Back to Languages

Malayalam - Chapter 37 - As-Saffat

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah As-Saffat 37:1

അണിയണിയായി നിരന്നുനില്‍ക്കുന്നവര്‍ സത്യം

Verse 2 — Surah As-Saffat 37:2

പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ സത്യം

Verse 3 — Surah As-Saffat 37:3

എന്നിട്ടു കീര്‍ത്തനം ചൊല്ലുന്നവര്‍ സത്യം

Verse 4 — Surah As-Saffat 37:4

തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്

Verse 5 — Surah As-Saffat 37:5

ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍

Verse 6 — Surah As-Saffat 37:6

അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു

Verse 7 — Surah As-Saffat 37:7

ധിക്കാരിയായ ഏതു ചെകുത്താനില്‍നിന്നും അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു

Verse 8 — Surah As-Saffat 37:8

അത്യുന്നത സഭയിലെ സംസാരം ചെവികൊടുത്തുകേള്‍ക്കാന്‍ ഈ ചെകുത്താന്മാര്‍ക്കാവില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടും

Verse 9 — Surah As-Saffat 37:9

ബഹിഷ്കൃതരായിക്കൊണ്ട്‌; അവര്‍ക്ക് അറുതിയില്ലാത്ത ശിക്ഷയുണ്ട്

Verse 10 — Surah As-Saffat 37:10

എന്നാല്‍, അവരിലാരെങ്കിലും അതില്‍നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ തീക്ഷ്ണമായ തീജ്ജ്വാല അവനെ പിന്തുടരും

Verse 11 — Surah As-Saffat 37:11

അതിനാല്‍ നീ അവരോട് ചോദിക്കുക: ഇവരെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ? തീര്‍ച്ചയായും നാമിവരെ സൃഷ്ടിച്ചത് പറ്റിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ്

Verse 12 — Surah As-Saffat 37:12

എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു

Verse 13 — Surah As-Saffat 37:13

അവരെ ഉപദേശിച്ചാലും അവരതേക്കുറിച്ചാലോചിക്കുന്നില്ല

Verse 14 — Surah As-Saffat 37:14

ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവരതിനെ പുച്ഛിച്ചുതള്ളുന്നു

Verse 15 — Surah As-Saffat 37:15

അവര്‍ പറയുന്നു: "ഇതു പ്രകടമായ ജാലവിദ്യ തന്നെ

Verse 16 — Surah As-Saffat 37:16

നാം മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ

Verse 17 — Surah As-Saffat 37:17

നമ്മുടെ പൂര്‍വ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ

Verse 18 — Surah As-Saffat 37:18

പറയുക: അതെ. അങ്ങനെ സംഭവിക്കും. നിങ്ങളന്ന് പറ്റെ പതിതരായിത്തീരും

Verse 19 — Surah As-Saffat 37:19

അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണുതുറന്ന് നോക്കുന്നവരായിത്തീരും

Verse 20 — Surah As-Saffat 37:20

അവര്‍ പറയും: "അയ്യോ, നമുക്ക് നാശം! ഇത് പ്രതിഫലത്തിന്റെ ദിനം തന്നെ

Verse 21 — Surah As-Saffat 37:21

അതെ, നിങ്ങള്‍ തള്ളിപ്പറഞ്ഞ ആ വിധിത്തീര്‍പ്പിന്റെ ദിനം തന്നെയാണിത്

Verse 22 — Surah As-Saffat 37:22

അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക

Verse 23 — Surah As-Saffat 37:23

അല്ലാഹുവെക്കൂടാതെ; എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക" എന്ന കല്‍പനയുണ്ടാകും

Verse 24 — Surah As-Saffat 37:24

അവരെയൊന്ന് നിര്‍ത്തൂ അവരെ ചോദ്യം ചെയ്യേണ്ടതുണ്ട്

Verse 25 — Surah As-Saffat 37:25

അല്ല; നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ

Verse 26 — Surah As-Saffat 37:26

എന്നാല്‍ അവരിന്ന് കീഴൊതുങ്ങിയവരായിരിക്കും

Verse 27 — Surah As-Saffat 37:27

അവര്‍ ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും

Verse 28 — Surah As-Saffat 37:28

അനുയായികള്‍ പറയും: "നിങ്ങള്‍ നന്മ ചമഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ

Verse 29 — Surah As-Saffat 37:29

നേതാക്കള്‍ മറുപടി പറയും: "നിങ്ങള്‍ സ്വയംതന്നെ സത്യവിശ്വാസികളായിരുന്നില്ല

Verse 30 — Surah As-Saffat 37:30

ഞങ്ങള്‍ക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ലല്ലോ. എന്നല്ല; നിങ്ങള്‍ സ്വയംതന്നെ അതിക്രമികളായ ജനമായിരുന്നു

Verse 31 — Surah As-Saffat 37:31

അങ്ങനെ നമ്മുടെ നാഥന്റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്

Verse 32 — Surah As-Saffat 37:32

അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ സ്വയം വഴിപിഴച്ചവരായിരുന്നു

Verse 33 — Surah As-Saffat 37:33

നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും

Verse 34 — Surah As-Saffat 37:34

ഉറപ്പായും കുറ്റവാളികളോട് നാം അങ്ങനെതന്നെയാണ് ചെയ്യുക

Verse 35 — Surah As-Saffat 37:35

“അല്ലാഹുവല്ലാതെ ദൈവമില്ലെ”ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു

Verse 36 — Surah As-Saffat 37:36

അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ

Verse 37 — Surah As-Saffat 37:37

എന്നാല്‍ സത്യവുമായാണ് അദ്ദേഹം വന്നെത്തിയത്. ദൈവദൂതന്മാരെയെല്ലാം അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്

Verse 38 — Surah As-Saffat 37:38

തീര്‍ച്ചയായും നിങ്ങള്‍ നോവേറിയ ശിക്ഷ അനുഭവിക്കേണ്ടവര്‍ തന്നെ

Verse 39 — Surah As-Saffat 37:39

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമേ നിങ്ങള്‍ക്കു നല്‍കുകയുള്ളൂ

Verse 40 — Surah As-Saffat 37:40

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ

Verse 41 — Surah As-Saffat 37:41

അവര്‍ക്കാണ് അറിയപ്പെട്ട വിഭവങ്ങളുള്ളത്

Verse 42 — Surah As-Saffat 37:42

പലതരം പഴങ്ങള്‍. അവരവിടെ ആദരണീയരുമായിരിക്കും

Verse 43 — Surah As-Saffat 37:43

അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍

Verse 44 — Surah As-Saffat 37:44

മഞ്ചങ്ങളില്‍ അഭിമുഖമായി ഇരിക്കുന്നവരായിരിക്കും അവര്‍

Verse 45 — Surah As-Saffat 37:45

സവിശേഷമായ ഉറവുവെള്ളം നിറച്ച കോപ്പകള്‍ അവര്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരിക്കും

Verse 46 — Surah As-Saffat 37:46

വെളുത്തതും കുടിക്കുന്നവര്‍ക്ക് അത്യധികം ആസ്വാദ്യകരവുമായ പാനീയം

Verse 47 — Surah As-Saffat 37:47

അത് ദേഹത്തിനൊട്ടും ദോഷംവരുത്തില്ല. അതുവഴി അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല

Verse 48 — Surah As-Saffat 37:48

അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ കുലീനകളുണ്ടായിരിക്കും

Verse 49 — Surah As-Saffat 37:49

സൂക്ഷിക്കപ്പെട്ട മുട്ടകള്‍ പോലിരിക്കും അവര്‍

Verse 50 — Surah As-Saffat 37:50

അവര്‍ പരസ്പരം അഭിമുഖീകരിച്ച് അന്യോന്യം അന്വേഷിച്ചുകൊണ്ടിരിക്കും

Verse 51 — Surah As-Saffat 37:51

അവരിലൊരാള്‍ പറയും: "തീര്‍ച്ചയായും എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു

Verse 52 — Surah As-Saffat 37:52

അവന്‍ ചോദിക്കാറുണ്ടായിരുന്നു: “നീ പരലോകത്തെ ശരിവെക്കുന്നവനാണോ

Verse 53 — Surah As-Saffat 37:53

“നാം മരിച്ച് മണ്ണും എല്ലുമായി മാറിയാലും നമുക്ക് നമ്മുടെ കര്‍മഫലം കിട്ടുമെന്ന വാദത്തെ അംഗീകരിക്കുന്നവനും

Verse 54 — Surah As-Saffat 37:54

തുടര്‍ന്ന് അയാള്‍ പറയും: "നിങ്ങള്‍ ആ സത്യനിഷേധിയെ എത്തിനോക്കുന്നുണ്ടോ

Verse 55 — Surah As-Saffat 37:55

അങ്ങനെ അദ്ദേഹമവനെ എത്തിനോക്കും. അപ്പോള്‍ നരകത്തിന്റെ നടുവിലവനെ കാണും

Verse 56 — Surah As-Saffat 37:56

അദ്ദേഹമവനോട് പറയും: "അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ

Verse 57 — Surah As-Saffat 37:57

എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞാനും നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു

Verse 58 — Surah As-Saffat 37:58

ഇനി നമുക്ക് മരണമില്ലല്ലോ

Verse 59 — Surah As-Saffat 37:59

നമ്മുടെ ആദ്യത്തെ ആ മരണമല്ലാതെ. ഇനി നാം ശിക്ഷിക്കപ്പെടുകയുമില്ല

Verse 60 — Surah As-Saffat 37:60

തീര്‍ച്ചയായും ഇതുതന്നെയാണ് മഹത്തായ വിജയം

Verse 61 — Surah As-Saffat 37:61

ഇതുപോലുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നവരൊക്കെയും ശ്രമിക്കേണ്ടത്

Verse 62 — Surah As-Saffat 37:62

ഇതോ അതോ സഖൂം മരമോ ഏതാണ് ഉത്തമമായ സല്‍ക്കാരം

Verse 63 — Surah As-Saffat 37:63

തീര്‍ച്ചയായും നാമതിനെ അക്രമികള്‍ക്കൊരു പരീക്ഷണമാക്കിയിരിക്കുന്നു

Verse 64 — Surah As-Saffat 37:64

നരകത്തിന്റെ അടിത്തട്ടില്‍നിന്ന് മുളച്ചുപൊങ്ങുന്ന മരമാണത്

Verse 65 — Surah As-Saffat 37:65

അതിന്റെ കുലകള്‍ ചെകുത്താന്മാരുടെ തലകള്‍ പോലിരിക്കും

Verse 66 — Surah As-Saffat 37:66

നരകവാസികള്‍ അത് തിന്നും. അങ്ങനെ അതുകൊണ്ട് അവര്‍ വയറ് നിറക്കും

Verse 67 — Surah As-Saffat 37:67

തുടര്‍ന്ന് അവര്‍ക്ക് അതിനുമീതെ കുടിക്കാന്‍ ചുട്ടുപൊള്ളുന്ന വെള്ളമാണ് കിട്ടുക

Verse 68 — Surah As-Saffat 37:68

പിന്നെ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തീയിലേക്കുതന്നെ

Verse 69 — Surah As-Saffat 37:69

സംശയമില്ല; അവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് തീര്‍ത്തും വഴിപിഴച്ചവരായാണ്

Verse 70 — Surah As-Saffat 37:70

എന്നിട്ടും അവര്‍ ആ പൂര്‍വികരുടെ കാല്‍പ്പാടുകള്‍ തന്നെ താല്‍പര്യത്തോടെ പിന്തുടര്‍ന്നു

Verse 71 — Surah As-Saffat 37:71

അവര്‍ക്കുമുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു

Verse 72 — Surah As-Saffat 37:72

അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു

Verse 73 — Surah As-Saffat 37:73

നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്

Verse 74 — Surah As-Saffat 37:74

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ

Verse 75 — Surah As-Saffat 37:75

നൂഹ് നമ്മോട് പ്രാര്‍ഥിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍

Verse 76 — Surah As-Saffat 37:76

അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു

Verse 77 — Surah As-Saffat 37:77

അദ്ദേഹത്തിന്റെ സന്തതികളെ നാം ഭൂമിയില്‍ ബാക്കിയാക്കി

Verse 78 — Surah As-Saffat 37:78

പിന്നാലെ വന്നവരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി

Verse 79 — Surah As-Saffat 37:79

മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം

Verse 80 — Surah As-Saffat 37:80

തീര്‍ച്ചയായും അവ്വിധമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക

Verse 81 — Surah As-Saffat 37:81

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാണ്

Verse 82 — Surah As-Saffat 37:82

പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു

Verse 83 — Surah As-Saffat 37:83

ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്റാഹീം

Verse 84 — Surah As-Saffat 37:84

ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം

Verse 85 — Surah As-Saffat 37:85

അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ചു: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്

Verse 86 — Surah As-Saffat 37:86

അല്ലാഹുവെക്കൂടാതെ വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്

Verse 87 — Surah As-Saffat 37:87

അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്

Verse 88 — Surah As-Saffat 37:88

പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി

Verse 89 — Surah As-Saffat 37:89

എന്നിട്ടിങ്ങനെ പറഞ്ഞു: "എനിക്കു സുഖമില്ല

Verse 90 — Surah As-Saffat 37:90

അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞുപോയി

Verse 91 — Surah As-Saffat 37:91

അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തിന്നുന്നില്ലേ

Verse 92 — Surah As-Saffat 37:92

നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ

Verse 93 — Surah As-Saffat 37:93

പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്റെ വലംകൈകൊണ്ട് അവയെ വെട്ടിവീഴ്ത്തി

Verse 94 — Surah As-Saffat 37:94

ആളുകള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുത്തു

Verse 95 — Surah As-Saffat 37:95

അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്

Verse 96 — Surah As-Saffat 37:96

അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്

Verse 97 — Surah As-Saffat 37:97

അവര്‍ പരസ്പരം പറഞ്ഞു: "ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക

Verse 98 — Surah As-Saffat 37:98

അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി

Verse 99 — Surah As-Saffat 37:99

ഇബ്റാഹീം പറഞ്ഞു: "ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും

Verse 100 — Surah As-Saffat 37:100

എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ

Verse 101 — Surah As-Saffat 37:101

അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു

Verse 102 — Surah As-Saffat 37:102

ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്." അവന്‍ പറഞ്ഞു: "എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം

Verse 103 — Surah As-Saffat 37:103

അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി

Verse 104 — Surah As-Saffat 37:104

അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: "ഇബ്റാഹീമേ

Verse 105 — Surah As-Saffat 37:105

സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു." അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്

Verse 106 — Surah As-Saffat 37:106

ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു

Verse 107 — Surah As-Saffat 37:107

നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി

Verse 108 — Surah As-Saffat 37:108

പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു

Verse 109 — Surah As-Saffat 37:109

ഇബ്റാഹീമിനു സമാധാനം

Verse 110 — Surah As-Saffat 37:110

ഇവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്

Verse 111 — Surah As-Saffat 37:111

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു

Verse 112 — Surah As-Saffat 37:112

അദ്ദേഹത്തെ നാം, സച്ചരിതരില്‍പെട്ട പ്രവാചകനാകാന്‍ പോകുന്ന ഇസ്ഹാഖിന്റെ ജനനത്തെ സംബന്ധിച്ചും ശുഭവാര്‍ത്ത അറിയിച്ചു

Verse 113 — Surah As-Saffat 37:113

അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടുതന്നെ വ്യക്തമായ അതിക്രമം ചെയ്യുന്നവരുമുണ്ട്

