Back to Languages

Malayalam - Chapter 79 - An-Naziat

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah An-Naziat 79:1

മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം

Verse 2 — Surah An-Naziat 79:2

സൌമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം

Verse 3 — Surah An-Naziat 79:3

ശക്തിയായി നീന്തുന്നവ സത്യം

Verse 4 — Surah An-Naziat 79:4

എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം

Verse 5 — Surah An-Naziat 79:5

കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം

Verse 6 — Surah An-Naziat 79:6

ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം

Verse 7 — Surah An-Naziat 79:7

അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും

Verse 8 — Surah An-Naziat 79:8

അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും

Verse 9 — Surah An-Naziat 79:9

അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും

Verse 10 — Surah An-Naziat 79:10

അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ

Verse 11 — Surah An-Naziat 79:11

നാം നുരുമ്പിയ എല്ലുകളായ ശേഷവും?”

Verse 12 — Surah An-Naziat 79:12

അവര്‍ ഘോഷിക്കുന്നു: "എങ്കിലതൊരു തുലഞ്ഞ തിരിച്ചു പോക്കു തന്നെ.”

Verse 13 — Surah An-Naziat 79:13

എന്നാല്‍ അതൊരു ഘോര ശബ്ദം മാത്രമായിരിക്കും

Verse 14 — Surah An-Naziat 79:14

അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും

Verse 15 — Surah An-Naziat 79:15

മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ

Verse 16 — Surah An-Naziat 79:16

വിശുദ്ധമായ ത്വുവാ താഴ്വരയില്‍ വെച്ച് തന്റെ നാഥന്‍ അദ്ദേഹത്തെ വിളിച്ചു കല്പിച്ചതോര്‍ക്കുക

Verse 17 — Surah An-Naziat 79:17

നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു

Verse 18 — Surah An-Naziat 79:18

എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ

Verse 19 — Surah An-Naziat 79:19

“ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?”

Verse 20 — Surah An-Naziat 79:20

മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു

Verse 21 — Surah An-Naziat 79:21

അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു

Verse 22 — Surah An-Naziat 79:22

പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു

Verse 23 — Surah An-Naziat 79:23

അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു

Verse 24 — Surah An-Naziat 79:24

അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്‍

Verse 25 — Surah An-Naziat 79:25

അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍

Verse 26 — Surah An-Naziat 79:26

നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്

Verse 27 — Surah An-Naziat 79:27

നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി

Verse 28 — Surah An-Naziat 79:28

അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു

Verse 29 — Surah An-Naziat 79:29

അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു

Verse 30 — Surah An-Naziat 79:30

അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി

Verse 31 — Surah An-Naziat 79:31

ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു

Verse 32 — Surah An-Naziat 79:32

മലകളെ ഉറപ്പിച്ചു നിര്‍ത്തി

Verse 33 — Surah An-Naziat 79:33

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി

Verse 34 — Surah An-Naziat 79:34

എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍

Verse 35 — Surah An-Naziat 79:35

മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം

Verse 36 — Surah An-Naziat 79:36

കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍

Verse 37 — Surah An-Naziat 79:37

അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും

Verse 38 — Surah An-Naziat 79:38

ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ

Verse 39 — Surah An-Naziat 79:39

അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച

Verse 40 — Surah An-Naziat 79:40

എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവി നെ ശാരീരികേഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ

Verse 41 — Surah An-Naziat 79:41

ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്

Verse 42 — Surah An-Naziat 79:42

ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്

Verse 43 — Surah An-Naziat 79:43

നീ അതേക്കുറിച്ച് എന്തുപറയാനാണ്

Verse 44 — Surah An-Naziat 79:44

അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ

Verse 45 — Surah An-Naziat 79:45

നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം

Verse 46 — Surah An-Naziat 79:46

അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും