Back to Languages

Malayalam - Chapter 26 - Ash-Shuara

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Ash-Shuara 26:1

ത്വാ-സീന്‍-മീം

Verse 2 — Surah Ash-Shuara 26:2

ഇത് സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണ്

Verse 3 — Surah Ash-Shuara 26:3

അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം

Verse 4 — Surah Ash-Shuara 26:4

നാം ഇച്ഛിക്കുകയാണെങ്കില്‍ അവര്‍ക്കു നാം മാനത്തുനിന്ന് ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കും. അപ്പോള്‍ അവരുടെ പിരടികള്‍ അതിന് വിധേയമായിത്തീരും

Verse 5 — Surah Ash-Shuara 26:5

പരമകാരുണികനായ അല്ലാഹുവില്‍നിന്ന് പുതുതായി ഏതൊരു ഉദ്ബോധനം വന്നെത്തുമ്പോഴും അവരതിനെ അപ്പാടെ അവഗണിക്കുകയാണ്

Verse 6 — Surah Ash-Shuara 26:6

ഇപ്പോഴവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ പുച്ഛിച്ചുതള്ളിക്കളയുന്നതിന്റെ നിജസ്ഥിതി വൈകാതെ തന്നെ അവര്‍ക്കു വന്നെത്തും

Verse 7 — Surah Ash-Shuara 26:7

അവര്‍ ഭൂമിയിലേക്കു നോക്കുന്നില്ലേ? എത്രയേറെ വൈവിധ്യപൂര്‍ണമായ നല്ലയിനം സസ്യങ്ങളെയാണ് നാമതില്‍ മുളപ്പിച്ചിരിക്കുന്നത്

Verse 8 — Surah Ash-Shuara 26:8

തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വാസികളായില്ല

Verse 9 — Surah Ash-Shuara 26:9

നിന്റെ നാഥന്‍ തന്നെയാണ് പ്രതാപിയും പരമകാരുണികനും

Verse 10 — Surah Ash-Shuara 26:10

നിന്റെ നാഥന്‍ മൂസായെ വിളിച്ചുപറഞ്ഞ സന്ദര്‍ഭം: "നീ അക്രമികളായ ആ ജനങ്ങളിലേക്കു പോവുക

Verse 11 — Surah Ash-Shuara 26:11

ഫറവോന്റെ ജനത്തിലേക്ക്; എന്നിട്ട് ചോദിക്കൂ, അവര്‍ ഭക്തിപുലര്‍ത്തുന്നില്ലേയെന്ന്.”

Verse 12 — Surah Ash-Shuara 26:12

മൂസ പറഞ്ഞു: "എന്റെ നാഥാ, അവരെന്നെ തള്ളിപ്പറയുമെന്ന് ഞാന്‍ ഭയപ്പെടുന്നു

Verse 13 — Surah Ash-Shuara 26:13

എന്റെ ഹൃദയം ഞെരുങ്ങിപ്പോകുന്നു. എന്റെ നാവിന് സംസാരവൈഭവമില്ല. അതിനാല്‍ നീ ഹാറൂന്ന് സന്ദേശമയച്ചാലും

Verse 14 — Surah Ash-Shuara 26:14

അവര്‍ക്കാണെങ്കില്‍ എന്റെ പേരില്‍ ഒരു കുറ്റാരോപണവുമുണ്ട്. അതിനാലവരെന്നെ കൊന്നുകളയുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.”

Verse 15 — Surah Ash-Shuara 26:15

അല്ലാഹു പറഞ്ഞു: "ഒരിക്കലുമില്ല. അതിനാല്‍ നിങ്ങളിരുവരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോവുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം എല്ലാം കേള്‍ക്കുന്നവനായി നാമുണ്ട്

Verse 16 — Surah Ash-Shuara 26:16

അങ്ങനെ നിങ്ങളിരുവരും ഫറവോന്റെ അടുത്തുചെന്ന് പറയുക: “തീര്‍ച്ചയായും ഞങ്ങള്‍ പ്രപഞ്ചനാഥന്റെ ദൂതന്മാരാണ്

Verse 17 — Surah Ash-Shuara 26:17

“ഇസ്രയേല്‍ മക്കളെ ഞങ്ങളോടൊപ്പമയക്കണമെന്നതാണ് ദൈവശാസന.”

Verse 18 — Surah Ash-Shuara 26:18

ഫറവോന്‍ പറഞ്ഞു: "കുട്ടിയായിരിക്കെ ഞങ്ങള്‍ നിന്നെ ഞങ്ങളോടൊപ്പം വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറേകാലം ഞങ്ങളോടൊപ്പമാണല്ലോ നീ കഴിച്ചുകൂട്ടിയത്

Verse 19 — Surah Ash-Shuara 26:19

പിന്നെ നീ ചെയ്ത ആ കൃത്യം നീ ചെയ്തിട്ടുമുണ്ട്. നീ തീരേ നന്ദികെട്ടവന്‍ തന്നെ.”

Verse 20 — Surah Ash-Shuara 26:20

മൂസ പറഞ്ഞു: "അന്ന് ഞാനതു അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു

Verse 21 — Surah Ash-Shuara 26:21

അങ്ങനെ നിങ്ങളെപ്പറ്റി പേടി തോന്നിയപ്പോള്‍ ഞാനിവിടെ നിന്ന് ഒളിച്ചോടി. പിന്നീട് എന്റെ നാഥന്‍ എനിക്ക് തത്ത്വജ്ഞാനം നല്‍കി. അവനെന്നെ തന്റെ ദൂതന്മാരിലൊരുവനാക്കി

Verse 22 — Surah Ash-Shuara 26:22

എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രയേല്‍ മക്കളെ നീ അടിമകളാക്കിവെച്ചതിനാല്‍ സംഭവിച്ചതാണ്.”

Verse 23 — Surah Ash-Shuara 26:23

ഫറവോന്‍ ചോദിച്ചു: "എന്താണ് ഈ ലോകരക്ഷിതാവെന്നത്?”

Verse 24 — Surah Ash-Shuara 26:24

മൂസ പറഞ്ഞു: "ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകന്‍ തന്നെ. നിങ്ങള്‍ കാര്യം മനസ്സിലാകുന്നവരാണെങ്കില്‍ ഇതുബോധ്യമാകും.”

Verse 25 — Surah Ash-Shuara 26:25

ഫറവോന്‍ തന്റെ ചുറ്റുമുള്ളവരോട് ചോദിച്ചു: "നിങ്ങള്‍ കേള്‍ക്കുന്നില്ലേ?”

Verse 26 — Surah Ash-Shuara 26:26

മൂസ പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവാണത്. നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവ്.”

Verse 27 — Surah Ash-Shuara 26:27

ഫറവോന്‍ പറഞ്ഞു: "നിങ്ങളിലേക്ക് അയക്കപ്പെട്ട നിങ്ങളുടെ ഈ ദൈവദൂതന്‍ ഒരു മുഴുഭ്രാന്തന്‍ തന്നെ; സംശയം വേണ്ടാ.”

Verse 28 — Surah Ash-Shuara 26:28

മൂസ പറഞ്ഞു: "ഉദയ സ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവാണവന്‍. നിങ്ങള്‍ ചിന്തിച്ചറിയുന്നവരെങ്കില്‍ ഇത് മനസ്സിലാകും.”

Verse 29 — Surah Ash-Shuara 26:29

ഫറവോന്‍ പറഞ്ഞു: "ഞാനല്ലാത്ത ഒരു ദൈവത്തെ നീ സ്വീകരിക്കുകയാണെങ്കില്‍ നിശ്ചയമായും നിന്നെ ഞാന്‍ ജയിലിലടക്കും.”

Verse 30 — Surah Ash-Shuara 26:30

മൂസ ചോദിച്ചു: "ഞാന്‍ താങ്കളുടെയടുത്ത് വ്യക്തമായ വല്ല തെളിവും കൊണ്ടുവന്നാലും?”

Verse 31 — Surah Ash-Shuara 26:31

ഫറവോന്‍ പറഞ്ഞു: "എങ്കില്‍ നീ അതിങ്ങുകൊണ്ടുവരിക. നീ സത്യവാനെങ്കില്‍!”

Verse 32 — Surah Ash-Shuara 26:32

അപ്പോള്‍ മൂസ തന്റെ വടി താഴെയിട്ടു. ഉടനെയതാ അത് ശരിക്കുമൊരു പാമ്പായി മാറുന്നു

Verse 33 — Surah Ash-Shuara 26:33

അദ്ദേഹം തന്റെ കൈ കക്ഷത്തുനിന്ന് പുറത്തെടുത്തു. അപ്പോഴതാ അത് കാണികള്‍ക്കൊക്കെ തിളങ്ങുന്നതായിത്തീരുന്നു

Verse 34 — Surah Ash-Shuara 26:34

ഫറവോന്‍ തന്റെ ചുറ്റുമുള്ള പ്രമാണിമാരോടു പറഞ്ഞു: "സംശയമില്ല; ഇവനൊരു പഠിച്ച ജാലവിദ്യക്കാരന്‍ തന്നെ

Verse 35 — Surah Ash-Shuara 26:35

തന്റെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനാണിവനുദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്?”

Verse 36 — Surah Ash-Shuara 26:36

അവര്‍ പറഞ്ഞു: "ഇവന്റെയും ഇവന്റെ സഹോദരന്റെയും കാര്യം ഇത്തിരി നീട്ടിവെക്കുക. എന്നിട്ട് ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് ദൂതന്മാരെ നിയോഗിക്കുക

Verse 37 — Surah Ash-Shuara 26:37

സമര്‍ഥരായ സകല ജാലവിദ്യക്കാരെയും അവര്‍ അങ്ങയുടെ അടുത്ത് വിളിച്ചുചേര്‍ക്കട്ടെ.”

Verse 38 — Surah Ash-Shuara 26:38

അങ്ങനെ ഒരു നിശ്ചിതദിവസം നിശ്ചിതസമയത്ത് ജാലവിദ്യക്കാരെയൊക്കെ ഒരുമിച്ചുകൂട്ടി

Verse 39 — Surah Ash-Shuara 26:39

ഫറവോന്‍ ജനങ്ങളോടു പറഞ്ഞു: "നിങ്ങളെല്ലാം ഇവിടെ ഒത്തുകൂടുന്നുണ്ടല്ലോ

Verse 40 — Surah Ash-Shuara 26:40

ജാലവിദ്യക്കാരാണ് വിജയിക്കുന്നതെങ്കില്‍ നമുക്കവരോടൊപ്പം ചേരാം.”

Verse 41 — Surah Ash-Shuara 26:41

അങ്ങനെ ജാലവിദ്യക്കാര്‍ വന്നു. അവര്‍ ഫറവോനോട് ചോദിച്ചു: "ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ!”

Verse 42 — Surah Ash-Shuara 26:42

ഫറവോന്‍ പറഞ്ഞു: "അതെ. ഉറപ്പായും നിങ്ങളപ്പോള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും.”

Verse 43 — Surah Ash-Shuara 26:43

മൂസ അവരോടു പറഞ്ഞു: "നിങ്ങള്‍ക്ക് എറിയാനുള്ളത് എറിഞ്ഞുകൊള്ളുക.”

Verse 44 — Surah Ash-Shuara 26:44

അവര്‍ തങ്ങളുടെ കയ്യിലുണ്ടായിരുന്ന കയറുകളും വടികളും നിലത്തിട്ടു. എന്നിട്ടിങ്ങനെ പറഞ്ഞു: "ഫറവോന്റെ പ്രതാപത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍.”

Verse 45 — Surah Ash-Shuara 26:45

പിന്നെ മൂസ തന്റെ വടി നിലത്തിട്ടു. ഉടനെയതാ അത് അവരുടെ വ്യാജനിര്‍മിതികളെയൊക്കെ വിഴുങ്ങിക്കളഞ്ഞു

Verse 46 — Surah Ash-Shuara 26:46

അതോടെ ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു നിലത്തുവീണു

Verse 47 — Surah Ash-Shuara 26:47

അവര്‍ പറഞ്ഞു: "ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു

Verse 48 — Surah Ash-Shuara 26:48

മൂസായുടെയും ഹാറൂന്റെയും നാഥനില്‍.”

Verse 49 — Surah Ash-Shuara 26:49

ഫറവോന്‍ പറഞ്ഞു: "ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവനാണിവന്‍. ഇതിന്റെ ഫലം ഇപ്പോള്‍തന്നെ നിങ്ങളറിയും. ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയും; തീര്‍ച്ച. നിങ്ങളെയൊക്കെ ഞാന്‍ കുരിശില്‍ തറക്കും

Verse 50 — Surah Ash-Shuara 26:50

അവര്‍ പറഞ്ഞു: "വിരോധമില്ല. ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകുന്നവരാണ്

Verse 51 — Surah Ash-Shuara 26:51

ഫറവോന്റെ അനുയായികളില്‍ ആദ്യം വിശ്വസിക്കുന്നവര്‍ ഞങ്ങളാണ്. അതിനാല്‍ ഞങ്ങളുടെ നാഥന്‍ ഞങ്ങളുടെ പാപങ്ങളൊക്കെ പൊറുത്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.”

Verse 52 — Surah Ash-Shuara 26:52

മൂസാക്കു നാം ബോധനം നല്‍കി: "എന്റെ ദാസന്മാരെയും കൂട്ടി രാത്രിതന്നെ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അവര്‍ നിങ്ങളെ പിന്തുടരും.”

Verse 53 — Surah Ash-Shuara 26:53

അപ്പോള്‍ ഫറവോന്‍ ആളുകളെ ഒരുമിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു

Verse 54 — Surah Ash-Shuara 26:54

ഫറവോന്‍ പറഞ്ഞു: "തീര്‍ച്ചയായും ഇവര്‍ ഏതാനും പേരുടെ ഒരു ചെറുസംഘമാണ്

Verse 55 — Surah Ash-Shuara 26:55

അവര്‍ നമ്മെ വല്ലാതെ കോപാകുലരാക്കിയിരിക്കുന്നു

Verse 56 — Surah Ash-Shuara 26:56

തീര്‍ച്ചയായും നാം സംഘടിതരാണ്. ഏറെ ജാഗ്രത പുലര്‍ത്തുന്നവരും.”

Verse 57 — Surah Ash-Shuara 26:57

അങ്ങനെ നാമവരെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍ നിന്നും പുറത്തിറക്കി

Verse 58 — Surah Ash-Shuara 26:58

ഖജനാവുകളില്‍ നിന്നും മാന്യമായ പാര്‍പ്പിടങ്ങളില്‍ നിന്നും

Verse 59 — Surah Ash-Shuara 26:59

അങ്ങനെയാണ് നാം ചെയ്യുക. അവയൊക്കെ ഇസ്രയേല്‍ മക്കള്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു

Verse 60 — Surah Ash-Shuara 26:60

പിന്നീട് പ്രഭാതവേളയില്‍ ആ ജനം ഇവരെ പിന്തുടര്‍ന്നു

Verse 61 — Surah Ash-Shuara 26:61

ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: "ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്.”

Verse 62 — Surah Ash-Shuara 26:62

മൂസ പറഞ്ഞു: "ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും.”

Verse 63 — Surah Ash-Shuara 26:63

അപ്പോള്‍ മൂസാക്കു നാം ബോധനം നല്‍കി: "നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക.” അതോടെ കടല്‍ പിളര്‍ന്നു. ഇരുപുറവും പടുകൂറ്റന്‍ പര്‍വതംപോലെയായി

Verse 64 — Surah Ash-Shuara 26:64

ഫറവോനെയും സംഘത്തെയും നാം അതിന്റെ അടുത്തെത്തിച്ചു

Verse 65 — Surah Ash-Shuara 26:65

മൂസായെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നാം രക്ഷപ്പെടുത്തി

Verse 66 — Surah Ash-Shuara 26:66

പിന്നെ മറ്റുള്ളവരെ വെള്ളത്തിലാഴ്ത്തിക്കൊന്നു

Verse 67 — Surah Ash-Shuara 26:67

തീര്‍ച്ചയായും ഇതില്‍ വലിയ ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല

Verse 68 — Surah Ash-Shuara 26:68

തീര്‍ച്ചയായും നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്

Verse 69 — Surah Ash-Shuara 26:69

ഇബ്റാഹീമിന്റെ കഥ ഇവരെ വായിച്ചുകേള്‍പ്പിക്കുക

Verse 70 — Surah Ash-Shuara 26:70

അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?”

Verse 71 — Surah Ash-Shuara 26:71

അവര്‍ പറഞ്ഞു: "ഞങ്ങള്‍ ചില വിഗ്രഹങ്ങളെ പൂജിക്കുന്നു. അവയ്ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.”

Verse 72 — Surah Ash-Shuara 26:72

അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവയത് കേള്‍ക്കുമോ

Verse 73 — Surah Ash-Shuara 26:73

അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവ വല്ല ഉപകാരമോ ഉപദ്രവമോ വരുത്തുമോ?”

Verse 74 — Surah Ash-Shuara 26:74

അവര്‍ പറഞ്ഞു: "ഇല്ല. എന്നാല്‍ ഞങ്ങളുടെ പിതാക്കള്‍ അവയെ പൂജിക്കുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.”

Verse 75 — Surah Ash-Shuara 26:75

അദ്ദേഹം ചോദിച്ചു: " നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ

Verse 76 — Surah Ash-Shuara 26:76

നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും

Verse 77 — Surah Ash-Shuara 26:77

അറിയുക: അവരൊക്കെയും എന്റെ എതിരാളികളാണ്. പ്രപഞ്ചനാഥനൊഴികെ

Verse 78 — Surah Ash-Shuara 26:78

എന്നെ സൃഷ്ടിച്ചവനാണവന്‍. എന്നെ നേര്‍വഴിയിലാക്കുന്നതും അവന്‍തന്നെ

Verse 79 — Surah Ash-Shuara 26:79

എനിക്ക് അന്നം നല്‍കുന്നതും കുടിനീര്‍ തരുന്നതും അവനാണ്

Verse 80 — Surah Ash-Shuara 26:80

രോഗംബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ

Verse 81 — Surah Ash-Shuara 26:81

എന്നെ മരിപ്പിക്കുന്നതും പിന്നെ ജീവിപ്പിക്കുന്നതും അവനാണ്

Verse 82 — Surah Ash-Shuara 26:82

പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അവനിലാണ്

Verse 83 — Surah Ash-Shuara 26:83

എന്റെ നാഥാ, എനിക്കു നീ യുക്തിജ്ഞാനം നല്‍കേണമേ. എന്നെ നീ സജ്ജനങ്ങളില്‍പെടുത്തേണമേ

Verse 84 — Surah Ash-Shuara 26:84

പിന്‍മുറക്കാരില്‍ എനിക്കു നീ സല്‍പ്പേരുണ്ടാക്കേണമേ

Verse 85 — Surah Ash-Shuara 26:85

എന്നെ നീ അനുഗൃഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെടുത്തേണമേ

Verse 86 — Surah Ash-Shuara 26:86

എന്റെ പിതാവിനു നീ പൊറുത്തുകൊടുക്കേണമേ. സംശയമില്ല; അദ്ദേഹം വഴിപിഴച്ചവന്‍തന്നെ

Verse 87 — Surah Ash-Shuara 26:87

ജനം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളില്‍ നീയെന്നെ അപമാനിതനാക്കരുതേ

Verse 88 — Surah Ash-Shuara 26:88

സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്

Verse 89 — Surah Ash-Shuara 26:89

കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.”

Verse 90 — Surah Ash-Shuara 26:90

അന്ന് ഭക്തന്മാര്‍ക്ക് സ്വര്‍ഗം വളരെ അടുത്തായിരിക്കും

Verse 91 — Surah Ash-Shuara 26:91

വഴിപിഴച്ചവരുടെ മുന്നില്‍ നരകം വെളിപ്പെടുത്തുകയും ചെയ്യും

Verse 92 — Surah Ash-Shuara 26:92

അന്ന് അവരോടു ചോദിക്കും: "നിങ്ങള്‍ പൂജിച്ചിരുന്നവയെല്ലാം എവിടെപ്പോയി

Verse 93 — Surah Ash-Shuara 26:93

അല്ലാഹുവെക്കൂടാതെ; അവ നിങ്ങളെ സഹായിക്കുന്നുണ്ടോ? എന്നല്ല; അവയ്ക്ക് സ്വയം രക്ഷപ്പെടാനെങ്കിലും കഴിയുന്നുണ്ടോ?”

Verse 94 — Surah Ash-Shuara 26:94

അങ്ങനെ ആ ദുര്‍മാര്‍ഗികളെയും അവരുടെ ആരാധ്യരെയും അതില്‍ മുഖംകുത്തി വീഴ്ത്തും

Verse 95 — Surah Ash-Shuara 26:95

ഇബ്ലീസിന്റെ മുഴുവന്‍ പടയെയും

Verse 96 — Surah Ash-Shuara 26:96

അവിടെ അവരന്യോന്യം ശണ്ഠകൂടിക്കൊണ്ടിരിക്കും. അന്നേരം ആ ദുര്‍മാര്‍ഗികള്‍ പറയും

Verse 97 — Surah Ash-Shuara 26:97

അല്ലാഹുവാണ് സത്യം? ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു

Verse 98 — Surah Ash-Shuara 26:98

ഞങ്ങള്‍ നിങ്ങളെ പ്രപഞ്ചനാഥന്ന് തുല്യരാക്കിയപ്പോള്‍

Verse 99 — Surah Ash-Shuara 26:99

ഞങ്ങളെ വഴിതെറ്റിച്ചത് ആ കുറ്റവാളികളല്ലാതാരുമല്ല

Verse 100 — Surah Ash-Shuara 26:100

ഇപ്പോള്‍ ഞങ്ങള്‍ക്ക് ശിപാര്‍ശകരായി ആരുമില്ല

Verse 101 — Surah Ash-Shuara 26:101

ഉറ്റമിത്രവുമില്ല

Verse 102 — Surah Ash-Shuara 26:102

അതിനാല്‍ ഞങ്ങള്‍ക്കൊന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അപ്പോള്‍ ഉറപ്പായും ഞങ്ങള്‍ സത്യവിശ്വാസികളിലുള്‍പ്പെടുമായിരുന്നു!”

Verse 103 — Surah Ash-Shuara 26:103

തീര്‍ച്ചയായും ഇതില്‍ ജനങ്ങള്‍ക്ക് ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല

Verse 104 — Surah Ash-Shuara 26:104

തീര്‍ച്ചയായും നിന്റെ നാഥന്‍ തന്നെയാണ് പ്രതാപിയും പരമ കാരുണികനും

Verse 105 — Surah Ash-Shuara 26:105

നൂഹിന്റെ ജനത ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു

Verse 106 — Surah Ash-Shuara 26:106

അവരുടെ സഹോദരന്‍ നൂഹ് അവരോടിങ്ങനെ പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ

Verse 107 — Surah Ash-Shuara 26:107

സംശയം വേണ്ട; ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്

Verse 108 — Surah Ash-Shuara 26:108

അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക

Verse 109 — Surah Ash-Shuara 26:109

ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്

Verse 110 — Surah Ash-Shuara 26:110

അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക.”

Verse 111 — Surah Ash-Shuara 26:111

അവര്‍ പറഞ്ഞു: "നിന്നെ പിന്‍പറ്റിയവരൊക്കെ താണവിഭാഗത്തില്‍ പെട്ടവരാണല്ലോ. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിന്നില്‍ വിശ്വസിക്കാനാകും?”

Verse 112 — Surah Ash-Shuara 26:112

അദ്ദേഹം പറഞ്ഞു: "അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്കെന്തറിയാം

Verse 113 — Surah Ash-Shuara 26:113

അവരുടെ വിചാരണ എന്റെ നാഥന്റെ മാത്രം ചുമതലയത്രെ. നിങ്ങള്‍ ബോധമുള്ളവരെങ്കില്‍ അതോര്‍ക്കുക

Verse 114 — Surah Ash-Shuara 26:114

സത്യവിശ്വാസികളെ ഞാനെന്തായാലും ആട്ടിയകറ്റുകയില്ല

Verse 115 — Surah Ash-Shuara 26:115

ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.”

Verse 116 — Surah Ash-Shuara 26:116

അവര്‍ പറഞ്ഞു: "നൂഹേ, നീയിതു നിര്‍ത്തുന്നില്ലെങ്കില്‍ നിശ്ചയമായും നിന്നെ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യും.”

Verse 117 — Surah Ash-Shuara 26:117

നൂഹ് പറഞ്ഞു: "എന്റെ നാഥാ, തീര്‍ച്ചയായും എന്റെ ജനത എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു

Verse 118 — Surah Ash-Shuara 26:118

അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീയൊരു നിര്‍ണായക തീരുമാനമെടുക്കേണമേ. എന്നെയും എന്റെ കൂടെയുള്ള സത്യവിശ്വാസികളെയും രക്ഷപ്പെടുത്തേണമേ.”

Verse 119 — Surah Ash-Shuara 26:119

അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും തിങ്ങിനിറഞ്ഞ ഒരു കപ്പലില്‍ നാം രക്ഷപ്പെടുത്തി

Verse 120 — Surah Ash-Shuara 26:120

പിന്നെ അതിനുശേഷം ബാക്കിയുള്ളവരെയൊക്കെ വെള്ളത്തില്‍ മുക്കിയാഴ്ത്തി

Verse 121 — Surah Ash-Shuara 26:121

തീര്‍ച്ചയായും അതില്‍ ജനങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല

Verse 122 — Surah Ash-Shuara 26:122

നിശ്ചയം നിന്റെ നാഥന്‍ തന്നെയാണ് പ്രതാപവാനും പരമകാരുണികനും

Verse 123 — Surah Ash-Shuara 26:123

ആദ് സമുദായം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു

Verse 124 — Surah Ash-Shuara 26:124

അവരുടെ സഹോദരന്‍ ഹൂദ് അവരോടു പറഞ്ഞതോര്‍ക്കുക: "നിങ്ങള്‍ ഭക്തരാവുന്നില്ലേ

Verse 125 — Surah Ash-Shuara 26:125

തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്

Verse 126 — Surah Ash-Shuara 26:126

അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിപുലര്‍ത്തുക. എന്നെ അനുസരിക്കുക

Verse 127 — Surah Ash-Shuara 26:127

ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്

Verse 128 — Surah Ash-Shuara 26:128

വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങള്‍ എല്ലാ കുന്നിന്‍മുകളിലും സ്മാരകസൌധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ

Verse 129 — Surah Ash-Shuara 26:129

നിങ്ങള്‍ക്ക് എക്കാലവും പാര്‍ക്കാനെന്നപോലെ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുകയാണോ

Verse 130 — Surah Ash-Shuara 26:130

നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്

Verse 131 — Surah Ash-Shuara 26:131

അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക

Verse 132 — Surah Ash-Shuara 26:132

അല്ലാഹു നിങ്ങളെ സഹായിച്ചതെങ്ങനെയെല്ലാമെന്ന് നിങ്ങള്‍ക്കു നന്നായറിയാമല്ലോ. അതിനാല്‍ നിങ്ങള്‍ അവനോട് ഭക്തിയുള്ളവരാവുക

Verse 133 — Surah Ash-Shuara 26:133

കന്നുകാലികളെയും മക്കളെയും നല്‍കി അവന്‍ നിങ്ങളെ സഹായിച്ചു

Verse 134 — Surah Ash-Shuara 26:134

തോട്ടങ്ങളും അരുവികളും തന്നു

Verse 135 — Surah Ash-Shuara 26:135

ഭയങ്കരമായ ഒരുനാളിലെ ശിക്ഷ നിങ്ങള്‍ക്കു വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.”

Verse 136 — Surah Ash-Shuara 26:136

അവര്‍ പറഞ്ഞു: "നീ ഉപദേശിക്കുന്നതും ഉപദേശിക്കാതിരിക്കുന്നതും ഞങ്ങള്‍ക്ക് ഒരേപോലെയാണ്

Verse 137 — Surah Ash-Shuara 26:137

ഞങ്ങള്‍ ഈ ചെയ്യുന്നതൊക്കെ പൂര്‍വികരുടെ പതിവില്‍ പെട്ടതാണ്

Verse 138 — Surah Ash-Shuara 26:138

ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.”

Verse 139 — Surah Ash-Shuara 26:139

അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ നാമവരെ നശിപ്പിച്ചു. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല

Verse 140 — Surah Ash-Shuara 26:140

നിശ്ചയം നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവുമാണ്

Verse 141 — Surah Ash-Shuara 26:141

സമൂദ് സമുദായം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു

Verse 142 — Surah Ash-Shuara 26:142

അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തരാവുന്നില്ലേ

Verse 143 — Surah Ash-Shuara 26:143

തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കയക്കപ്പെട്ട വിശ്വസ്തനായ ദൈവദൂതനാണ്

Verse 144 — Surah Ash-Shuara 26:144

അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക

Verse 145 — Surah Ash-Shuara 26:145

ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥനില്‍ നിന്ന് മാത്രമാണ്

Verse 146 — Surah Ash-Shuara 26:146

അല്ലാ, ഇവിടെ ഇക്കാണുന്നതിലൊക്കെ നിര്‍ഭയമായി യഥേഷ്ടം വിഹരിക്കാന്‍ നിങ്ങളെ വിട്ടേക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്

Verse 147 — Surah Ash-Shuara 26:147

അതായത് ഈ തോട്ടങ്ങളിലും അരുവികളിലും

Verse 148 — Surah Ash-Shuara 26:148

വയലുകളിലും പാകമായ പഴക്കുലകള്‍ നിറഞ്ഞ ഈന്തപ്പനത്തോപ്പുകളിലും

Verse 149 — Surah Ash-Shuara 26:149

നിങ്ങള്‍ ആര്‍ഭാടപ്രിയരായി പര്‍വതങ്ങള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു

Verse 150 — Surah Ash-Shuara 26:150

നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക

Verse 151 — Surah Ash-Shuara 26:151

അതിക്രമികളുടെ ആജ്ഞകള്‍ അനുസരിക്കരുത്

Verse 152 — Surah Ash-Shuara 26:152

ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണവര്‍. ഒരുവിധ സംസ്കരണവും വരുത്താത്തവരും.”

Verse 153 — Surah Ash-Shuara 26:153

അവര്‍ പറഞ്ഞു: "നീ മാരണം ബാധിച്ചവന്‍ തന്നെ

Verse 154 — Surah Ash-Shuara 26:154

നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. അതിനാല്‍ നീ എന്തെങ്കിലും അടയാളം കൊണ്ടുവരിക. നീ സത്യവാദിയെങ്കില്‍!”

Verse 155 — Surah Ash-Shuara 26:155

അദ്ദേഹം പറഞ്ഞു: "ഇതാ ഒരൊട്ടകം. നിശ്ചിത ദിവസം അതിനു വെള്ളം കുടിക്കാന്‍ അവസരമുണ്ട്. നിങ്ങള്‍ക്കും ഒരവസരമുണ്ട്

Verse 156 — Surah Ash-Shuara 26:156

നിങ്ങള്‍ അതിനെ ഒരു നിലക്കും ദ്രോഹിക്കരുത്. അങ്ങനെ ചെയ്താല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷ നിങ്ങളെ പിടികൂടും.”

Verse 157 — Surah Ash-Shuara 26:157

എന്നാല്‍ അവരതിനെ കശാപ്പ് ചെയ്തു. അങ്ങനെ അവര്‍ കടുത്ത ദുഃഖത്തിനിരയായി

Verse 158 — Surah Ash-Shuara 26:158

അതോടെ മുന്നറിയിപ്പ് നല്‍കപ്പെട്ട ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പ്പേരും വിശ്വാസികളായില്ല

Verse 159 — Surah Ash-Shuara 26:159

നിശ്ചയം നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്

Verse 160 — Surah Ash-Shuara 26:160

ലൂത്വിന്റെ ജനത ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു

Verse 161 — Surah Ash-Shuara 26:161

അവരുടെ സഹോദരന്‍ ലൂത്വ് അവരോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തരാവുന്നില്ലേ

Verse 162 — Surah Ash-Shuara 26:162

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്

Verse 163 — Surah Ash-Shuara 26:163

അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക

Verse 164 — Surah Ash-Shuara 26:164

ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്

Verse 165 — Surah Ash-Shuara 26:165

മാലോകരില്‍ കാമശമനത്തിന് വേണ്ടി നിങ്ങള്‍ പുരുഷന്മാരെ സമീപിക്കുകയാണോ

Verse 166 — Surah Ash-Shuara 26:166

നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ ഉപേക്ഷിക്കുകയും? നിങ്ങള്‍ പരിധിവിട്ട ജനംതന്നെ.”

Verse 167 — Surah Ash-Shuara 26:167

അവര്‍ പറഞ്ഞു: "ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും.”

Verse 168 — Surah Ash-Shuara 26:168

അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങളുടെ ഇത്തരം ചെയ്തികളെ വെറുക്കുന്ന കൂട്ടത്തിലാണ്

Verse 169 — Surah Ash-Shuara 26:169

എന്റെ നാഥാ! നീ എന്നെയും എന്റെ കുടുംബത്തെയും ഇവര്‍ ഈ ചെയ്തുകൊണ്ടിരിക്കുന്നതില്‍നിന്ന് രക്ഷിക്കേണമേ.”

Verse 170 — Surah Ash-Shuara 26:170

അവസാനം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷിച്ചു

Verse 171 — Surah Ash-Shuara 26:171

പിന്തിനിന്ന ഒരു കിഴവിയെ ഒഴികെ

Verse 172 — Surah Ash-Shuara 26:172

പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്ത് നാമാവശേഷമാക്കി

Verse 173 — Surah Ash-Shuara 26:173

അവരുടെമേല്‍ നാം ഒരുതരം മഴ വീഴ്ത്തി. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് കിട്ടിയ ആ മഴ എത്ര ഭീകരം

Verse 174 — Surah Ash-Shuara 26:174

തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല

Verse 175 — Surah Ash-Shuara 26:175

സംശയമില്ല, നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവും തന്നെ

Verse 176 — Surah Ash-Shuara 26:176

“ഐക്ക” നിവാസികള്‍ ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു

Verse 177 — Surah Ash-Shuara 26:177

ശുഐബ് അവരോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ദൈവത്തോടു ഭക്തിപുലര്‍ത്തുന്നില്ലേ

Verse 178 — Surah Ash-Shuara 26:178

ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായ വിശ്വസ്തനായ ദൈവദൂതനാണ്

Verse 179 — Surah Ash-Shuara 26:179

അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക

Verse 180 — Surah Ash-Shuara 26:180

ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശം മാത്രമാണ്

Verse 181 — Surah Ash-Shuara 26:181

നിങ്ങള്‍ അളവില്‍ തികവുവരുത്തുക. അളവില്‍ കുറവുവരുത്തുന്നവരില്‍ പെട്ടുപോകരുത്

Verse 182 — Surah Ash-Shuara 26:182

കൃത്യതയുള്ള തുലാസുകളില്‍ തൂക്കുക

Verse 183 — Surah Ash-Shuara 26:183

ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവുവരുത്തരുത്. നാട്ടില്‍ കുഴപ്പക്കാരായി വിഹരിക്കരുത്

Verse 184 — Surah Ash-Shuara 26:184

നിങ്ങളെയും മുന്‍തലമുറകളെയും സൃഷ്ടിച്ച അല്ലാഹുവോട് ഭക്തിയുള്ളവരാവുക.”

Verse 185 — Surah Ash-Shuara 26:185

അവര്‍ പറഞ്ഞു: "നീ മാരണം ബാധിച്ച ഒരുത്തന്‍ മാത്രമാണ്

Verse 186 — Surah Ash-Shuara 26:186

നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. കള്ളം പറയുന്നവനായാണ് നിന്നെ ഞങ്ങള്‍ കരുതുന്നത്

Verse 187 — Surah Ash-Shuara 26:187

ആകാശത്തിന്റെ ചില കഷണങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ വീഴ്ത്തുക, നീ സത്യവാദിയെങ്കില്‍.”

Verse 188 — Surah Ash-Shuara 26:188

അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് എന്റെ നാഥന്‍.”

Verse 189 — Surah Ash-Shuara 26:189

അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ കാര്‍മേഘം കുടപിടിച്ച നാളിന്റെ ശിക്ഷ അവരെ പിടികൂടി. ഭയങ്കരമായ ഒരു നാളിന്റെ ശിക്ഷ തന്നെയായിരുന്നു അത്

Verse 190 — Surah Ash-Shuara 26:190

തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല

Verse 191 — Surah Ash-Shuara 26:191

നിശ്ചയം, നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവുമാണ്

Verse 192 — Surah Ash-Shuara 26:192

തീര്‍ച്ചയായും ഇത് പ്രപഞ്ചനാഥനില്‍ നിന്ന് അവതരിച്ചുകിട്ടിയതാണ്

Verse 193 — Surah Ash-Shuara 26:193

വിശ്വസ്തനായ ആത്മാവാണ് അതുമായി ഇറങ്ങിയത്

Verse 194 — Surah Ash-Shuara 26:194

നിന്റെ ഹൃദയത്തിലാണിതിറക്കിത്തന്നത്. നീ താക്കീതു നല്‍കുന്നവരിലുള്‍പ്പെടാന്‍

Verse 195 — Surah Ash-Shuara 26:195

തെളിഞ്ഞ അറബിഭാഷയിലാണിത്

Verse 196 — Surah Ash-Shuara 26:196

പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇതുണ്ട്

Verse 197 — Surah Ash-Shuara 26:197

ഇസ്രയേല്‍ മക്കളിലെ പണ്ഡിതന്മാര്‍ക്ക് അതറിയാം എന്നതുതന്നെ ഇവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലേ

Verse 198 — Surah Ash-Shuara 26:198

നാമിത് അനറബികളില്‍ ആര്‍ക്കെങ്കിലുമാണ് ഇറക്കിക്കൊടുത്തതെന്ന് കരുതുക

Verse 199 — Surah Ash-Shuara 26:199

അങ്ങനെ അയാളത് അവരെ വായിച്ചുകേള്‍പ്പിച്ചുവെന്നും; എന്നാലും അവരിതില്‍ വിശ്വസിക്കുമായിരുന്നില്ല

Verse 200 — Surah Ash-Shuara 26:200

അവ്വിധം നാമിതിനെ കുറ്റവാളികളുടെ ഹൃദയങ്ങളില്‍ കടത്തിവിട്ടിരിക്കുന്നു

Verse 201 — Surah Ash-Shuara 26:201

നോവേറിയശിക്ഷ കാണുംവരെ അവരിതില്‍ വിശ്വസിക്കുകയില്ല

Verse 202 — Surah Ash-Shuara 26:202

അവരറിയാത്ത നേരത്ത് വളരെ പെട്ടെന്നായിരിക്കും അതവരില്‍ വന്നെത്തുക

Verse 203 — Surah Ash-Shuara 26:203

അപ്പോഴവര്‍ പറയും: "ഞങ്ങള്‍ക്കൊരിത്തിരി അവധി കിട്ടുമോ?”