Verse 114 — Surah As-Saffat 37:114

നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു

Verse 115 — Surah As-Saffat 37:115

അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി

Verse 116 — Surah As-Saffat 37:116

അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായിത്തീര്‍ന്നു

Verse 117 — Surah As-Saffat 37:117

അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്‍കി

Verse 118 — Surah As-Saffat 37:118

ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു

Verse 119 — Surah As-Saffat 37:119

പിന്മുറക്കാരില്‍ നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി

Verse 120 — Surah As-Saffat 37:120

മൂസായ്ക്കും ഹാറൂന്നും സമാധാനം

Verse 121 — Surah As-Saffat 37:121

അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്

Verse 122 — Surah As-Saffat 37:122

അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില്‍ പെട്ടവരായിരുന്നു

Verse 123 — Surah As-Saffat 37:123

സംശയമില്ല; ഇല്‍യാസും ദൈവദൂതന്മാരിലൊരാളാണ്

Verse 124 — Surah As-Saffat 37:124

അദ്ദേഹം തന്റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ

Verse 125 — Surah As-Saffat 37:125

നിങ്ങള്‍ ബഅ്ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയാണോ? ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടികര്‍ത്താവിനെ ഉപേക്ഷിക്കുകയും

Verse 126 — Surah As-Saffat 37:126

നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും നാഥനായ അല്ലാഹുവെ

Verse 127 — Surah As-Saffat 37:127

അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാലവര്‍ ശിക്ഷയ്ക്ക് കൊണ്ടുവരപ്പെടും; തീര്‍ച്ച

Verse 128 — Surah As-Saffat 37:128

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ

Verse 129 — Surah As-Saffat 37:129

പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നാം നിലനിര്‍ത്തി

Verse 130 — Surah As-Saffat 37:130

ഇല്‍യാസിന് സമാധാനം

Verse 131 — Surah As-Saffat 37:131

അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്

Verse 132 — Surah As-Saffat 37:132

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു

Verse 133 — Surah As-Saffat 37:133

ലൂത്വും ദൈവദൂതരിലൊരുവന്‍തന്നെ

Verse 134 — Surah As-Saffat 37:134

അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മുഴുവന്‍ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി

Verse 135 — Surah As-Saffat 37:135

പിറകില്‍ മാറിനിന്ന ഒരു കിഴവിയെ ഒഴികെ

Verse 136 — Surah As-Saffat 37:136

പിന്നെ മറ്റുള്ളവരെയെല്ലാം നാം നശിപ്പിച്ചു

Verse 137 — Surah As-Saffat 37:137

തീര്‍ച്ചയായും നിങ്ങള്‍ പ്രഭാതവേളയില്‍ അവരുടെ അരികിലൂടെ കടന്നുപോകുന്നു

Verse 138 — Surah As-Saffat 37:138

വൈകുന്നേരവും. എന്നിട്ടും നിങ്ങളൊന്നും ചിന്തിച്ചറിയുന്നില്ലേ

Verse 139 — Surah As-Saffat 37:139

സംശയമില്ല; യൂനുസും ദൈവദൂതന്മാരിലൊരുവന്‍ തന്നെ

Verse 140 — Surah As-Saffat 37:140

ഭാരംനിറച്ച കപ്പലിലേക്ക് അദ്ദേഹം ഒളിച്ചുകയറിയതോര്‍ക്കുക

Verse 141 — Surah As-Saffat 37:141

അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി

Verse 142 — Surah As-Saffat 37:142

അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു

Verse 143 — Surah As-Saffat 37:143

അദ്ദേഹം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍

Verse 144 — Surah As-Saffat 37:144

നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു

Verse 145 — Surah As-Saffat 37:145

പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു

Verse 146 — Surah As-Saffat 37:146

അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു

Verse 147 — Surah As-Saffat 37:147

അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു

Verse 148 — Surah As-Saffat 37:148

അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കി

Verse 149 — Surah As-Saffat 37:149

നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: "നിന്റെ നാഥന്ന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്

