ash-Shuara 26:184
നിങ്ങളെയും മുന്തലമുറകളെയും സൃഷ്ടിച്ച അല്ലാഹുവോട് ഭക്തിയുള്ളവരാവുക.”
Verse 185 — Surah Ash-Shuara 26:185
അവര്‍ പറഞ്ഞു: "നീ മാരണം ബാധിച്ച ഒരുത്തന് മാത്രമാണ്
Verse 186 — Surah Ash-Shuara 26:186
നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. കള്ളം പറയുന്നവനായാണ് നിന്നെ ഞങ്ങള്‍ കരുതുന്നത്
Verse 187 — Surah Ash-Shuara 26:187
ആകാശത്തിന്റെ ചില കഷണങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ വീഴ്ത്തുക, നീ സത്യവാദിയെങ്കില്‍.”
Verse 188 — Surah Ash-Shuara 26:188
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് എന്റെ നാഥന്.”
Verse 189 — Surah Ash-Shuara 26:189
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ കാര്‍മേഘം കുടപിടിച്ച നാളിന്റെ ശിക്ഷ അവരെ പിടികൂടി. ഭയങ്കരമായ ഒരു നാളിന്റെ ശിക്ഷ തന്നെയായിരുന്നു അത്
Verse 190 — Surah Ash-Shuara 26:190
തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല
Verse 191 — Surah Ash-Shuara 26:191
നിശ്ചയം, നിന്റെ നാഥന് ഏറെ പ്രതാപിയും പരമദയാലുവുമാണ്
Verse 192 — Surah Ash-Shuara 26:192
തീര്‍ച്ചയായും ഇത് പ്രപഞ്ചനാഥനില്‍ നിന്ന് അവതരിച്ചുകിട്ടിയതാണ്
Verse 193 — Surah Ash-Shuara 26:193
വിശ്വസ്തനായ ആത്മാവാണ് അതുമായി ഇറങ്ങിയത്
Verse 194 — Surah Ash-Shuara 26:194
നിന്റെ ഹൃദയത്തിലാണിതിറക്കിത്തന്നത്. നീ താക്കീതു നല്‍കുന്നവരിലുള്‍പ്പെടാന്‍
Verse 195 — Surah Ash-Shuara 26:195
തെളിഞ്ഞ അറബിഭാഷയിലാണിത്
Verse 196 — Surah Ash-Shuara 26:196
പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇതുണ്ട്
Verse 197 — Surah Ash-Shuara 26:197
ഇസ്രയേല്‍ മക്കളിലെ പണ്ഡിതന്മാര്ക്ക് അതറിയാം എന്നതുതന്നെ ഇവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലേ
Verse 198 — Surah Ash-Shuara 26:198
നാമിത് അനറബികളില്‍ ആര്‍ക്കെങ്കിലുമാണ് ഇറക്കിക്കൊടുത്തതെന്ന് കരുതുക
Verse 199 — Surah Ash-Shuara 26:199
അങ്ങനെ അയാളത് അവരെ വായിച്ചുകേള്‍പ്പിച്ചുവെന്നും; എന്നാലും അവരിതില്‍ വിശ്വസിക്കുമായിരുന്നില്ല
Verse 200 — Surah Ash-Shuara 26:200
അവ്വിധം നാമിതിനെ കുറ്റവാളികളുടെ ഹൃദയങ്ങളില്‍ കടത്തിവിട്ടിരിക്കുന്നു
Verse 201 — Surah Ash-Shuara 26:201
നോവേറിയശിക്ഷ കാണുംവരെ അവരിതില്‍ വിശ്വസിക്കുകയില്ല
Verse 202 — Surah Ash-Shuara 26:202
അവരറിയാത്ത നേരത്ത് വളരെ പെട്ടെന്നായിരിക്കും അതവരില്‍ വന്നെത്തുക
Verse 203 — Surah Ash-Shuara 26:203
അപ്പോഴവര്‍ പറയും: "ഞങ്ങള്‍ക്കൊരിത്തിരി അവധി കിട്ടുമോ?”