Verse 204 — Surah Ash-Shuara 26:204

എന്നിട്ടും ഇക്കൂട്ടര്‍ നമ്മുടെ ശിക്ഷ കിട്ടാനാണോ ഇത്ര ധൃതികൂട്ടുന്നത്

Verse 205 — Surah Ash-Shuara 26:205

നീ ചിന്തിച്ചുനോക്കിയോ: നാം അവര്‍ക്ക് കൊല്ലങ്ങളോളം കഴിയാന്‍ ആവശ്യമായ സുഖസൌകര്യങ്ങള്‍ നല്‍കിയെന്നുവെക്കുക

Verse 206 — Surah Ash-Shuara 26:206

പിന്നീട് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷ അവരില്‍ വന്നെത്തിയെന്നും

Verse 207 — Surah Ash-Shuara 26:207

എന്നാലും അവര്‍ക്കു സുഖിച്ചുകഴിയാന്‍ നല്‍കിയ സൌകര്യം അവര്‍ക്കൊട്ടും ഉപകരിക്കുമായിരുന്നില്ല

Verse 208 — Surah Ash-Shuara 26:208

മുന്നറിയിപ്പുകാരനെ അയച്ചിട്ടല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല

Verse 209 — Surah Ash-Shuara 26:209

അവരെ ഉദ്ബോധിപ്പിക്കാനാണിത്. നാം ആരോടും ഒട്ടും അതിക്രമം കാണിക്കുന്നവനല്ല

Verse 210 — Surah Ash-Shuara 26:210

ഈ ഖുര്‍ആന്‍ ഇറക്കിക്കൊണ്ടുവന്നത് പിശാചുക്കളല്ല

Verse 211 — Surah Ash-Shuara 26:211

അതവര്‍ക്കു ചേര്‍ന്നതല്ല. അവര്‍ക്കതൊട്ടു സാധ്യവുമല്ല

Verse 212 — Surah Ash-Shuara 26:212

അവരിത് കേള്‍ക്കുന്നതില്‍ നിന്നുപോലും അകറ്റിനിര്‍ത്തപ്പെട്ടവരാണ്

Verse 213 — Surah Ash-Shuara 26:213

അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചുപ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീയും ശിക്ഷാര്‍ഹരില്‍പെടും

Verse 214 — Surah Ash-Shuara 26:214

നീ നിന്റെ അടുത്തബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക

Verse 215 — Surah Ash-Shuara 26:215

നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക

Verse 216 — Surah Ash-Shuara 26:216

അഥവാ, അവര്‍ നിന്നെ ധിക്കരിക്കുകയാണെങ്കില്‍ പറയുക: "നിങ്ങള്‍ ചെയ്യുന്നതിനൊന്നും ഞാനുത്തരവാദിയല്ല.”

Verse 217 — Surah Ash-Shuara 26:217

പ്രതാപിയും ദയാപരനുമായ അല്ലാഹുവില്‍ ഭരമേല്‍പിക്കുക

Verse 218 — Surah Ash-Shuara 26:218

നീ നിന്നു പ്രാര്‍ഥിക്കുംനേരത്ത് നിന്നെ കാണുന്നവനാണവന്‍

Verse 219 — Surah Ash-Shuara 26:219

സാഷ്ടാംഗം പ്രണമിക്കുന്നവരില്‍ നിന്റെ ചലനങ്ങള്‍ കാണുന്നവനും

Verse 220 — Surah Ash-Shuara 26:220

തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്

Verse 221 — Surah Ash-Shuara 26:221

പിശാചുക്കള്‍ വന്നിറങ്ങുന്നത് ആരിലാണെന്ന് നാം നിങ്ങളെ അറിയിച്ചുതരട്ടെയോ

Verse 222 — Surah Ash-Shuara 26:222

തനി നുണയന്മാരും കുറ്റവാളികളുമായ എല്ലാവരിലുമാണ് പിശാച് വന്നിറങ്ങുന്നത്

Verse 223 — Surah Ash-Shuara 26:223

അവര്‍ പിശാചുക്കളുടെ വാക്കുകള്‍ കാതോര്‍ത്ത് കേള്‍ക്കുന്നു. അവരിലേറെപ്പേരും കള്ളംപറയുന്നവരാണ്

Verse 224 — Surah Ash-Shuara 26:224

വഴിപിഴച്ചവരാണ് കവികളെ പിന്‍പറ്റുന്നത്

Verse 225 — Surah Ash-Shuara 26:225

നീ കാണുന്നില്ലേ; അവര്‍ സകല താഴ്വരകളിലും അലഞ്ഞുതിരിയുന്നത്

Verse 226 — Surah Ash-Shuara 26:226

തങ്ങള്‍ ചെയ്യാത്തത് പറയുന്നതും

Verse 227 — Surah Ash-Shuara 26:227

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ദൈവത്തെ ധാരാളമായി സ്മരിക്കുകയും തങ്ങള്‍ അക്രമിക്കപ്പെട്ടശേഷം അതിനെ നേരിടുക മാത്രം ചെയ്തവരുമൊഴികെ. അതിക്രമികള്‍ അടുത്തുതന്നെ അറിയും, തങ്ങള്‍ മാറിമറിഞ്ഞ് ഏതൊരു പരിണതിയിലാണ് എത്തുകയെന്ന്