Verse 150 — Surah As-Saffat 37:150

അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ

Verse 151 — Surah As-Saffat 37:151

അറിയുക: അവരിപ്പറയുന്നത് അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ പെട്ടതാണ്

Verse 152 — Surah As-Saffat 37:152

“അല്ലാഹു മക്കളെ ജനിപ്പിച്ചു”വെന്നത്. സംശയമില്ല; അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്

Verse 153 — Surah As-Saffat 37:153

അല്ലാഹു തനിക്കായി ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തെന്നോ

Verse 154 — Surah As-Saffat 37:154

നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്നത്

Verse 155 — Surah As-Saffat 37:155

നിങ്ങള്‍ ചിന്തിച്ചറിയുന്നില്ലേ

Verse 156 — Surah As-Saffat 37:156

അതല്ലെങ്കില്‍ നിങ്ങളുടെ വശം വ്യക്തമായ വല്ല പ്രമാണവുമുണ്ടോ

Verse 157 — Surah As-Saffat 37:157

എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആ രേഖയിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍

Verse 158 — Surah As-Saffat 37:158

ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു. എന്നാല്‍ ജിന്നുകള്‍ക്കറിയാം; തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്

Verse 159 — Surah As-Saffat 37:159

അവരാരോപിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്

Verse 160 — Surah As-Saffat 37:160

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ ഇവരില്‍പെട്ടവരല്ല

Verse 161 — Surah As-Saffat 37:161

എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും

Verse 162 — Surah As-Saffat 37:162

അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല

Verse 163 — Surah As-Saffat 37:163

കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ

Verse 164 — Surah As-Saffat 37:164

നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരുംതന്നെ ഞങ്ങളിലില്ല

Verse 165 — Surah As-Saffat 37:165

തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിന്നവരാണ്

Verse 166 — Surah As-Saffat 37:166

നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്

Verse 167 — Surah As-Saffat 37:167

ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു

Verse 168 — Surah As-Saffat 37:168

മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍

Verse 169 — Surah As-Saffat 37:169

ഞങ്ങള്‍ അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളാകുമായിരുന്നു

Verse 170 — Surah As-Saffat 37:170

എന്നിട്ടും അവരിതിനെ തള്ളിപ്പറയുകയാണുണ്ടായത്. അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും

Verse 171 — Surah As-Saffat 37:171

ദൂതന്മാരായി അയച്ച നമ്മുടെ ദാസന്മാരുടെ കാര്യത്തില്‍ നമ്മുടെ കല്‍പന നേരത്തെ വന്നുകഴിഞ്ഞിട്ടുണ്ട്

Verse 172 — Surah As-Saffat 37:172

ഉറപ്പായും അവര്‍ക്ക് സഹായം ലഭിക്കു"മെന്ന്

Verse 173 — Surah As-Saffat 37:173

തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍

Verse 174 — Surah As-Saffat 37:174

അതിനാല്‍ ഒരവധിവരെ നീ അവരില്‍ നിന്ന് മാറിനില്‍ക്കുക

Verse 175 — Surah As-Saffat 37:175

അവരെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും

Verse 176 — Surah As-Saffat 37:176

നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ ഇവരിങ്ങനെ തിടുക്കം കൂട്ടുന്നത്

Verse 177 — Surah As-Saffat 37:177

എന്നാല്‍ ആ ശിക്ഷ അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും

Verse 178 — Surah As-Saffat 37:178

അതിനാല്‍ ഒരവധിവരെ അവരില്‍നിന്ന് മാറിനില്‍ക്കുക

Verse 179 — Surah As-Saffat 37:179

നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും

Verse 180 — Surah As-Saffat 37:180

പ്രതാപിയായ നിന്റെ നാഥന്‍, അവരാരോപിക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്

Verse 181 — Surah As-Saffat 37:181

ദൈവദൂതന്മാര്‍ക്ക് സമാധാനം

Verse 182 — Surah As-Saffat 37:182

പ്രപഞ്ചനാഥനായ അല്ലാഹുവിന് സ്തുതി