Verse 204 — Surah Ash-Shuara 26:204
എന്നിട്ടും ഇക്കൂട്ടര്‍ നമ്മുടെ ശിക്ഷ കിട്ടാനാണോ ഇത്ര ധൃതികൂട്ടുന്നത്
Verse 205 — Surah Ash-Shuara 26:205
നീ ചിന്തിച്ചുനോക്കിയോ: നാം അവര്‍ക്ക് കൊല്ലങ്ങളോളം കഴിയാന്‍ ആവശ്യമായ സുഖസൌകര്യങ്ങള്‍ നല്‍കിയെന്നുവെക്കുക
Verse 206 — Surah Ash-Shuara 26:206
പിന്നീട് അവര്‍ക്ക് മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുന്ന ശിക്ഷ അവരില്‍ വന്നെത്തിയെന്നും
Verse 207 — Surah Ash-Shuara 26:207
എന്നാലും അവര്‍ക്കു സുഖിച്ചുകഴിയാന്‍ നല്കിയ സൌകര്യം അവര്‍ക്കൊട്ടും ഉപകരിക്കുമായിരുന്നില്ല
Verse 208 — Surah Ash-Shuara 26:208
മുന്നറിയിപ്പുകാരനെ അയച്ചിട്ടല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല
Verse 209 — Surah Ash-Shuara 26:209
അവരെ ഉദ്ബോധിപ്പിക്കാനാണിത്. നാം ആരോടും ഒട്ടും അതിക്രമം കാണിക്കുന്നവനല്ല
Verse 210 — Surah Ash-Shuara 26:210
ഈ ഖുര്‍ആന്‍ ഇറക്കിക്കൊണ്ടുവന്നത് പിശാചുക്കളല്ല
Verse 211 — Surah Ash-Shuara 26:211
അതവര്‍ക്കു ചേര്‍ന്നതല്ല. അവര്‍ക്കതൊട്ടു സാധ്യവുമല്ല
Verse 212 — Surah Ash-Shuara 26:212
അവരിത് കേള്‍ക്കുന്നതില്‍ നിന്നുപോലും അകറ്റിനിര്‍ത്തപ്പെട്ടവരാണ്
Verse 213 — Surah Ash-Shuara 26:213
അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചുപ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീയും ശിക്ഷാര്‍ഹരില്‍പെടും
Verse 214 — Surah Ash-Shuara 26:214
നീ നിന്റെ അടുത്തബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക
Verse 215 — Surah Ash-Shuara 26:215
നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക
Verse 216 — Surah Ash-Shuara 26:216
അഥവാ, അവര്‍ നിന്നെ ധിക്കരിക്കുകയാണെങ്കില്‍ പറയുക: "നിങ്ങള്‍ ചെയ്യുന്നതിനൊന്നും ഞാനുത്തരവാദിയല്ല.”
Verse 217 — Surah Ash-Shuara 26:217
പ്രതാപിയും ദയാപരനുമായ അല്ലാഹുവില്‍ ഭരമേല്പിക്കുക
Verse 218 — Surah Ash-Shuara 26:218
നീ നിന്നു പ്രാര്‍ഥിക്കുംനേരത്ത് നിന്നെ കാണുന്നവനാണവന്‍
Verse 219 — Surah Ash-Shuara 26:219
സാഷ്ടാംഗം പ്രണമിക്കുന്നവരില്‍ നിന്റെ ചലനങ്ങള്‍ കാണുന്നവനും
Verse 220 — Surah Ash-Shuara 26:220
തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
Verse 221 — Surah Ash-Shuara 26:221
പിശാചുക്കള്‍ വന്നിറങ്ങുന്നത് ആരിലാണെന്ന് നാം നിങ്ങളെ അറിയിച്ചുതരട്ടെയോ
Verse 222 — Surah Ash-Shuara 26:222
തനി നുണയന്മാരും കുറ്റവാളികളുമായ എല്ലാവരിലുമാണ് പിശാച് വന്നിറങ്ങുന്നത്
Verse 223 — Surah Ash-Shuara 26:223
അവര്‍ പിശാചുക്കളുടെ വാക്കുകള്‍ കാതോര്‍ത്ത് കേള്‍ക്കുന്നു. അവരിലേറെപ്പേരും കള്ളംപറയുന്നവരാണ്
Verse 224 — Surah Ash-Shuara 26:224
വഴിപിഴച്ചവരാണ് കവികളെ പിന്‍പറ്റുന്നത്
Verse 225 — Surah Ash-Shuara 26:225
നീ കാണുന്നില്ലേ; അവര്‍ സകല താഴ്വരകളിലും അലഞ്ഞുതിരിയുന്നത്
Verse 226 — Surah Ash-Shuara 26:226
തങ്ങള്‍ ചെയ്യാത്തത് പറയുന്നതും
Verse 227 — Surah Ash-Shuara 26:227
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ദൈവത്തെ ധാരാളമായി സ്മരിക്കുകയും തങ്ങള്‍ അക്രമിക്കപ്പെട്ടശേഷം അതിനെ നേരിടുക മാത്രം ചെയ്തവരുമൊഴികെ. അതിക്രമികള്‍ അടുത്തുതന്നെ അറിയും, തങ്ങള്‍ മാറിമറിഞ്ഞ് ഏതൊരു പരിണതിയിലാണ് എത്തുകയെന്ന്